ശബരിമല : ശബരിമലയില്‍ ദര്‍ശനത്തിനെത്തുന്നവരുടെ തിരക്ക് ക്രമാധീതമായി വര്‍ദ്ദിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ളവരും കൂടിയായതോടെ സന്നിധാനവും പരിസരവും തീര്‍ഥാടകരെ കൊണ്ട് തിങ്ങിനിറഞ്ഞു. എരുമേലി-കരിമല-പമ്പ, പുല്ലുമേട്-സത്രം പരമ്പരാഗത കാനനപാതകളിലൂടെ സ്ത്രീകളും കുട്ടികളുമടക്കമുള്ള തീര്‍ഥാടകരുടെ എണ്ണം വര്‍ധിച്ചതോടെ വലിയ നടപ്പന്തലിലും തിരക്ക് നിയന്ത്രണാധീതമായിരിക്കുകയാണ്. ഒമ്പത് -പത്തുമണിക്കൂറിലേറെ വരിനിന്നശേഷമാണ് മിക്കഭക്തര്ക്കും ദര്‍ശനം ലഭ്യമായത്. തിരക്ക് കണക്കിലെടുത്ത് കൂടുതല്‍ പൊലീസിനെ സജ്ജമാക്കിയിട്ടുണ്ട്.
തീര്‍ത്ഥാടകരുടെ വരവ് കൂടിയതോടെ നിലയ്ക്കല്‍ മുതല്‍ പമ്പ വരെ വാഹനങ്ങളുടെ നീണ്ട നിര രൂപപ്പെട്ടു. ചൊവ്വാഴ്ച പകല്‍ പമ്പയില്‍ എത്തിയ കോഴിക്കോട് ഭാഗത്തുനിന്നുള്ള തീര്‍ഥാടകര്‍ രാത്രി അഞ്ചര മണിക്കൂര്‍ വൈകി ഏഴരയോടെയാണ് വലിയ നടപ്പന്തലില്‍ എത്തിയത്. ദര്‍ശനം കഴിഞ്ഞിറങ്ങിയവരുടെ എണ്ണം കൂടിയായതോടെ പലയിടങ്ങളിലുംതിക്കും തിരക്കും അനുഭവപ്പെട്ടു. പമ്പ, മരക്കൂട്ടം, യുടേണ്‍, വലിയ നടപ്പന്തല്‍ എന്നിവിടങ്ങളില്‍നിന്ന് കര്‍ശന നിയന്ത്രണത്തിലാണ് തീര്‍ഥാടകരെ കടത്തിവിടുന്നത്. പുല്ലുമേട് ഭാഗത്തുനിന്നും വരുന്നവരെ വടക്കേ ഭാഗത്തെ ബാരിക്കേഡ് വഴിയാണ് പതിനെട്ടാംപടിയിലേക്ക് കടത്തിവിടുന്നത്.
ചൊവ്വാഴ്ച പുലര്‍ച്ചെയും പകല്‍ മൂന്നിനും വലിയ നടപ്പന്തല്‍, മാളികപ്പുറം ഫ്ളൈഓവര്‍, നടപ്പന്തല്‍ എന്നിവിടങ്ങളില്‍ വന്‍ തിരക്കാണുണ്ടായത്. തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ പൊലീസിന് പലപ്പോഴും സാധിക്കാതെ വരുന്നത് വാക്കേറ്റത്തിനും ഉന്തിനും തള്ളിനും കാരണമാകുന്നു. വാവരുനടയിലും പരിസരങ്ങളിലും വിരി വയ്ക്കാന്‍ തീര്‍ഥാടകര്‍ നന്നേ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. തിരക്ക് കണക്കിലെടുത്ത് ദര്‍ശനശേഷം മടങ്ങുന്നവര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസും ഒരുക്കി. തീര്‍ഥാടകര്‍ക്കായി ഔഷധ കുടിവെള്ളവും ബിസ്കറ്റും അടക്കമുള്ളവ യഥാസമയം ലഭ്യമാക്കി. വിദ്യാര്‍ത്ഥികളുടെ പരീക്ഷ കഴിയുന്നതോടെ അവധിയാണെന്നതിനാല്‍ വരും ദിവസങ്ങളില്‍ തിരക്ക് ക്രമാതീതമായി വര്‍ദ്ദിക്കും.
മണ്ഡലപൂജയോടനുബന്ധിച്ച് വിവിധ വകുപ്പുകളുടെ ഏകോപനം കൂടുതല്‍ കാര്യക്ഷമമാക്കാന്‍ തീരുമാനിച്ചു. തിരക്ക് നിയന്ത്രിക്കാന്‍ സന്നിധാനത്ത് 1800 സുരക്ഷാ സൈനികരെ നിയോഗിച്ചു. പമ്പയില്‍ 1450 പേരാണ് സുരക്ഷാ ചുമതലയിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: