പത്തനംതിട്ട : തപാല്‍ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ജില്ലാതല സ്റ്റാമ്പ് പ്രദര്‍ശനം ജനുവരി 24, 25 തീയതികളില്‍ പത്തനംതിട്ട കിഴക്കേടത്ത് മറിയം കോംപ്ളക്സില്‍ നടക്കും.
പത്തനംതിട്ട തപാല്‍ ഡിവിഷനിലെയും പുനലൂര്‍ സബ് ഡിവിഷനിലെയും വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സ്റ്റാമ്പ് ശേഖരണത്തിന്റെ പ്രാധാന്യം വിദ്യാര്‍ത്ഥികളില്‍ എത്തിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്. ലോകരാജ്യങ്ങളിലെ വ്യത്യസ്ഥമായ സംസ്കാരങ്ങള്‍, കലകള്‍, ജീവിത രീതികള്‍, പ്രകൃതി ഭംഗി, മഹത് വ്യക്തികള്‍, ചരിത്ര പ്രാധാന്യം മുതലായവ ആശയപരമായി പ്രതിഫലിപ്പിക്കുന്ന ബഹുവര്‍ണ്ണങ്ങളിലുള്ള തപാല്‍ സ്റ്റാമ്പുകളെ അടുത്തറിയുന്നതിനും പഠിക്കുന്നതിനുമുള്ള അവസരമായിരിക്കും പ്രദര്‍ശനമെന്ന് സൂപ്രണ്ട് ആര്. വേണുനാഥന് പിള്ള പത്രസമ്മേളനത്തില്‍ പറഞ്ഞു. വളരെ പഴക്കമുള്ളതും സുലഫമല്ലാത്തതുമായ സ്റ്റാമ്പുകള്‍ മൂല്യമേറിയവയാണ്. ലോകത്തിന്റെ ആദ്യ സ്റ്റാമ്പായ ‘പെന്നി ബ്ളാക്ക്’ തുടങ്ങിയ അപൂര്‍വ്വയിനം സ്റ്റാമ്പുകളുടെ കലവറ പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.
കേരളത്തിലെ പ്രമുഖരായ ഫിലാറ്റലിസ്റ്റുകളുടെ സ്റ്റാമ്പുകളുടെ പ്രദര്‍ശനം, അത്യപൂര്‍വ്വങ്ങളായ സ്റ്റാമ്പിനങ്ങളുടെ മത്സരങ്ങള്‍, ഫിലാറ്റലിക് ക്വിസ്, വര്‍ക്ക്ഷോപ്പ്, കുട്ടികളുടെ ചിത്രരചനാ മത്സരം, കത്തെഴുത്ത് മത്സരം എന്നിയും സംഘടിപ്പിച്ചിട്ടുണ്ട്. മാരാമണ്‍ കണ്വന്ഷന്, പുനലൂര്‍ തൂക്കുപാലം തുടങ്ങിയ അനവധി പ്രാഥാന്യമര്ഹിക്കുന്ന ചിത്രങ്ങള്‍ ആലേഖനം ചെയ്ത പ്രത്യേക പതാല്‍ കവറുകളുടെ പ്രകാശനം, അടവി കുട്ടവഞ്ചി, കോന്നി ആനക്കൂട്, പുനലൂര്‍ തൂക്കുപാലം എന്നിവയുള്ള പ്രത്യേക സ്റ്റാമ്പ് ക്യാന്സലേഷന്, ഫിലാറ്റലിക് ഉല്പന്നങ്ങളുടെ വില്പന എന്നിവയ്ക്ക് പുറമെ തിരഞ്ഞെടുക്കപ്പെട്ട തപാല്‍ സ്റ്റാമ്പുകള്‍ക്കൊപ്പം നമ്മുടെയോ നമ്മുക്ക് ഇഷ്ടപ്പെടുന്ന വ്യക്തികളുടെയോ ചിത്രം പ്രിന്റ് ചെയ്ത ലഭിക്കുന്ന ‘മൈ സ്റ്റാമ്പ്’ പദ്ധതിയും ഒരുക്കുന്നുണ്ട്. സ്പെഷ്യല്‍ ക്യാന്സലേഷന് ചെയ്ത കവറുകള്‍ പത്ത് രൂപ നിരക്കില്‍ ലഭിക്കും. പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ജനുവരി അഞ്ചിന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04682 222255, 9496735345, 9447207114. പ്രവേശനം സൗജന്യമായിരിക്കും. ഡി. സുരേഷ് കുമാര്‍, തോമസ് അലക്സാണ്ടര്‍, രാജു തോമസ്, എന്‍.ബീന എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: