കോട്ടയം: മേല്‍മരുവത്തൂര്‍ ആദിപരാശക്തി ക്ഷേത്ര ദര്‍ശനത്തിനായി ഇരുമുടിയേന്തി അറുപതംഗ സംഘം കോട്ടയത്ത് നിന്ന് 27ന് പുറപ്പെടും.
54 സ്ത്രീകളും 6 പുരുഷന്മാരുമാണ് നാഗര്‍കോവില്‍ കൃഷ്ണന്‍ കോവിലിലെ മേല്‍മരുവത്തൂര്‍ ആദിപരാശക്തി ക്ഷേത്ര ദര്‍ശനത്തിനായി കെട്ടുമുറുക്കി പോകുന്നത്. റബര്‍ബോര്‍ഡിന് സമീപമുള്ള കാളിയമ്മന്‍ ക്ഷേത്രത്തില്‍ ഇന്ദിര ശക്തി സ്വാമിനിയില്‍ നിന്നാണ് ഭക്തര്‍ ഇരുമുടികെട്ട് നിറച്ചത്. ശബരിമല ദര്‍ശനത്തിനായി ഭക്തര്‍ കെട്ട് മുറുക്കി പോകുന്നതിന് സമാനമായാണ് സ്ത്രീ പുരുഷന്മാര്‍ പ്രായഭേദമന്യേ ഇരുമുടി കെട്ടി മാലയിട്ട് വ്രതമെടുത്ത് മേല്‍മരുവത്തൂര്‍ ആദിപരാശക്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്. ഇരുമുടികെട്ടി എട്ട് ദിവസത്തെ വ്രതം എടുത്തതിന് ശേഷമാണ് ഭക്തര്‍ ക്ഷേത്ര ദര്‍ശനത്തിനായി പുറപ്പെടുന്നത്. തൃക്കാര്‍ക്കിക ദിവസം മുതലാണ് മേല്‍മരുവത്തൂര്‍ ആദിപരാശക്തി ക്ഷേത്രത്തില്‍ പ്രധാന ചടങ്ങുകള്‍ ആരംഭിക്കുന്നത്. അന്ന് മുതലാണ് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നായി ഭക്തര്‍ ക്ഷേത്ര ദര്‍ശനത്തിനായി വ്രതമെടുക്കല്‍ ആരംഭിക്കുന്നത്. കെട്ടില്‍ നിറക്കുന്നതിനായി നാളികേരം, അരി, നാരങ്ങ, മഞ്ഞള്‍, കുങ്കുമം എന്നിവയാണ് ഉപയോഗിക്കുന്നത്.
കെട്ട്മുറുക്കിന് ശേഷം ഇരുമുടിക്കെട്ട് അതേ ക്ഷേത്രത്തില്‍തന്നെ എട്ട് ദിവസത്തോളം സൂക്ഷിക്കും.
ക്ഷേത്രദര്‍ശനത്തിനായി പുറപ്പെടുന്നവര്‍ മധുര, തിരുപ്പതി തുടങ്ങിയ ക്ഷേത്രങ്ങളില്‍ ദര്‍ശനം നടത്തിയതിന് ശേഷമാണ് മേല്‍മരുവത്തൂര്‍ ആദിപരാശക്തി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നത്. ദേവീ സന്നിധിയില്‍ സമര്‍പ്പിക്കുന്ന ഇരുമുടിക്കെട്ടുകളില്‍ നിന്ന് അഭിഷേകത്തിന് ശേഷം ലഭിക്കുന്ന നാളികേരവും അരിയും വീട്ടില്‍ എത്തിച്ച് പായസം ഉണ്ടാക്കി കഴിക്കണമെന്നാണ് വിശ്വാസം.
















