ന്യൂദല്‍ഹി: മാവോയിസ്റ്റ് ആശയങ്ങളെ പിന്തുണക്കുന്ന ശബ്‌നം ഹാഷ്മിയുടേതുള്‍പ്പെടെ ഏഴ് എന്‍ജിഒകള്‍ക്ക് വിദേശ ഫണ്ട് സ്വീകരിക്കാന്‍ വിലക്ക്. ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് വിദേശ ഫണ്ട് സ്വീകരിക്കുന്നതിനുള്ള ഇവരുടെ എഫ്‌സിആര്‍എ അനുമതി റദ്ദാക്കിയത്.
ടീസ്ത സെതല്‍വാദിന്റെ സബ് രംഗ് ട്രസ്റ്റ്, സിറ്റിസണ്‍സ് ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ്, ശബ്‌നത്തിന്റെ അന്‍ഹദ് (ആക്ട് നൗ ഫോര്‍ ഹാര്‍മണി ആന്റ് ഡമോക്രസി), ഗ്രീന്‍പീസ്, മാര്‍വാര്‍ മുസ്ലിം എജ്യൂക്കേഷന്‍ ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി, നവസര്‍ജന്‍ ട്രസ്റ്റ്, റൂറല്‍ ഡവലപ്‌മെന്റ് റിസര്‍ച്ച് സെന്റര്‍ എന്നിവക്കാണ് അനുമതി നഷ്ടപ്പെട്ടത്.
ആഭ്യന്തരമന്ത്രാലയം നടത്തിയ അന്വേഷണത്തിന് ശേഷമാണ് നടപടി. വിദേശ ഫണ്ട് ഉപയോഗിച്ച് പൊതുതാത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇന്റലിജന്റ്‌സ് റിപ്പോര്‍ട്ടുണ്ടായിട്ടും ഏതാനും ദിവസം മുന്‍പ് ഇവരുടെ അനുമതി പുതുക്കി. വെബ്‌സൈറ്റ് ഹാക്ക് ചെയ്‌തോ വിവരങ്ങള്‍ ചോര്‍ത്തിയോ തിരിമറി നടന്നുവെന്നാണ് സര്‍ക്കാര്‍ നിഗമനം.
ഈ സാഹചര്യത്തിലാണ് അനുമതി റദ്ദാക്കിയത്. ഗുജറാത്ത് കലാപത്തിന്റെ പേരില്‍ എന്‍ജിഒ ഫണ്ട് തട്ടിയെടുത്തതിന് ടീസ്തക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തിട്ടുണ്ട്.
















