തമിഴ്നാട് മുഖ്യമന്ത്രി അന്തരിച്ചതിനു തൊട്ടടുത്തദിവസം അതേ ആശുപത്രിയില്‍ മറ്റൊരു മരണം നടന്നു. ദീര്‍ഘകാലം ജയലളിതയുടെ ഉപദേഷ്ടാവായിരുന്ന ചോ. രാമസ്വാമിയാണ് ഡിസംബര്‍ ഏഴിന് അന്തരിച്ചത്.
അഭിഭാഷകനും എഡിറ്ററുമായിരുന്ന രാമസ്വാമി നല്ലൊരു ഹാസ്യസാഹിത്യകാരനും കാര്‍ട്ടൂണിസ്റ്റും പത്രാധിപരും സര്‍വ്വോപരി പക്വമതിയായൊരു രാഷ്ട്രചിന്തകനുമാണെന്നു ജനങ്ങള്‍ മനസ്സിലാക്കിയത് ‘തുഗ്ലക്ക്’ എന്ന പേരില്‍ 1970-ല്‍ മാസിക തുടങ്ങിയപ്പോഴാണ്.
കോണ്‍ഗ്രസ്സിന്റേയും ഡിഎംകെയുടേയും അഴിമതി നിറഞ്ഞ ദുര്‍ഭരണത്തെ വിമര്‍ശിച്ചുകൊണ്ടുള്ള ലേഖനങ്ങളും കാര്‍ട്ടൂണുകളും തമിഴ് ജനതയെ കക്ഷിഭേദമന്യേ ആകര്‍ഷിച്ചു. അതിന്റെ പ്രചാരം തമിഴര്‍ എവിടെയൊക്കെയുണ്ടോ അവിടങ്ങളിലെല്ലാം വ്യാപിച്ചു.
തുടര്‍ന്ന് ഒരു രാഷ്ട്രീയ നാടകം രചിച്ച് അവതരിപ്പിച്ചത് സാധാരണക്കാരെ ഹഠാദാകര്‍ഷിച്ചു. ‘മുഹമ്മദ് ബിന്‍ തുഗ്ലക്’ എന്നതായിരുന്നു നാടകത്തിന്റെ പേര്. 1969-ല്‍ കോണ്‍ഗ്രസ്സിനെ പിളര്‍ത്തി അധികാരം തന്റെ കൈയില്‍ ഉറപ്പിക്കാനുള്ള ഇന്ദിരാഗാന്ധിയുടെ അടവുകളെ പ്രതീകാത്മകമായി അവതരിപ്പിച്ച പ്രസ്തുത നാടകവും അതിവേഗം ജനപ്രീതി നേടി. (ഈ നാടകം പിന്നീട് സിനിമയാക്കി. പക്ഷേ, അടിയന്തരാവസ്ഥയില്‍ ഈ സിനിമ നിരോധിക്കപ്പെട്ടു.)
ചോ രാമസ്വാമി സ്വതന്ത്ര ചിന്തകനായിരുന്നു. ദേശീയരാഷ്ട്രീയകാര്യങ്ങളില്‍ ഭാരതീയജനസംഘം സ്വീകരിച്ച തത്വവും നയവും ‘ചോ’യെ സ്വാധീനിച്ചിരുന്നു. പിന്നീട് ഭാരതീയ ജനതാപാര്‍ട്ടി രൂപമെടുത്തപ്പോഴും ആ അനുഭാവം അനുസ്യൂതം തുടര്‍ന്നു. തമിഴ്നാട്ടില്‍ എല്ലാ പാര്‍ട്ടികളും ബി.ജെ.പിയോട് അകലം പാലിച്ചിരുന്നു. എന്നാല്‍ ചോയുടെ പ്രേരണയിലാണ് ബി.ജെ.പി.-എ.ഐ.എഡി.എം.കെ. സഖ്യം രൂപംകൊണ്ടത്.
ക്രാന്തദര്‍ശിയായ രാഷ്ട്രചിന്തകനായിരുന്നു ‘ചോ’. 1975 ഫെബ്രുവരി മാസത്തെ തുഗ്ലക്ക് ‘ഒന്നരപക്കനാള്‍’ എന്ന പേരില്‍ വിശേഷാല്‍ പതിപ്പായിരുന്നു. പട്ടാളവേഷത്തില്‍ തോക്കുംപിടിച്ചുനില്‍ക്കുന്ന ഇന്ദിരാഗാന്ധിയുടെ ചിത്രത്തിനു താഴെ, ഇന്ത്യ പട്ടാളഭരണത്തില്‍ ആയി എന്നും, രാഷ്ട്രപതിയെ അറസ്റ്റുചെയ്തു തടവിലാക്കി എന്നും സംഘടനകളെ നിരോധിക്കയും പ്രസ്സ് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തുകയും ചെയ്തതായും എഴുതിയിരുന്നു. – യഥാര്‍ത്ഥത്തില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് രാഷ്ട്രനേതാക്കളെ ജയിലിലടയ്ക്കുന്നതിന് അഞ്ചുമാസംമുമ്പേ ഇങ്ങനെ റിപ്പോര്‍ട്ട് എഴുതാന്‍ ക്രാന്തദര്‍ശിയായ ഒരാള്‍ക്കേ കഴിയുമായിരുന്നുള്ളൂ.
അതായിരുന്നു ‘ചോ’. അദ്ദേഹത്തിന്റെ അനുപമവ്യക്തിത്വം അനുസ്മരണീയം തന്നെ. അദ്ദേഹത്തിന്റെ വേര്‍പാട് സൃഷ്ടിച്ച വിടവ് നികത്താന്‍ തമിഴ്നാടിനിയും എത്രകാലം കാത്തിരിക്കണം?
പ്രതികരിക്കാൻ ഇവിടെ എഴുതുക: