പത്തനംതിട്ട: എഴുമറ്റൂര്‍ നാടന്‍ നെല്ലിനങ്ങള്‍ക്ക് കരനെല്‍കൃഷിയില്‍ പരീക്ഷണ വിജയം. കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് അംഗം കൂടിയായ വല്യുഴത്തില്‍ അജയകുമാറാണ് തരിശ് കിടന്ന പാറക്കെട്ടുകള്‍ക്ക് മുകളില്‍ മണ്ണ് നിരത്തി കരഭൂമിയാക്കി കരനെല്ലിന്റെ പുത്തന്‍ പരീക്ഷണങ്ങള്‍ നാടന്‍ നെല്ലിനങ്ങളില്‍ നടത്തിയത്. രക്തശാലി, ആര്യന്, കന്നുകുളമ്പന്‍, ഇത്തിക്കണ്ണന്‍ തുടങ്ങിയ ഇനങ്ങളാണ് ആദ്യഘട്ടത്തില്‍ കൊറ്റന്‍കുടിയില്‍ പാറമടയോട് ചേര്‍ന്ന തരിശ് ഭൂമിയില്‍ കൃഷിയിറക്കിയത്.
ഉമ, ജ്യോതി തുടങ്ങിയ നെല്ലിനങ്ങള്‍ നാല് വര്‍ഷമായി കൃഷി ചെയ്യുന്നുണ്ട്. എന്നാല്‍ നാടന്‍ ഇനങ്ങളുടെ പരീക്ഷണം ആദ്യമായാണെന്ന് അജയകുമാര്‍ പറഞ്ഞു. ആര്യന് കന്നുകുളമ്പന്‍ എന്നിവ ആദ്യം വിളവിറക്കിയവയാണ് ഇവയുടെ കൊയ്ത്ത് കഴിഞ്ഞു. രക്തശാലി എന്ന ഇനം നെല്ല് കാന്‍സര്‍ രോഗികള്‍ക്ക് ആഹാരമായി നല്‍കാറുണ്ട്.
കൂടുതല്‍ നാടന്‍ നെല്ലിനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ശ്രമങ്ങള്‍ നടത്തുമെന്ന് അജയകുമാര്‍ പറഞ്ഞു. നാടന്‍ പശു ഇനങ്ങളെ സംരക്ഷിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ ജൈവവൈവിദ്ധ്യ പുരസ്കാരം നല്കി അജയകുമാറിനെ കഴിഞ്ഞ വര്‍ഷം ആദരിച്ചിരുന്നു. കോയിപ്രം ബ്ളോക്കിലെ ബിജെപി അംഗമാണ് അജയകുമാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: