തൃശൂര്‍: മുന്‍ സെക്രട്ടറി കെ.എം.ബഷീറിനെ സസ്പെന്‍ഡ് ചെയ്യുന്നതിന് മന്ത്രിക്കും, വകുപ്പ് സെക്രട്ടറിക്കും നല്കിയ പരാതിയില്‍ ഡെപ്യൂട്ടിമേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, കൗണ്‍സിലര്‍ അനൂപ് ഡേവീസ് കാട എന്നിവര്‍ കള്ളയൊപ്പിട്ടത് സംബന്ധിച്ച് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് കോര്പ്പറേഷന് കൗണ്‍സില്‍ യോഗത്തില്‍ പ്രതിപക്ഷ പ്രതിഷേധം. ആവശ്യം ഭരണപക്ഷം തള്ളി. ബി.ജെ.പി അംഗങ്ങള്‍ സമാന്തര കൗണ്‍സില്‍ ചേര്‍ന്ന് പ്രതിഷേധിച്ചു. കോണ്‍ഗ്രസ് അംഗങ്ങള്‍ ഇറങ്ങിപ്പോയി.
കൗണ്‍സില്‍ ആരംഭിച്ച ഉടനെ പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ.എം.കെ.മുകുന്ദന് കള്ളയൊപ്പ് വിവാദത്തില്‍ സഭയുടെ അന്തസ് കാക്കണമെന്നും, സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. സര്‍ക്കാര്‍തലത്തില്‍ അന്വേഷണം നടക്കുന്നുണ്ടെന്നും ഇരുവരും വിശദീകരണം നല്‍കിയിട്ടുണ്ടെന്നും കൗണ്‍സില്‍ യോഗത്തില്‍ ചര്‍ച്ച ആവശ്യമില്ലെന്നും മേയര്‍ പറഞ്ഞു. അന്വേഷണം വേണമെന്ന വാദത്തില്‍ പ്രതിപക്ഷം ഉറച്ചു നിന്നതോടെ വിശദീകരണവുമായി ഡെപ്യൂട്ടി മേയര്‍ എഴുന്നേറ്റു. നോട്ട് വിഷയത്തില്‍ ബോംബു പൊട്ടുമെന്ന് പറഞ്ഞ രാഹുലിന്റെ ചെവിയില്‍ പ്രധാനമന്ത്രി സ്വകാര്യം പറഞ്ഞതോടെ കാറ്റുപോയതാണ് തനിക്ക് ഓര്‍മ്മവരുന്നതെന്ന് വര്‍ഗീസ് കണ്ടംകുളത്തി പ്രതിപക്ഷാംഗങ്ങളെ പരിഹസിച്ചു.
ആവശ്യമെങ്കില്‍ പ്രതിപക്ഷത്തിനോ, അംഗങ്ങള്‍ക്കോ പോലീസിലോ മറ്റ് ഏജന്‍സികളിലോ പരാതിപ്പെടാമെന്ന് ഡെപ്യൂട്ടി മേയര്‍ പറഞ്ഞതോടെ പ്രതിപക്ഷം ഇറങ്ങിപ്പോവുകയാണെന്ന് പ്രഖ്യാപിച്ചു. ഇതിനിടയില്‍ ബി.ജെ.പി അംഗം വി.രാവുണ്ണി ചര്‍ച്ചക്കായി എഴുന്നേറ്റുവെങ്കിലും അജണ്ടയിലേക്ക് കടക്കാന്‍ മേയര്‍ നിര്‍ദ്ദേശം നല്‍കിയതോടെ അജണ്ട വായിച്ചു തുടങ്ങി. ഇറങ്ങിപ്പോക്കിന് ശേഷം തിരികെ വന്ന അംഗങ്ങള്‍ വിഷയങ്ങള്‍ ഇനിയും ചര്‍ച്ച ചെയ്യാനുണ്ടെന്നും, അജണ്ടയില്‍ ചര്‍ച്ച വേണമെന്നും ആവശ്യപ്പെട്ടുവെങ്കിലും അനുവദിച്ചില്ല. പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടെ അജണ്ട നമ്പരുകള്‍ വായിച്ച് അംഗീകരിച്ച് മേയര്‍ കൗണ്‍സില്‍ യോഗം പിരിച്ചുവിട്ടു. കോര്‍പ്പറേഷനില്‍ ജനാധിപത്യധ്വംസനമാണ് നടക്കുന്നതെന്നും അജണ്ടയില്‍ പോലും ചര്ച്ചയനുവദിക്കാതെയുള്ള നടപടി പ്രതിഷേധാര്‍ഹമാണെന്ന് എം.എസ്.സമ്പൂര്‍ണ്ണ പറഞ്ഞു. കേവല ഭൂരിപക്ഷമില്ലാതെ സി.പി.എം ഗുണ്ടായിസം നടത്തുകയാണെന്ന് കോണ്‍ഗ്രസിലെ ജോണ്‍ ഡാനിയേല്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: