തൃശൂര്‍: സ്ത്രീകള്‍ക്ക് പൊലീസ് സ്റ്റേഷനില്‍ നിര്‍ഭയമായി കടന്നു ചെല്ലാനുള്ള സാഹചര്യവും നീതി ലഭിക്കുമെന്ന വിശ്വാസവും ഉണ്ടാകുന്ന വിധത്തില്‍ പൊലീസ് സംവിധാനം മാറണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു.
സ്ത്രീകളുടെയും കുട്ടികളുടെയും സംരക്ഷണത്തിനായി ആരംഭിച്ച പിങ്ക് പോലീസ് പട്രോള്‍ വാഹനങ്ങളുടെ ഫളാഗ് ഓഫ് നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ കടുത്ത നടപടിയുണ്ടാകും. യാതൊരു ദാക്ഷിണ്യവും ഉണ്ടാകില്ല. യഥാര്‍ത്ഥത്തില്‍ നടക്കുന്ന പീഡനങ്ങളില്‍ ഭൂരിഭാഗവും പുറം ലോകം അറിയുന്നില്ല. മാനഹാനി ഭയന്ന് പറയാന്‍ മടിക്കുന്നത് മൂലം കുറ്റവാളികള്‍ക്ക് രക്ഷപ്പെടാന്‍ അവസരം സൃഷ്ടിക്കുകയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ജില്ലയില്‍ ആദ്യഘട്ടത്തില്‍ തൃശൂര്‍ നഗരത്തിലാണ് പിങ്ക് പട്രോള്‍ ഏര്‍പ്പെടുത്തുന്നത്. പിങ്ക്പട്രോള്‍ വാഹനം 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായിരിക്കും. ഡ്രൈവര്‍ ഉള്‍പ്പടെ നാല് വനിതാപോലീസുകാര്‍ വാഹനത്തിലുണ്ടാകും. രണ്ടുവാഹനങ്ങളാണ് നഗരത്തില്‍ ഉണ്ടാവുക. ടോള്‍ഫ്രീ നമ്പറായ 1515 എന്ന നമ്പറില്‍ വിളിച്ചാല്‍ മിനിറ്റുകള്‍ക്കകം പട്രോള്‍ വാഹനം സ്ഥലത്തെത്തും. 13 വനിതാപോലീസുകാര്ക്കാണ് പിങ്ക് പോലീസ് പട്രോള്‍ പദ്ധതിപ്രകാരം പരിശീലനം നല്‍കിയിരിക്കുന്നത്. രണ്ടാംഘട്ടത്തില്കൂടുതല് പട്ടണങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കും.
തൃശൂര്‍ ടൗണ്‍ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍ അധ്യക്ഷത വഹിച്ചു, മേയര്‍ അജിത ജയരാജന്, ഡെപ്യൂട്ടി മേയര്‍ വര്‍ഗീസ് കണ്ടംകുളത്തി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീല വിജയകുമാര്‍, കോര്പറേഷന് കൗണ്‍സിലര്‍ കെ. മഹേഷ്,കോര്പ്പറേഷന് പ്രതിപക്ഷ കക്ഷി നേതാവ് അഡ്വ.എം.കെ.മുകുന്ദന്, എ.ഡി.ജി.പി -ബി.സന്ധ്യ, ഐ.ജി-എം.ആര്.അജിത്ത് കുമാര്‍, കമ്മീഷണര്‍ ജെ.ഹിമേന്ദ്രനാഥ്, റൂറല്‍ എസ്.പി-ആര്. നിശാന്തിനി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: