കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകരുടെ ജില്ലയിലെ പ്രധാന ഇടത്താവളമായ കുറ്റിപ്പുറം മിനിപമ്പയില്‍ പാര്‍ക്കിംങ് അനുമതി നിഷേധിച്ചത് പ്രതിഷേധാര്‍ഹമാണെന്ന് ഹിന്ദുഐക്യവേദി നേതാക്കള്‍ ആരോപിച്ചു. മിനിപമ്പയിലെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിരിവെക്കാനോ, ഭക്ഷണം പാകംചെയ്ത് കഴിക്കാനോ, വിശ്രമിക്കാനോ കഴിയുന്നില്ല. മാലിന്യം കുമിഞ്ഞുകൂടിയ ഓടയുടെ വശങ്ങളിലാണ് അയ്യപ്പന്മാര് ഭക്ഷണമുണ്ടാക്കുന്നത്. ഇടത്താവള നവീകരണത്തിന്റെ പേരില്‍ സര്‍ക്കാര്‍ ലക്ഷങ്ങള്‍ ചിലവഴിച്ചെങ്കിലും യാതൊരു ഗുണവുമുണ്ടായില്ല. വര്‍ഷങ്ങളായി മിനിപമ്പയില്‍ സേവനം നടത്തുന്ന സേവാഭാരതിയെ അവഗണിച്ചുകൊണ്ട് രാഷ്ട്രീയ ആശയം പ്രചരിപ്പിക്കാനുള്ള വേദിയുണ്ടാക്കുകയാണ് അധികൃതര്‍ ചെയ്യുന്നത്. ഇത്തരം സംഭവങ്ങള്‍ ക്ഷേത്രപരിശുദ്ധിക്ക് മങ്ങലേല്‍പ്പിക്കുന്നു. അതുകൊണ്ട് ശിവപാര്‍വ്വതി ക്ഷേത്രം ശുദ്ധിയോടെ സംരക്ഷിക്കാനും മിനിപമ്പയില്‍ വാഹന പാര്‍ക്കിംങ് അടക്കം അയ്യപ്പന്മാര്ക്ക് വേണ്ട എല്ലാ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താനും സര്‍ക്കാര്‍ തയ്യാറാകണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് പി.വി.മുരളീധരന് ആവശ്യപ്പെട്ടു. മാടാവ്മന നാരായണന് നമ്പൂതിരി, താലൂക്ക് പ്രസിഡന്റ് കെ.വി.ഉണ്ണികൃഷ്ണന്, ആര്‍എസ്എസ് ഖണ്ഡ് കാര്യവാഹ് ശശിധരന് കുറ്റിപ്പുറം തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: