തൃശൂര്‍: സ്റ്റാര്‍ട്ട് ചെയ്ത വാഹനങ്ങളില്‍ നിന്നും വൈദ്യുതി ഉല്പാദിപ്പിക്കാമെന്ന കണ്ടുപിടുത്തവുമായി ഒരു പതിനൊന്നാം ക്ലാസുകാരന്.ചാലക്കുടി പോട്ട നെല്ലിപ്പുള്ളിവീട്ടില് ബിജുവിന്റെയും സീനയുടെയും മകനായ ആളൂര്‍ എസ്.എന്‍.വി.എച്ച്.എസിലെ സെബിന് ബിജുവാണ് വൈദ്യുതി ക്ഷാമത്തിന് പരിഹാരമായ കണ്ടുപിടുത്തം നടത്തിയത്.
സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരം കാണാനുതകുന്നതാണ് തന്റെ കണ്ടുപിടുത്തമെന്നും സെബിന് പത്രസമ്മേളനത്തില്‍ പറഞ്ഞു.വാഹനങ്ങളുടെ എഞ്ചിനില്‍, ഡയനാമോ എന്നിവയില്‍ നിന്നും ഉല്പാദിപ്പിക്കുന്ന ഡി.സി വാള്‍ട്ടിനെ എ.സിയാക്കി വയര്ലസ്ട്രാന്സ്മിഷനിലൂടെ പുറത്തേക്ക് വിടും.
ആ പവറിനെ റോഡിനടിയിലോ വശങ്ങളിലോ വയ്ക്കുന്ന സ്റ്റാറ്റിക് കോയില്സ് (റിസീവര്‍) ഉപയോഗിച്ച് സ്വീകരിച്ച് അടുത്തുള്ള പവര്‍ സ്റ്റേഷനില്‍ എത്തിച്ച് ഉയര്‍ന്ന വോള്‍ട്ടേജാക്കി മാറ്റി സൂക്ഷിക്കുകയോ ഉപയോഗിക്കുകയോ ചെയ്യാമെന്നാണ് സെബിന് പറയുന്നത്. ഇതിനായി വാഹനങ്ങളില്‍ ഒരു ഉപകരണം ഘടിപിക്കണം. അതിന് 5000 രൂപയില്‍ താഴെ മാത്രമേ വില വരുകയുള്ളൂ.വാഹനങ്ങള്‍ പുറം തള്ളുന്ന ഊര്‍ജം പിടിച്ചെടുക്കുന്നതിനുള്ള റിസീവറുകള്‍ സ്ഥാപിക്കുന്നതിന് ടോള്‍ ബൂത്തുകള്‍, ബസ്സ്റ്റാന്‍ഡുകള്‍, ട്രാഫിക് സിഗ്നല്‍ പോയന്റുകള്‍ എന്നിവയാകും ഉചിതം.
അന്താരാഷ്ട്രതലത്തില്‍ നടത്തിയ മല്‍സരത്തില്‍ ഈ പ്രോജക്ട് അവതരിപ്പ് ഒന്നാംസ്ഥാനം നേടിയ സെബിന് ഇതിനായുള്ള പേറ്റന്റ് ലഭിക്കാന്‍ അപേക്ഷ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. മാതാവ് സീന, അധ്യാപകന് കൃഷ്ണപ്രസാദ്, ബിനോ വി. ജോസ് എന്നിവരും പത്രസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: