വടകര: രാജ്യത്തിന്റെ സമ്പത്ത് ഉപയോഗപ്പെടുത്തിയുള്ള വിദ്യാഭ്യാസം സമൂഹത്തോട് പ്രതിബദ്ധതയുള്ള, ദേശസ്‌നേഹികളെ സൃഷ്ടിക്കുന്നതാകണമെന്ന് പാലക്കാട് വിക്ടോറിയ കോളേജ് റിട്ട. പ്രിന്‍സിപ്പല്‍ ഡോ. ടി.എന്‍. സരസു. അഭിപ്രായപ്പെട്ടു. എങ്കില്‍ മാത്രമേ വളര്‍ന്നു വരുന്ന യുവത്വത്തിന് നാടിനെ മുന്നോട്ടു നയിക്കാന്‍ സാധിക്കുകയുള്ളൂവെന്നും അവര്‍ പറഞ്ഞു. ബാലഗോകുലം സംസ്ഥാന ഭഗിനി ശില്പശാലയുടെ ഭാഗമായി വടകര കോട്ടപ്പറമ്പില്‍ നടന്ന സ്ത്രീശാക്തീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവര്‍.
ഇന്നത്തെ യുവത്വം സ്വത്വം നഷ്ടപ്പെട്ട അവസ്ഥയിലാണ്. മൂല്യാധിഷ്ടിത വിദ്യാഭ്യാസത്തിന്റെ അഭാവമാണ് ഇതിനു കാരണം. ദേശീയ ഗാനത്തോടുപോലും അവഗണന കാണിക്കുന്ന അവസ്ഥ ഇന്നുണ്ട്. ഇതിനു കാരണം ഭാരത പൈതൃകം മറന്നുകൊണ്ടുള്ള പ്രവര്‍ത്തനമാണ്. ഇതില്‍ നിന്ന് നമ്മുടെ ഭരണാധികാരികള്‍ക്കോ, സമൂഹത്തിനോ ഒഴിഞ്ഞു മാറാന്‍ സാധിക്കില്ല. വഴിമാറിപ്പോകുന്ന യുവസമൂഹത്തെ നാടിന്റെ മുഖ്യധാരയിലെത്തിക്കാന്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തന പദ്ധതികള്‍ക്ക് സാധിക്കുമെന്നും ബാലഗോകുലത്തെയാണ് ഭാരതത്തിലെ യുവത്വം മാതൃകയാക്കേണ്ടതെന്നും അവര്‍ കൂട്ടിച്ചേര്‍ ത്തു.
രാഷ്‌ട്രപതിഭവന്‍ റിട്ട. മീഡിയ അണ്ടര്‍ സെക്രട്ടറി പി. രതി ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ആര്‍. പ്രസന്ന കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. 2016 ലെ മികച്ച എന്‍എസ്എസ് കേഡറ്റായി തെരഞ്ഞെടുക്ക പ്പെട്ട സരിഗ പി ആനന്ദിനെ ബാലഗോകുലം സംസ്ഥാന അധ്യക്ഷന്‍ കെ.പി. ബാബുരാജ് അനുമോദിച്ചു. ബാലഗോകുലം സംസ്ഥാന ഭഗിനി പ്രമുഖ് ഡോ. ആശാ ഗോപാലകൃഷ്ണന്‍ സംസാരിച്ചു. സംസ്ഥാന കാര്യദര്‍ശി സ്മിതാ വത്സലന്‍ സ്വാഗതവും, സ്വാഗതസംഘം പൊതുകാര്യദര്‍ശി രജനീഷ്ബാബു നന്ദിയും പറഞ്ഞു.
















