ഇരിങ്ങാലക്കുട : കൗണ്‍സില്‍ നടക്കവേ നഗരസഭാ സെക്രട്ടറിക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയ കൗണ്‍സിലര്‍ കുര്യന് ജോസഫിനെ കൊണ്ട് കൗണ്‍സിലില്‍ സെക്രട്ടറി മാപ്പു പറയിപ്പിച്ചു. ഫയല്‍ ഒപ്പിടാതെ സെക്രട്ടറി മൂന്നാറില്‍ കറങ്ങി നടക്കുകയാണെന്ന പരാമര്‍ശത്തിനെതിരെ നഗരസഭാ സെക്രട്ടറി ബീന എസ് കുമാര്‍ വനിതാ കമ്മീഷനില്‍ പരാതി നല്‍കുമെന്ന് പറഞ്ഞതോടെയാണ് ഗത്യന്തരമില്ലാതെ കുര്യന് ജോസഫ് കൗണ്‍സിലില്‍ മാപ്പു പറഞ്ഞത്. കുര്യന് ജോസഫിന്റെ പ്രസ്താവന മോശമായിപ്പോയെന്ന് പ്രതിപക്ഷ അംഗങ്ങളും കുറ്റപ്പെടുത്തി.
വെള്ളിയാഴ്ച ചേര്‍ന്ന കൗണ്‍സിലില്‍ വാര്‍ഡുകളില്‍ വഴിവിളക്കുകള്‍ കത്താത്തതിനെതിരെ പ്രതിപക്ഷം പ്ലക്കാര്‍ഡുകളേന്തി ബഹളം വച്ചിരുന്നു. എന്നാല്‍ സെക്രട്ടറിയാണ് അതിനുത്തരവാദി എന്ന തരത്തില്‍ കുര്യന് ജോസഫ് പ്രതിപക്ഷ ബഹളത്തെ നേരിടാനൊരുങ്ങി. തുടക്കം മുതലേ സെക്രട്ടറിക്കെതിരെ പല തവണ കുര്യന് ജോസഫ് മോശമായ പരാമര്‍ശങ്ങള്‍ നടത്തിയിരുന്നു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയില്‍ മോശമായ പദപ്രയോഗങ്ങള്‍ വന്നതോട് കൂടിയാണ് സെക്രട്ടറി കുര്യന് ജോസഫിനെതിരെ ആഞ്ഞടിച്ചത്. സ്ത്രീയെന്ന നിലക്ക് തന്നെ പരസ്യമായി അപമാനിച്ച കുര്യന് ജോസഫിനെതിരെ വനിതാ കമ്മീഷനില്‍ സെക്രെട്ടറി പരാതി നല്‍കുമെന്ന് പറഞ്ഞതോടെ ഭരണപക്ഷത്തെ പലരും കുര്യന് ജോസഫിനെ പിന്തുണക്കുന്നത് നിര്‍ത്തുകയും മറ്റു വഴികളില്ലാതെ കുര്യന് ജോസഫ് കൗണ്‍സില്‍ മുന്‍പാകെ മാപ്പു പറയുകയുമാണുണ്ടായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: