തിരുവനന്തപുരം: എന്‍എച്ച്‌ആര്‍എം ഉള്‍പ്പെടുന്ന സംസ്ഥാന ആരോഗ്യ സൊസൈറ്റിയില്‍ വ്യാപകമായ ക്രമക്കേടും ധൂര്‍ത്തും നടക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ഓഡിറ്റ് റിപ്പോര്‍ട്ട്. എന്‍ആര്‍എച്ച്‌എമ്മിന്റെ വിവിധ പദ്ധതികളിലായി 242 കോടി 75 ലക്ഷം രൂപ ചെലവഴിക്കാതെ കിടക്കുന്നുവെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു.
എന്‍ആര്‍എച്ച്‌എം ഫണ്ട് വഴി വാങ്ങിയ ഉപകരണങ്ങള്‍ പലതും ഉപയോഗ യോഗ്യമല്ലാതെ കിടക്കുകയാണ്. ഹിന്ദുസ്ഥാന്‍ പ്രീഫാബ് ലിമിറ്റഡിനെ ഏല്‍പ്പിച്ച പല നിര്‍മാണ പ്രവര്‍ത്തനങ്ങളും പ്രത്യേക കാരണങ്ങളില്ലാതെ വൈകിയാണ് നടക്കുന്നത്. ചില കരാറുകളില്‍ ക്രമക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു.
മാതൃ-ശിശു പരിചരണം, പ്രതിരോധ കുത്തിവയ്പ് മേഖലകളില്‍ കേരളം ഇനിയും ഏറെ മെച്ചപ്പെടാനുണ്ടെന്നും ഇതിനായി കര്‍മ പദ്ധതികള്‍ ഉണ്ടാകുന്നില്ലെന്നും ഓഡിറ്റ് റിപ്പോര്‍ട്ടില്‍ പറയുന്നു. 108 ആംബുലന്‍സുകള്‍ സംസ്ഥാന വ്യാപകമാക്കാനുള്ള പദ്ധതി എങ്ങും എത്തിയിട്ടില്ല. സര്‍വ്വീസ് നടത്തുന്ന ആംബുലന്‍സുകളുടെ കാര്യത്തില്‍ പിടിപ്പുകേടുമുണ്ട്. ഓഫീസിലെ പല ജീവനക്കാരുടെയും വിമാനയാത്ര സ്വകാര്യ ഏജന്‍സി വഴി സ്വകാര്യ എയര്‍ ലൈനുകളിലായിരുന്നു. ഇത് സര്‍ക്കാരിന് നഷ്ടം വരുത്തിയിട്ടുണ്ട്.
പലപ്പോഴും ട്രെയിന്‍, വിമാന ടിക്കറ്റുകള്‍ റദ്ദാക്കിയതും സര്‍ക്കാരിന് നഷ്ടമുണ്ടാക്കി. ക്രമവിരുദ്ധമായി ഉദ്യോഗസ്ഥര്‍ക്ക് വില കൂടിയ മൊബൈല്‍ ഫോണുകള്‍ നല്‍കിയതും മൊബൈല്‍ ബില്‍ തുക നല്‍കിയതും സര്‍ക്കാരിന്റെ ചട്ടങ്ങള്‍ക്ക് വിരുദ്ധമായാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: