പത്തനംതിട്ട: ജില്ലയില്‍ അരുവാപ്പുലം, നാറാണംമൂഴി ഗ്രാമപ്പഞ്ചായത്തുകളില്‍ ഭുഗര്‍ഭ ജലനിരപ്പ് ക്രമാതീതമായി താഴുന്നതായി പഠനങ്ങള്‍.
ജിയോളജി, ഹൈഡ്രോജിയോളജി റിമോട്ട് സെന്സിങ,് റോക്ക് സ്ട്രക്ചറുകള്‍, ഭൂഗര്‍ഭ ജല റീച്ചാര്‍ജിങ് തുടങ്ങിയവയെക്കുറിച്ച് നടത്തിയ പഠനത്തിലാണ് ഇത് സംബന്ധിച്ച കാര്യങ്ങള്‍ വ്യക്തമാവുന്നത്. മഴയുടെ കാര്യമായ കുറവുണ്ടായതും ജില്ലയിലെ ജനജീവിതത്തെ സാരമായി ബാധിച്ചു. കോന്നി താലൂക്കില്‍ കൈത്തോടുകളും ചെറിയ ജലാശയങ്ങളും വരെ വറ്റിവരണ്ടതോടെ കുടിവെള്ളത്തിനായി പല ഗ്രാമങ്ങളിലെയും ജനങ്ങള്‍ വിദൂര പ്രദേശങ്ങളെ ആശ്രയിക്കുന്നതിന് തുടങ്ങി. മലയോര വനാന്തര ഗ്രാമപ്രദേശങ്ങളില്‍ വന്യ മൃഗങ്ങളുടെ ആക്രമണങ്ങളും ജനജീവിതത്തെ ബാധിക്കുന്നുണ്ട്.
ഉള്‍വനങ്ങളിലെ ജലസ്രോതസ്സുകള്‍ വറ്റിവരണ്ടതോടെ കുടിവെള്ളവും ആഹാരവും തേടി വന്യമൃഗങ്ങള്‍ കാടുവിട്ടിറങ്ങുന്നതാണ് ജനജീവിതത്തെ പ്രതികൂലമായി ബാധിച്ചു തുടങ്ങിയത്. മലയോര ഗ്രാമങ്ങളെ ബന്ധിപ്പിച്ച് നടപ്പാക്കിയിട്ടുള്ള പല കുടിവെള്ള പദ്ധതികളിലും ആവശ്യാനുസരണം വെള്ളമെത്തുന്നുമില്ല. തണ്ണിത്തോട്ടിലൂടെ കടന്നുപോവുന്ന കല്ലാര്‍ നദിയുടെ മിക്കഭാഗങ്ങളും വറ്റിവരണ്ട അവസ്ഥയിലാണ്. തണ്ണിത്തോട്, തേക്കുതോടി, തലമാനം, മണ്ണീറ, അതുമ്പുംകുളം, പയ്യനാമണ്‍ തുടങ്ങിയ പ്രദേശങ്ങളിലെല്ലാം കുടിവെള്ളക്ഷാമം രൂക്ഷമായിട്ടുണ്ട്. മലയോര ഗ്രാമങ്ങളിലെ ഉയര്‍ന്ന പ്രദേശങ്ങളില്‍ ടാങ്കര്‍ ലോറികളിലും കന്നാസുകളിലുമാണ് വെള്ളമെത്തിക്കുന്നത്. കൃഷിയെ ആശ്രയിച്ച് ഉപജീവനം നടത്തുന്നവരും പ്രതിസന്ധിയിലാണ്. വാഴ ഉള്‍പ്പെടെയുള്ള കൃഷിയിടങ്ങളെയാണ് കടുത്ത വേനല്‍ച്ചൂട് ബാധിച്ചിട്ടുള്ളത്. മലയോര പ്രദേശങ്ങള്‍ക്കു പിന്നാലെ കോന്നി, പ്രമാടം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളിലും കുടിവെള്ള ക്ഷാമം കൂടിവരികയാണ്. പഞ്ചായത്തുകളുടെ മേല്‍നോട്ടത്തില്‍ ചെറുകിട ജലസേചന പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും മെച്ചപ്പെട്ട രീതിയിലല്ല ഇവയുടെ പ്രവര്‍ത്തനമെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്.
ജല അതോറിറ്റിയുടെ പൈപ്പുകള്‍ പല പ്രദേശങ്ങളിലും പൊട്ടി വെള്ളം പാഴാവുന്നത് തടയാനും നടപടി സ്വീകരിച്ചിട്ടില്ല. ഇതിന് പുറമെയാണ് കുടിവെള്ള വിതരണ പ്രധാന പൈപ്പ് പൊട്ടി വെള്ളം നഷ്ടപ്പെടുന്നത്. പൈപ്പ് പൊട്ടുമ്പോഴും ഇവ മാറ്റി സ്ഥാപിക്കാന്‍ അധികൃതര്‍ തയാറായിട്ടില്ല. പൊതുമരാമത്ത് റോഡുകളോടു ചേര്‍ന്ന് സ്ഥാപിച്ചിട്ടുള്ള പൊതുടാപ്പുകളും അറ്റകുറ്റപ്പണികള്‍ നടക്കാത്തതിനാല്‍ വെള്ളം നഷ്ടപ്പെടുന്നതിനു കാരണമാവുന്നു. മലയോര പ്രദേശങ്ങളിലെ ഉള്‍പ്പെടെ ജലക്ഷാമം പരിഹരിക്കാന്‍ ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ വേണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. പ്രദേശത്തെ അനധികൃത മണ്ണെടുപ്പും വയല്‍ നികത്തലുമാണ് കുടിവെള്ളക്ഷാമത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കുന്നത്. പൊതുകുളങ്ങളും ജലാശയങ്ങളും നിര്‍മിച്ച് ജലശേഖരണത്തിന് കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കാന്‍ അധികൃതരും തയ്യാറായിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: