മുംബൈ: മഹാരാഷ്‌ട്രയില്‍ നക്‌സലുകള്‍ 75 ട്രക്കുകള്‍ തീവച്ചു നശിപ്പിച്ചു. മഹാരാഷ്‌ട്രയുടെ കിഴക്കന്‍ ജില്ലയായ ഗഡ്ചിരോലിയിലെ സുരാജ്ഗഢിലാണ് സംഭവം. പ്രദേശത്തെ ഒരു മൈനിംഗ് കമ്പനിയുടെ 75 ട്രക്കുകളും 3 അനുബന്ധ വാഹനങ്ങളുമാണ് സംഘടിച്ചെത്തിയ 400 മുതല്‍ അഞ്ഞൂറോളം അംഗസംഖ്യ വരുന്ന നക്‌സലൈറ്റുകളും, അവരുടെ അനുഭാവികളും ചേര്‍ന്ന് അഗ്‌നിക്കിരയാക്കിയത്. അവിടെ ജോലി ചെയ്തിരുന്ന തൊഴിലാളികളെയും മൂന്നു മണിക്കൂറോളം നക്‌സലൈറ്റുകള്‍ ബന്ദികളാക്കി വച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
അതേസമയം ഇതു വരെ ആരെയും അറസ്റ്റ് ചെയ്യാന്‍ പൊലീസിനു കഴിഞ്ഞിട്ടില്ല. സംസ്ഥാനത്ത് നക്‌സല്‍ ഭീകരത ഏറ്റവുമധികം ബാധിച്ചിരിക്കുന്ന സ്ഥലമാണ് ഈ പ്രദേശം.
പ്രദേശത്തെ ആദിവാസികളുടെ പിന്തുണയോടെയാണ് ഇവിടെ നക്‌സലൈറ്റുകള്‍ ആക്രമണമഴിച്ചു വിട്ടതെന്നാണ് കരുതപ്പെടുന്നത്. സംഭവത്തേക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















