ന്യൂദല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ അഴിമതി വിരുദ്ധ പോരാട്ടവുമായി മുന്നോട്ട് പോകുമ്പോള്‍ അതിന് എതിര് നില്‍ക്കുന്നത് പ്രതിപക്ഷമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രധാനമന്ത്രി പ്രതിപക്ഷത്തിനെതിരേ പ്രധാനമന്ത്രി രൂക്ഷ വിമര്‍ശനം നടത്തിയത്.
അഴിമതി, കള്ളപ്പണം എന്നിവയെ തൂത്തെറിഞ്ഞ് രാജ്യത്തെ രക്ഷിക്കുന്നതിന് ഡിജിറ്റല്‍ ഇടപാടുകള്‍ സാധ്യമാക്കണമെന്നും മോദി പറഞ്ഞു. ഡിജിറ്റല്‍ ഇടപാടുകള്‍ കൂടുതല്‍ കാര്യക്ഷമവും വ്യാപകവുമാക്കണം. അത്തരത്തില്‍ ചെയ്യുന്നതിലൂടെ പാവപ്പെട്ട ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ സാധിക്കും. കൂടാതെ അഴിമതി, കള്ളപ്പണം എന്നിവയില്‍ നിന്ന് സ്വാതന്ത്ര്യം നേടാന്‍ മധ്യവര്‍ഗത്തിന് ഡിജിറ്റല്‍ ഇടപാടുകള്‍ സഹായകമാകുമെന്നും മോദി ചൂണ്ടിക്കാട്ടി.
ബിജെപി എംപിമാര്‍ നോട്ട് നിരോധനത്തിലെ ഉദ്ദേശശുദ്ധി ജനങ്ങളോട് വിശദീകരിക്കണമെന്നും അതിനായി അവരവരുടെ മണ്ഡലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അഴിമതി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കാനും പ്രധാനമന്ത്രി ബിജെപി എംപിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
ബിജെപിക്ക് അവരുടെ പാര്‍ട്ടിയേക്കാള്‍ വലുതാണ് രാജ്യം. എന്നാല്‍ കോണ്‍ഗ്രസിന്റെ കാര്യത്തില്‍ അത് നേര്‍വിപരീതമാണ്. അവര്‍ക്ക് അവരുടെ പാര്‍ട്ടിയാണ് രാജ്യത്തേക്കാള്‍ വലുതെന്നും മോദി തുറന്നടിച്ചു.
















