തിരുവനന്തപുരം: കലയും കാര്‍ക്കശ്യവും ലാളിത്യവും ഒരു പോലെ കോര്‍ത്തിണക്കിയതായിരുന്നു ജഗന്നാഥവര്‍മ്മയുടെ വ്യക്തി ജീവിതവും കലാജീവിതവും. കാരണവര്‍ സ്ഥാനത്തായിരുന്നു മിക്കവാറും സിനികളിലെ വേഷമെങ്കിലും ജഡ്ജിയുടെയും വികാരിയുടെയും രാഷ്ട്രീയക്കാരന്റെയും വേഷങ്ങളും തനിക്ക് നന്നേ തിളങ്ങുന്നതെന്ന് ജഗന്നാഥവര്‍മ്മ അഭ്രപാളികളില്‍ തെളിയിച്ചിരുന്നു.
ഇന്റര്‍മീഡിയറ്റ് പഠനത്തിനു ശേഷം സുവോളജിയില്‍ ബിരുദം നേടിയെങ്കിലും സര്‍ക്കാര്‍ സര്‍വ്വീസില്‍ പ്രവേശിക്കുന്നത് പോലീസ് ഓഫീസര്‍ പദവിയില്‍. ട്രെയിനിംഗ് കേന്ദ്രങ്ങളിലായിരുന്നു ജോലി.
കര്‍ക്കശക്കാരനായ പരീശീലകനായിരുന്നു വര്‍മ്മ. എന്നാലും തന്റെ കലാപാടവം ട്രെയിനിംഗ് ക്യാമ്പുകളില്‍ പ്രകടമാക്കാന്‍ ജഗന്നാഥവര്‍മ്മ സമയം കണ്ടെത്തിയിരുന്നു. പരിശീലകനില്‍ നിന്നു കലാകാരനാകുന്ന കാഴ്ചയാണ് ട്രെയിനികള്‍ പലപ്പോഴും വര്‍മ്മയില്‍ കണ്ടിരുന്നത്. പാസിംഗ് ഔട്ട് പരേഡ് നടക്കുന്ന ദിവസം വര്‍മ്മയുടെ നേതൃത്വത്തില്‍ ഒരു നാടകം ക്യാമ്പില്‍ അവതരിപ്പിക്കാനുണ്ടാകും. പരിശീലനത്തിനെത്തിയ പോലീസൂകാരെയും കൂട്ടിയായിരിക്കും നാടക അവതരണം.
പതിനാലാം വയസ്സില്‍ കഥകളി പഠനം. പള്ളിപ്പുറം ഗോപാലന്നായരുടെ ശിഷണത്തിലായിരുന്നു പഠനം. തുടര്‍ന്ന് വിവിധ കലാകാരന്മാരോടൊപ്പം നിരവധി വേദികളില്‍ കൈരളിയുടെ തനതുകല ആട്ടവിളക്കിനു മുന്നില്‍ ആടിത്തകര്‍ത്തു. സ്ത്രീവേഷങ്ങളായിരുന്നു കൂടുതല്‍ വേദികളിലും വര്‍മ്മ അവതരിപ്പിച്ചത്.
കലാരംഗത്തേക്കുള്ള വര്‍മ്മയുടെ രംഗപ്രവേശം നാടക നടന്റെ വേഷത്തിലായിരുന്നു. സ്കൂള്‍ ക്ലാസ്സില്‍ ഗാന്ധിജയന്തി എന്ന നാടകത്തിലൂടെയാണ് അരങ്ങേറ്റം. തുടര്‍ന്ന് സ്കൂള്‍ – കോളേജ് തലങ്ങളില്‍ നിരവധി നാടകങ്ങളില്‍ വേഷമിട്ടു. ഒപ്പം കഥകളിയെ കൂടെ കൂട്ടാനും വര്‍മ്മ മറന്നില്ല. എസ്ഐ ആയി സര്‍വ്വീസില്‍ തുടരവെയാണ് സിനിമയിലേക്കുള്ള രംഗപ്രവേശം.
1978 ല്‍ എ. ഭീംസിംഗ് സംവിധാനം ചെയ്ത മാറ്റൊലി എന്ന സിനിമയിലൂടെയാണ് ചലച്ചിത്ര രംഗത്ത് എത്തിയത്. നക്ഷത്രങ്ങളേ സാക്ഷി, അന്തഃപ്പുരം, ശ്രീകൃഷ്ണപ്പരുന്ത്, നഖഷതങ്ങള്‍, ന്യൂഡല്‍ഹി നരസിംഹം, ആറാം തമ്പുരാന്, ലേലം പത്രം തുടങ്ങിയവ ജഗന്നാഥവര്‍മ്മയുടെ ഹിറ്റ് ചിത്രങ്ങളായിരുന്നു.
ആറാംതമ്പുരാനിലെ അപ്പന്റെ വേഷവും ലേലത്തിലെ വികാരിയുടെ വേഷവും ചലച്ചിത്ര ആസ്വാദകര്‍ ഒരിക്കലും മറക്കില്ല. ആറാംതമ്പുരാനില്‍ അത്രപ്രാധാന്യമുള്ള വേഷമല്ലെങ്കിലും വര്‍മ്മയുടെ ഡയലോഗ് സിനിമാസ്വാദകരുടെ ഇടയില്‍ അദ്ദേഹത്തെ മുന്‍നിരയില്‍ എത്തിച്ചു. ‘ഞാനും അപ്പനും അപ്പന്റെ സഹോദരി സുഭദ്രയും’ എന്ന് പറഞ്ഞുകൊണ്ടുള്ള ഡയലോഗും ചിരിയും ഇന്നും സിനിമാസ്വാദകര്‍ക്കിടയില്‍ സജീവമാണ്. ലേലത്തിലെ തിരുമേനിയും മലയാളികള്‍ക്ക് മറക്കാനാകില്ല. ന്യൂഡെല്‍ഹിയിലെ പണിക്കരെന്ന് രാഷ്ട്രീയക്കാരനും നഖഷതങ്ങളിലെ കാരണവരും വര്‍മ്മയെ എക്കാലവും ഓര്‍മ്മിപ്പിക്കുന്ന വേഷങ്ങളായിരുന്നു.പത്രത്തിലെ പത്രാധിപരും വളരെയേറെ ശ്രദ്ധേയം.
ടിവി സീരിയലുകളിലും ജഗന്നാഥവര്‍മ്മ സജീവമായിരുന്നു. 1994 ല്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് ആയി സര്‍വ്വീസില്‍ നിന്നു വിരമിച്ചു. ഇതിനു ശേഷമാണ് സീരിയലുകളില്‍ സജീവ സാന്നിധ്യമായത്. ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ജ്വാലയായി, മാനസി എന്നീ സീരിയലുകളിലെ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടു. സ്വാമി അയ്യപ്പന്, കടമറ്റത്ത് കത്തനാര് എന്നീ സീരിയലുകളിലും അഭിനയിച്ചു.
സിനിമയിലൂടെയും കഥകളിയിലൂടെയും പ്രശസ്തനായ ജഗന്നാഥവര്‍മ്മ തായമ്പകയിലും തന്റ കഴിവു തെളിയിച്ചു. 75-ാം വയസ്സില്‍ പ്രായം മറന്ന് തായമ്പക അഭ്യസിച്ചു.ചെണ്ടവിദ്വാന് കണ്ടനല്ലൂര് ഉണ്ണികൃഷ്ണനായിരുന്ന ഗുരു. നിരവധി വേദികളില്‍ തായമ്പക പ്രമാണിയായി. ഇന്ന് തിരുവനന്തപുരത്ത് ഇടവ വാറുവിളാകം ക്ഷേത്രത്തില്‍ ജഗന്നാഥവര്മ്മയുടെയുടെയും മകന് മനുവര്‍മ്മയുടെയും നേതൃത്വത്തില്‍ തായമ്പക നടക്കാനിരിക്കെയാണ് മേളപ്പെരുക്കത്തിന് നില്‍ക്കാതെ ഇനിയൊരിക്കലും അരങ്ങിലേക്കില്ലാതെ അപ്രതീക്ഷതമായി മേളപ്രമാണിയുടെ മടക്കയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: