കാസര്‍കോട്: ഭവന നിര്‍മ്മാണ പദ്ധതിയില്‍ അഴിമതി നടത്തിയ വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ നൈമുനീസയെ നഗരസഭ ഭരണത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രി കുണ്ടാര്‍ ആവശ്യപ്പെട്ടു. ബിജെപി കാസര്‍കോട് മുനിസിപ്പല്‍ കമ്മറ്റി നഗരസഭയിലേക്ക് നടത്തി മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇരുപത്തി അയ്യായിരം രൂപ വീതം 60 പേര്‍ക്ക് അനുവദിച്ച തുകയില്‍ നിന്ന് ആളോഹരി നാലായിരം രൂപ വീതം കൗണ്‍സിലറായ നൈമുനീസ വാങ്ങിയെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. കൂടാതെ നിരവധി അനര്‍ഹരെ ബവന പദ്ധതിയുടെ ഗുണഭോക്തൃ പട്ടികയില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. സാമൂഹ്യ മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച് പരാമര്‍ശങ്ങള്‍ ഉണ്ടായതിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ ദിവസം വിജിലന്‍സ് സംഘം കാസര്‍കോട് നഗരസഭയില്‍ പരിശോധന നടത്തിയിരുന്നു.
വിജിലന്‍സ് അന്വേഷണം അവസാനിക്കുന്നത് വരെ അവരെ തല്‍സ്ഥാനത്ത് നിന്ന് നീക്കം ചെയ്യണം. അഴിമതിക്കാരെ വെച്ച് നഗരസഭ ഭരണം മുന്നോട്ട് കൊണ്ടു പോകാനാണ് മുസ്ലിം ലീഗ് നേതൃത്വത്തിന്റെ ശ്രമമെങ്കില്‍ നൈമുനീസ പങ്കെടുക്കുന്ന യോഗങ്ങളില്‍ ബിജെപി ശക്തമായ ജനാധിപത്യ രീതിയിലുള്ള പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന് രവീശ തന്ത്രി കൂട്ടിച്ചേര്‍ത്തു. ജനകീയാസൂത്രണ സങ്കല്‍പ്പങ്ങളെ തന്നെ അട്ടിമറിച്ചു കൊണ്ടുള്ള ഒരു ഭരണമാണ് വര്‍ഷങ്ങളായി കാസര്‍കോട് നഗരസഭയില്‍ മുസ്ലിം ലീഗ് നേതൃത്വം നടത്തുന്നതെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയും നഗരസഭ പ്രതിപക്ഷ നേതാവുമായ പി.രമേശ് പറഞ്ഞു. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ ഉന്നതിയിലേക്ക് ഉയര്‍ത്തുന്നതിന് പകരം അനര്‍ഹര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുകയാണ് ലീഗ് ഭരണത്തിലൂടെ നടക്കുന്നത്. ജില്ലയിലെ ലീഗിന്റെ ഒരു പ്രമുഖ നേതാവിന്റെ നേതൃത്വത്തിലാണ് നഗരത്തിലെ നിരവധി വ്യാപാര സ്ഥാപനങ്ങള്‍ പാര്‍ക്കിംഗ് സ്ഥലം കയ്യേറി കച്ചവടം നടത്തുന്നത്. ജില്ലാ ഭരണകൂടം ഇടപെട്ടിട്ട് പോലും ഇതിനെതിരെ ചെറുവിരല്‍ പോലും അനക്കാന്‍ സാധിച്ചിട്ടില്ല. നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ കളക്ടര്‍ ഇടപെട്ട് ചര്‍ച്ച ചെയ്ത് തയ്യാറാക്കിയ ഗതാഗത പരിഷ്കരണം ലീഗിന്റെ ശക്തമായെതിര്പ്പിനെ തുടര്‍ന്ന് ഒരുമാസം കഴിഞ്ഞിട്ടും നടപ്പാക്കാതെ കിടക്കുകയാണ്. ഇത്തരത്തില്‍ നിരവധി അഴിമതികള്‍ക്കാണ് കാസര്‍കോട് നഗരസരം സാക്ഷ്യം വഹിച്ച് കൊണ്ടിരിക്കുന്നത്. അഴിമതിക്കാരെ നഗരസഭയില്‍ നിന്ന് പുറത്താക്കുന്നത് വരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമെന്ന് രമേശ് കൂട്ടിച്ചേര്‍ത്തു.
ബിജെപി കാസര്‍കോട് നഗരസഭ അദ്ധ്യക്ഷന്‍ സതീഷ് അണങ്കൂര്‍ അദ്ധ്യക്ഷത വഹിച്ചു. ന്യൂനപക്ഷമോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ മുനീര്‍ ഉപ്പള, ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് അഡ്വ.സദാനന്ദ റൈ, യുവമോര്‍ച്ച ജില്ലാ സെക്രട്ടറി അഞ്ജു കടപ്പുറം, നഗരസഭ കൗണ്‍സിലര്‍മാരായ കെ.ജി.മനോഹരന്, പ്രേമ, ഉമ, അരുണ്‍ ഷെട്ടി, ശങ്കരന്, ശ്രീലത, സവിത ടീച്ചര്‍, ദുഗ്ഗപ്പ, ബിജെപി മുനിസിപ്പല്‍ കമ്മറ്റി ജനറല്‍ സെക്രട്ടറി ഗുരുപ്രസാദ് പ്രഭു തുടങ്ങിയവര്‍ പങ്കെടുത്തു. കറന്തക്കാട് ബിജെപി ജില്ലാ കമ്മറ്റി ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് നഗരസഭാ കവാടത്തില്‍ പോലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: