കുറവിലങ്ങാട്: ഇരുപത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുമായി സഞ്ചരിക്കുകയായിരുന്ന സ്‌കൂള്‍ബസിന് തീപിടിച്ചു. നാട്ടുകാര്‍ സമയോചിതമായി ഇടപെട്ട് തീയണച്ചതിനേത്തുടര്‍ന്ന് വന്‍ദുരന്തം ഒഴിവായി. കാളികാവ് ശ്രീനാരായണ പബ്ലിക് സ്‌കൂളിന്റെ ഉടമസ്ഥതയിലുള്ള മിനിബസിലാണ് തീപിടിത്തം ഉണ്ടായത്. അപകടസമയം 20 വിദ്യാര്‍ത്ഥികളെ കൂടാതെ നാല് സ്‌കൂള്‍ജീവനക്കാരുമാണ് വാഹനത്തിലുണ്ടായിരുന്നത്. ഇന്നലെ രാവിലെ 9.15 നാണ് സംഭവം നടന്നത്. കുര്യം ജംഗ്ഷനില്‍ നിന്ന് കാളികാവ് ദേവീക്ഷേത്രത്തിനു വലതുഭാഗത്തുള്ള റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ വാഹനത്തിന്റെ മുന്‍ഭാഗത്തു നിന്നും പുകഉയര്‍ന്നു. വാഹനത്തിനകത്തും പുറത്തും പുകനിറഞ്ഞതോടെ വിദ്യാര്‍ത്ഥികള്‍ ഭയന്ന് നിലവിളിക്കുകയായിരുന്നു. കാളികാവ് ദേവീക്ഷേത്രത്തിലെ മുപ്പെട്ടുവെള്ളി ആചരണത്തില്‍ പങ്കെടുക്കുകയായിരുന്ന ഭക്തജനങ്ങളും കുര്യംജംഗ്ഷനിലുണ്ടായിരുന്ന നാട്ടുകാര്‍ ചേര്‍ന്ന് തീ ആളിപ്പടര്‍ന്ന വാഹനത്തിനുള്ളില്‍നിന്ന് ഉടന്‍ തന്നെ വിദ്യാര്‍ത്ഥികളെ പുറത്തിറക്കി. സ്ഥലത്തുണ്ടായിരുന്ന വാഹനങ്ങളുടെ ഇലക്ട്രീഷ്യന്‍ രാജപ്പന്‍ ബസിനുള്ളില്‍ കടന്ന് ബാറ്ററിയുമായുള്ള വയറിംഗ് വിഛേദിച്ചതിനാലാണ് യഞ്ചിനില്‍ കൂടുതല്‍ തീ പടരാതിരുന്നത്. തുടര്‍ന്ന് നാട്ടുകാര്‍ ചേര്‍ന്ന് ക്ഷേത്രത്തില്‍ നിന്ന് വെള്ളമെത്തിച്ചാണ് വാഹനത്തില്‍ പടര്‍ന്നുകൊണ്ടിരുന്ന തീയണച്ചത്. വൈദ്യുതിഷോട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് സൂചന. നാട്ടുകാരായ സന്തോഷ്, തറപ്പേല്‍ അനി,ബിനുചക്കാലയ്‌ക്കല്‍,സാബുമങ്ങാട്ടേല്‍,ഉണ്ണിതറപ്പേല്‍ എന്നിവരാണ് രക്ഷാപ്രവര്‍ത്തന് നേതൃത്വം നല്‍കിയത്. ഇതേവാഹനംസമീപകാലത്ത് രണ്ടുതവണ സ്‌കൂള്‍വിദ്യാര്‍ത്ഥികളുമായി പോവുമ്പോള്‍അപകടത്തില്‍പ്പെട്ടിരുന്നുവെന്നും ആവശ്യമായ സുരക്ഷാമുന്‍കരുതലുകള്‍ എടുക്കണമെന്ന് പിടിഎ നേതൃത്വം സ്‌കൂള്‍ മനേജ്‌മെണ്ടിനോട് ആവശ്യപ്പെട്ടിരുന്നതാണെന്നും പിടിഎ പ്രസിഡണ്ട് എം.എന്‍ രമേശന്‍ പറഞ്ഞു.
















