പത്തനംതിട്ട: പമ്പ ബസ്സ്റ്റാന്റില് നിന്നും ത്രിവേണി വരെ സഞ്ചരിക്കാന്‍ കെഎസ്ആര്‍ടിസി 10 രൂപ ടിക്കറ്റ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്.
ഒരു കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 10 രൂപ ഈടാക്കുന്നത് കൊളളയടിയാണെന്ന് കമ്മീഷന് ആക്റ്റിംഗ് ചെയര്‍പേഴ്സണ്‍ പി. മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. ബാക്കി സ്ഥലങ്ങളില്‍ രണ്ട് കിലോമീറ്റര്‍ 6 രൂപ നിരക്കില്‍ യാത്ര ചെയ്യാമെന്നിരിക്കെ അയ്യപ്പഭക്തരില്‍ നിന്നും ഇരട്ടി തുക ഈടാക്കുന്നത് അശാസ്യമല്ലെന്ന് കമ്മീഷന് ചൂണ്ടികാണിച്ചു.
മണ്ഡലകാലം തീരുന്നതിനുമുമ്പ് ഇതില്‍ കര്‍ശന നടപടികള്‍ സ്വീകരിക്കണം. കെഎസ്ആര്‍ടിസിയുടെ മറ്റെല്ലാ ഡിപ്പോകളിലും ദീര്‍ഘദൂര സര്‍വീസുകള്‍ക്ക് സീറ്റ്റിസര്വ് ചെയ്യാന്‍ 5 രൂപ ഈടാക്കുമ്പോള്‍ പമ്പയില്‍ 20 രൂപയാണ് ഈടാക്കുന്നത്. ദര്‍ശനത്തിനെത്തുന്ന സാധാരണക്കാരും വയോധികരുമാണ് കെഎസ്ആര്‍ടിസി യുടെ സേവനം പ്രയോജനപ്പെടുത്തുന്നത്.
പ്ലാസ്റ്റിക് നിരോധനത്തിന്റെ പേരില്‍ സാധാരണ അയ്യപ്പഭക്തര്‍ ആശ്രയിക്കുന്ന ദാഹജലം നിര്‍ത്തലാക്കിയശേഷം ബഹുരാഷ്ട്ര കമ്പനികള്‍ പ്ലാസ്റ്റിക് കുപ്പിയില്‍ പാനീയങ്ങള്‍ വില്ക്കാന് അനുവദിക്കുന്നത് നിര്‍ത്തണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. വന്‍കിട കമ്പനികള്‍ പ്ലാസ്റ്റിക് ഉപയോഗിക്കുമ്പോള്‍ അധികൃതര്‍ കണ്ടില്ലെന്ന് നടിക്കുന്നതായും പരാതിയില്‍ പറയുന്നു. ഇത്തരം നിയമലംഘനങ്ങള്‍ക്ക് നേരെ ഉദേ്യാഗസ്ഥര്‍ കണ്ണുപൂട്ടിയിരിക്കുന്നത് ഭൂഷണമല്ലെന്ന് കമ്മീഷന് പറഞ്ഞു
കെഎസ്ആര്‍ടിസി എംഡി, പത്തനംതിട്ട ആര്‍റ്റിഒ, ജില്ലാ പോലീസ് മേധാവി, ശബരിമല സ്പെഷ്യല്‍ ദേവസ്വം കമ്മീഷണര്‍ എന്നിവര്‍ നടപടികള്‍ സ്വീകരിച്ച ശേഷം ജനുവരിയില്‍ തിരുവനന്തപുരത്ത് നടക്കുന്ന സിറ്റിംഗില്‍ വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടു. തിരുവനന്തപുരം സ്വദേശി ബൈജു ശ്രീധരന് സമര്‍പ്പിച്ച പരാതിയിലാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: