ശബരിമല: സൗജന്യ നിയമസഹായവുമായി ശബരിമല സന്നിധാനത്ത് ലീഗല്‍ എയ്ഡ് ക്ലിനിക്. കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നിയന്ത്രണത്തിലാണ് ലീഗല്‍ എയ്ഡ് ക്ലിനിക് പ്രവര്‍ത്തിക്കുന്നത്. അയ്യപ്പന്മാരുള്പ്പെടെ ശബരിമലയിലെത്തുന്ന എല്ലാവര്ക്കും സൗജന്യ നിയമസഹായം ലഭ്യമാക്കുകയാണ് ലീഗല്‍ എയ്ഡ് ക്ലിനിക്കിന്റെ ലക്ഷ്യം. സന്നിധാനത്തിനു പുറമേ പമ്പയിലും ലീഗല്‍ എയ്ഡ് ക്ലിനിക്ക് പ്രവര്‍ത്തിക്കുന്നുണ്ട്.
സ്വന്തം കൈപ്പടയില്‍ തയാറാക്കിയ പരാതികള്‍ ഇവിടെ സമര്‍പ്പിക്കാം. പരാതികള്‍ പത്തനംതിട്ട സബ് ജഡ്ജ് ആര്. ജയകൃഷ്ണന് പരിശോധിച്ച് തീര്‍പ്പാക്കും. ഡിസംബര്‍ രണ്ടിന് പ്രവര്‍ത്തനമാരംഭിച്ച ലീഗല്‍ എയ്ഡ് ക്ലിനിക്കില്‍ ഇതുവരെ മൂന്നു പരാതികളാണ് ലഭിച്ചിട്ടുള്ളത്. സിറ്റിംഗിനായി സബ്ജഡ്ജ് ആര്. ജയകൃഷ്ണന് ഡിസംബര്‍ 16ന് പമ്പയിലെയും സന്നിധാനത്തെയും ലീഗല്‍ എയ്ഡ് ക്ലിനിക്കുകള്‍ സന്ദര്‍ശിക്കും. നിലവില്‍ ലഭിച്ചിട്ടുള്ള മൂന്നു പരാതികള്‍ സബ്ജഡ്ജ് പരിശോധിക്കുകയും പുതിയ പരാതികള്‍ സ്വീകരിക്കുകയും ചെയ്യും.
നിയമബോധവത്കരണം നല്‍കുന്നതിന് മലയാളം, ഇംഗ്ലീഷ്, തമിഴ്, തെലുങ്ക് ഭാഷകളില്‍ തയാറാക്കിയ ബ്രോഷറുകള്‍ ലീഗല്‍ എയ്ഡ് ക്ലിനിക്കില്‍ പ്രദര്‍ശിപ്പിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമേ വീഡിയോ പ്രദര്‍ശനവും ക്രമീകരിച്ചിട്ടുണ്ട്.
നിയമബോധവത്കരണത്തിനൊപ്പം പമ്പയും സന്നിധാനവും മാലിന്യമുക്തമാക്കി സംരക്ഷിക്കണമെന്ന സന്ദേശവും വീഡിയോയിലൂടെ നല്കിവരുന്നു. 9846700100 എന്ന മൊബൈല്‍ നമ്പരില്‍ 24 മണിക്കൂറും നിയമസഹായം ലഭ്യമാക്കുന്ന സംവിധാനവും ലീഗല്‍ എയ്ഡ് ക്ലിനിക്കിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: