ശബരിമല: പഞ്ചാരിയില്‍ മേളപ്രപഞ്ചം സൃഷ്ടിച്ച് ബഹറനിലെ അയ്യപ്പന്മാര്. ബഹറിനില്‍ പ്രവര്‍ത്തിക്കുന്ന സോപാനം വാദ്യകലാസംഘത്തിലെ കലാകാരന്മാരാണ് ഇന്നലെ സന്നിധാനത്ത് മേളപ്രപഞ്ചം ഒരുക്കിയത്. മണലാരണ്യത്തിലെ കഠിന ജോലികള്‍ക്കിടയിലും ഉള്ളിലെ വാദ്യകല കെടാതെ സൂക്ഷിക്കുന്ന ഒരുകൂട്ടം പ്രവാസികളാണ് സോപാനം വാദ്യകലാസംഘത്തിലെ അംഗങ്ങള്‍. കുട്ടികളുള്‍പ്പെടെ 70 പേരടങ്ങിയതായിരുന്നു സംഘം. സംഘത്തില്‍ നാട്ടിലെ കലാകാരന്മാരും ഉള്‍പ്പെടും. തിരുമുറ്റത്ത് പഞ്ചാരിയില്‍ തീര്‍ത്ത മേളം ഒന്നര മണിക്കൂറോളം നീണ്ടു. വാദ്യകലാസംഘത്തിന്റെ സ്ഥാപകന്‍ കോഴിക്കോട് തിരുവങ്ങൂര്‍ സ്വദേശി കാഞ്ഞിലേരി പത്മനാഭന്റെ ശിഷ്യനായ സന്തോഷ് കൈലാസ് മേളപ്രമാണിയായിരുന്നു. ഏഴ് വര്‍ഷം മുമ്പ് ആരംഭിച്ച കേരളീയ വാദ്യകലാ പഠനകേന്ദ്രമാണ് സോപാനം വാദ്യകലാസംഘം.ഏറെ നാളത്തെ സ്വപ്നമാണ് അയ്യപ്പസ്വാമിയുടെ തിരുസന്നിധിയില്‍ പൂര്‍ത്തിയായതെന്ന് മേള കലാശത്തിനുശേഷം സന്തോഷ് കൈലാസ് പറഞ്ഞു. കഴിഞ്ഞ 11ന് ആണ് കലാകാരന്മാര് നാട്ടിലെത്തിയത്. തിരുവങ്ങൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍നിന്നും കെട്ട് നിറച്ചായിരുന്നു യാത്ര. കണ്ണൂര്‍ കടമ്പേരി ഭഗവതി ക്ഷേത്രം, പറശിനിക്കടവ്, കൊല്ലൂര്‍ മൂകാംബിക ക്ഷേത്രം, മുഴക്കുന്ന് മൃദംഗ ശൈലേശ്വരി ക്ഷേത്രം എന്നിവിടങ്ങളിലും മേളാര്‍ച്ചന നടത്തിയിരുന്നു. ബുധനാഴ്ച പമ്പാ ക്ഷേത്രത്തിലും പഞ്ചാരിമേളം അവതരിപ്പിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ ദര്‍ശനശേഷമാണ് അയ്യപ്പന് കാണിക്കയായി മേളം സമര്‍പ്പിച്ചത്. കുറുങ്കുഴലില്‍ കാഞ്ഞിലേരി അരവിന്ദന്, കൊമ്പില്‍ കൊരയങ്ങാട് ഷാജു, വലന്തലയില്‍ മേലൂര്‍ രാജേഷ്, ഇലത്താളത്തില്‍ സുധീഷ് തളി എന്നിവരും പ്രമാണികളായി. ഉച്ചയോടെ സംഘം മലയിറങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: