കളമശേരി: സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ അപകടത്തില്‍ മരിച്ച പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റുമാര്‍ട്ടം ചെയ്യാതെ തിരിച്ചയച്ചതായി പരാതി. ആരോഗ്യമന്ത്രിക്ക് പരാതി നല്‍കുമെന്ന് സിപിഐ കളമശേരി വെസ്റ്റ് ലോക്കല്‍ സെക്രട്ടറി കെ.പി. കരീം അറിയിച്ചു. ഹെല്‍ത്ത് സെക്രട്ടറി രാജീവ് സദാനന്ദന്റെ സന്ദര്‍ശനത്തിനിടയാണ് സംഭവം.
ഞായറാഴ്ച ഉച്ചയ്‌ക്ക് കളമശേരി വട്ടേക്കുന്നത്ത് ട്രെയിനിടിച്ച് മരിച്ച കെ.എ. ജസ്‌ന (17) യുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനാവില്ലെന്ന് രാവിലെ പത്ത് മണി കഴിഞ്ഞപ്പോഴാണ് അധികൃതര്‍ ബന്ധുക്കളെ അറിയിച്ചത്. മൃതദേഹം രണ്ട് ദിവസം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയായിരുന്നു. മൂന്ന് സര്‍ജന്‍മാരും ലീവിലാണെന്നും പോസ്റ്റ് മാര്‍ട്ടം നടക്കില്ലെന്നുമാണ് ജീവനക്കാര്‍ പറഞ്ഞത്.
തുടര്‍ന്ന് കളമശേരി പോലീസ് എസ്‌ഐ ഷിബുവിന്റെ നേതൃത്വത്തില്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു. കബറടക്കം വട്ടേക്കുന്നം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഇന്നലെ വൈകിട്ട് നടന്നു. ഇടപ്പള്ളി നോര്‍ത്ത് വട്ടേക്കുന്നം കാട്ടയില്‍ വീട്ടില്‍ കെ.വി. അബദുല്‍ സലാമിന്റെയും സബീനയുടെയും ഇരട്ടക്കുട്ടികളിലൊരാളാണ് മരിച്ച ജസ്‌ന.
















