കുറിച്ചി: ബദല്‍ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ മന്ദിരം കവല ഹോമിയോ കോളേജ് റോഡിലെ മേല്‍പാലം പൊളിക്കുന്നതിനെതിരെ ബിജെപി പ്രക്ഷോഭം ആരംഭിച്ചു. പാലത്തിന് സമീപത്തുള്ള കനകക്കുന്ന്, എണ്ണയ്‌ക്കാച്ചിറ, ചിറവംമുട്ടം മേല്‍പ്പാലങ്ങള്‍ പൊളിച്ചിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇവയുടെ നിര്‍മ്മാണം പൂര്‍ത്തികരിക്കാനായിട്ടില്ല.
മന്ദിരം മേല്‍പ്പാലം പൊളിക്കുന്നതിലൂടെ ജനങ്ങള്‍ നിത്യേന ആശുപത്രിയടക്കമുള്ള അവശ്യയാത്രകള്‍ക്കുപയോഗിക്കേണ്ട വഴിയാണ് ഇതോടെ ഇല്ലാതാക്കുന്നത്. ജനങ്ങളുടെ യാത്രാ സൗകര്യത്തെ താറുമാറാക്കുവാന്‍ മന്ദിരം മേല്‍പ്പാലം പൊളിക്കുവാനുള്ള നീക്കം അധികൃതര്‍ ഉപേക്ഷിക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം. പാലം പൊളിക്കുന്നതിനെതിരെ ബിജെപി നടത്തിയ പ്രക്ഷോഭ സമരം ബിജെപി ചങ്ങനാശ്ശേരി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ബി.ആര്‍. മഞ്ജീഷ് ഉദ്ഘാടനം ചെയ്്തു.
പൊളിച്ചിട്ട പാലങ്ങളുടെ പണികള്‍ ഉടന്‍ തീര്‍ക്കണമെന്നും, ക്രിസ്തുമസ് കാലത്ത് മന്ദിരം മേല്‍പ്പാലം പൊളിച്ച് ജനജീവിതം താറുമാറാക്കരുതെന്നും മഞ്ജീഷ് ആവശ്യപ്പെട്ടു. ബിജെപി കുറിച്ചി പഞ്ചായത്ത് പ്രസിഡന്റ്് ഉതിക്കല്‍ കുഞ്ഞുമോന്‍ അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.കെ. ഉദയുമാര്‍, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ പി.കെ. പങ്കജാക്ഷന്‍, പി.റ്റി. വിനോദ് ,രാജേഷ് കേളന്‍ കവല, സബിന്‍ കുറിച്ചി, ജയതിലകന്‍ എന്നിവര്‍ പ്രസംഗിച്ചു.
















