വരന്തരപ്പിള്ളി : ആശങ്കകള്‍ക്കൊടുവില്‍ കച്ചേരിക്കടവ് പാലത്തിന്റെ നിര്‍മ്മാണം വീണ്ടും ആരംഭിച്ചു. വനംവകുപ്പ് സ്ഥലം വിട്ടുനല്‍കിയതോടെയാണ് പാലം നിര്‍മ്മാണത്തിന്റെ തടസ്സങ്ങള്‍ നീങ്ങിയത്. പാലത്തിന്റെ നിര്‍മ്മാണത്തിനും അനുബന്ധ റോഡിനും വനംവകുപ്പ് സ്ഥലം വിട്ടുനല്‍കിയതോടെയാണ് അനിശ്ചിതത്വത്തിനൊടുവില്‍ പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വീണ്ടും ആരംഭിച്ചത്. വനംവകുപ്പിന്റെ 70 സെന്റ് ഭൂമിയാണ് പാലം നിര്‍മ്മാണത്തിനായി വിട്ടു നല്‍കിയത്. കേന്ദ്ര വനംപരിസ്ഥിതി വകുപ്പിന്റെ അനുമതിയിലാണ് സംസ്ഥാന വനംവകുപ്പ് പാലത്തിന്റെ നിര്‍മ്മാണത്തിനായി പൊതുമരാമത്ത് വകുപ്പിന് സ്ഥലം കൈമാറിയത്. മൂന്ന് തൂണുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നതിനിടെയാണ് വനംവകുപ്പ് സ്ഥലം വിട്ടുനല്‍കാതെ പാലത്തിന്റെ നിര്‍മ്മാണം മന്ദഗതിയിലായത്. 66.96 മീറ്റര്‍ നീളവും 7.5 മീറ്റര്‍ വീതിയും, പാലത്തിന്റെ ഇരുവശങ്ങളിലും 1.5 മീറ്റര്‍ വീതിയില്‍ നടപ്പാതയും അപ്രോച്ച് റോഡും നിര്‍മ്മിക്കും. മുപ്ലിയം ഭാഗത്ത് 150 മീറ്റര്‍ നീളത്തിലും വരന്തരപ്പിള്ളി ഭാഗത്ത് 100 മീറ്റര്‍ നീളത്തിലും അനുബന്ധ റോഡും നിര്‍മ്മിക്കും. പാലം നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ വരന്തരപ്പിള്ളി മുപ്ലിയം പ്രദേശത്തുള്ളവരുടെ ദുരിതയാത്രക്ക് അവസാനമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: