മാനസിക വൈകല്യം ബാധിച്ചവരെ വേണ്ടത്ര പരിഗണന നല്‍കാതെ അവഗണിക്കുകയെന്നതാണ് സമൂഹത്തിന്റെ പൊതുവായ പ്രവണത. സ്നേഹവും പരിചരണവും കരുതലും അവര്‍ക്കും ആവശ്യമാണെന്ന കാര്യം വിസ്മരിക്കപ്പെടുന്നു. എങ്കിലും മനസ്സില്‍ കാരുണ്യം വറ്റാത്ത ഒരുകൂട്ടം ആളുകള്‍ ഇവര്‍ക്ക് തുണയായി എവിടെയെങ്കിലും ഉണ്ടാകുമെന്നത് ആശ്വാസമാണ്. മുംബൈയിലെ ഓം ക്രിയേഷന്‍സ് ട്രസ്റ്റ് മാനസിക വൈകല്യം ബാധിച്ച യുവതിക്കള്ക്കുവേണ്ടിയുള്ള പരിശീലന കേന്ദ്രമാണ്. പതിനായിരത്തിലേറെപ്പേര്‍ക്ക് മാന്യതയോടെയുള്ള ജീവിതം പണിതുയര്‍ത്താന്‍ സഹായിച്ചു, ഓം ക്രിയേഷന്‍സ് ട്രസ്റ്റ്. ഈ ട്രസ്റ്റിന് തുടക്കമിട്ടതാവാട്ടെ ഒരു ഡോക്ടറുടെ നിശ്ചയദാര്‍ഢ്യവും.
25 വര്‍ഷം മുമ്പ് ഡോ. രാധിക ഖന്നയുടെ മനസ്സില്‍ പിറവിയെടുത്ത ആശയമാണ് ഓം ക്രിയേഷന്‍സിലൂടെ യാഥാര്‍ത്ഥ്യമായത്. മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വേണ്ടിയാണ് രാധിക ജീവിതം മാറ്റിവച്ചിരിക്കുന്നത്. സമൂഹത്തിന്റെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടിരിക്കുന്ന അത്തരക്കാര്‍ക്കും അന്തസോടെ സമൂഹത്തില്‍ ജീവിക്കാന്‍ സാധിക്കണം എന്നതാണ് രാധികയുടെ കാഴ്ചപ്പാട്.
കോളേജ് വിദ്യാര്‍ത്ഥിനിയായിരുന്ന സമയത്ത്, മാനസിക വൈകല്യം ബാധിച്ച കുട്ടികളുടെ സ്കൂളില്‍ സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്ക് പോകുന്നത് പതിവായിരുന്നു രാധിക. അവിടുത്തെ കുട്ടികളുമായി വേഗത്തില്‍ അടുപ്പം സ്ഥാപിക്കുന്നതില്‍ രാധിക വിജയിച്ചു. ഇക്കാര്യം ശ്രദ്ധയില്‍പ്പെട്ട കോളേജ് പ്രിന്‍സിപ്പലാണ് ആ മേഖലയിലൂന്നി പ്രവര്‍ത്തിക്കാന്‍ പ്രേരണയായത്.
ഇടയ്ക്ക് അക്രമാസക്തരാവുകയും ഒരിടത്ത് അടങ്ങിയിരിക്കാന്‍ വിസമ്മതിക്കുകയും ചെയ്യുന്ന കുട്ടികളുടെ കൈയില്‍ ചായപ്പെന്സിലുകള് നല്കിയാല്, തിരികെ അവരെത്തുക മനോഹരമായ ഏതെങ്കിലും കലാസൃഷ്ടികള്‍ കൊണ്ടാവും. ആ തിരിച്ചറിവാണ് അവരെ കലയുടെ ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകാന്‍ രാധികയ്ക്ക് ആത്മവിശ്വാസം നല്‍കിയത്. അക്കങ്ങളും അക്ഷരങ്ങളും പഠിപ്പിക്കുന്നതിന് പകരം അവരെ കല പഠിപ്പിക്കാന്‍ തീരുമാനിക്കുന്നതും അതിനാലാണ്- രാധിക പറയുന്നു.
സ്പെഷ്യല്‍ എജ്യൂക്കേഷനില്‍ ഡോക്ടറേറ്റ് നേടിയ ശേഷം 1991 ലാണ് ഓം ക്രിയേഷന്‍സിന് തുടക്കമിട്ടത്. അവരുടെ ജീവസന്ധാരണത്തിനാവശ്യമായ വക കണ്ടെത്താന്‍ അവര്‍ക്കും പ്രാപ്തിയുണ്ടെന്ന് തെളിയിച്ചുകൊടുക്കേണ്ടത് അത്യാവശ്യമായിരുന്നു. പക്ഷെ അതിനാവശ്യമായ സൗകര്യങ്ങള്‍ ഇല്ലായിരുന്നു. അതുകൊണ്ട് അഞ്ചുവര്‍ഷം നീണ്ടുനില്‍ക്കുന്ന ഡിപ്ലോമ കോഴ്സ് മാനസിക വൈകല്യമുള്ള പെണ്‍കുട്ടികള്‍ക്കുവേണ്ടി വികസിപ്പിച്ചെടുത്തു. ഇതില്‍ പരിശീലനക്കളരികള്‍, ആശയവിനിമയ പാഠങ്ങള്‍, ചിത്രരചന, ശില്പ നിര്‍മാണം, പാചകം, ചോക്ലേറ്റ് നിര്‍മാണം തുടങ്ങിയവ ഉള്‍പ്പെടുത്തി. ഡിപ്ലോമ പൂര്‍ത്തിയാക്കിയവര്‍ക്ക് ഓം ക്രിയേഷന്‍സിലേക്ക് െൈധര്യപൂര്വ്വം കടന്നുചെല്ലാം. അവിടെ അവര്‍ക്ക് വൈദഗ്ദ്ധ്യം നേടിയ മേഖല തിരഞ്ഞെടുക്കാം. ജോലി ചെയ്യാം. ചിലര്‍ പുറത്തുപോയി പഠിച്ച വിദ്യ പ്രാവര്‍ത്തികമാക്കുന്നു.
ഓം ക്രിയേഷന്‍സിന്റെ ഒട്ടനവധി ഉത്പന്നങ്ങളാണ് ഇന്ന് വിപണി കണ്ടെത്തുന്നത്. പതിനായിരത്തിലേറെ യുവതികളാണ് ഇന്ന് ഈ ട്രസ്റ്റിനൊപ്പം സ്വന്തം ജീവിതത്തേയും മുന്നോട്ട് നയിക്കുന്നത്. കല എന്നത് ഒരര്‍ത്ഥത്തില്‍ മരുന്നുകളില്ലാത്ത മാനസിക ചികിത്സ തന്നെയാണെന്ന് രാധിക പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: