പാശ്ചാത്യ രാജ്യങ്ങളില്‍ നിലവിലുള്ള ഏകീകൃത ജീവന് രക്ഷാ സംവിധാനങ്ങള്‍ക്ക് വിരുദ്ധമായി ഇന്ത്യന്‍ ഭൂഖണ്ഡത്തില്‍ അത്യാഹിത ചികിത്സാ വിഭാഗത്തെ തീര്‍ത്തും അവഗണിച്ചിരിക്കുകയാണ്. അടിയന്തര ഘട്ടങ്ങള്‍ ഉടലെടുത്താല്‍ അതിനെ കൃത്യമായ രീതിയില്‍ നേരിടാനുള്ള അറിവോ പരിചയമോ സംവിധാനങ്ങളോ നമ്മുടെ നാട്ടില്‍ കുറവാണ്. അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ ഞെട്ടലും സഹായധനവും അന്വേഷണവും പ്രഖ്യാപിക്കുന്നതൊഴിച്ചാല്‍ ശാസ്ത്രീയമായി ജനങ്ങളുടെ ജീവന്‍രക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനുള്ള ഒരു നീക്കവും ബന്ധപെട്ടവരുടെ ഭാഗത്തു നിന്നുണ്ടാകുന്നില്ല.
അപകടങ്ങള്‍ സംഭവിക്കുമ്പോള്‍ മാത്രമാണ് അത്യാഹിത ചികിത്സയെക്കുറിച്ച് എല്ലാവരും ഓര്‍ക്കുന്നതുതന്നെ. കൃത്യമായ രീതിയിലുള്ള പ്രാഥമിക രക്ഷാപ്രവര്‍ത്തനങ്ങള്‍ അപകട സ്ഥലത്തുതന്നെ നല്കിയെങ്കില് മാത്രമേ ആശുപത്രികളില്‍ എത്തിച്ചാലും ജീവന് രക്ഷിക്കാനും ഫലപ്രദമായ തുടര്‍ചികിത്സ നല്‍കാനും കഴിയൂ. ഇത് സാധ്യമാകണമെങ്കില്‍ ഇത്തരം അടിയന്തിര ഘട്ടങ്ങളെ നേരിടാന്‍ ജനങ്ങളെ പ്രാപ്തരാക്കേണ്ടതുണ്ട് . വിപുലമായ പ്രായോഗിക പരിശീലന പരിപാടികളും പത്ര ദൃശ്യ ശ്രവ്യ മാധ്യമങ്ങള്‍, സര്‍ക്കാര്‍ തലത്തിലുള്ള പ്രചാരണ പരിപാടികള്‍ എന്നിവയിലൂടെ അടിയന്തര ചികിത്സയുടെ പ്രാധാന്യത്തെപ്പറ്റി ജനങ്ങളില്‍ അവബോധം സൃഷ്ടിക്കേണ്ടതുണ്ട്.
പ്രഥമ ശുശ്രൂഷ നല്‍കേണ്ടത് ആശുപത്രിയില്‍ മാത്രമാണെന്ന തെറ്റിധാരണ ജനമധ്യത്തില്‍ നിലനില്ക്കുന്നു . രോഗിയുടെ അടുത്തുള്ള ആര്‍ക്കും പ്രഥമ ശുശ്രൂഷ നല്കാന് കഴിയും. വേവലാതിപ്പെടുന്നതിനു പകരം അപകടത്തിന്റെ കാഠിന്യം മനസ്സിലാക്കി വിവേകപൂര്‍വ്വം പ്രഥമ ശുശ്രൂഷ നല്കി അനേകം ജീവന് രക്ഷിക്കാന്‍ സാധിക്കും. അപകടങ്ങളാല്‍ പൂര്‍ണ്ണമായി നാഡീസ്പന്ദനം നഷ്ടപ്പെട്ട രോഗികളുടെ മരണസാധ്യത കൂടുതലായതിനാല്‍, അവരെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനു പകരം രക്ഷപ്പെടാന്‍ സാധ്യതയുള്ളവര്‍ക്ക് പ്രഥമപരിഗണന നല്‍കുന്നതാണ് അഭികാമ്യം.
അപകട മേഖലയില്‍ ബോധരഹിതനായി കിടക്കുന്നയാളിനും അമിത രക്തസ്രാവമോ ശ്വസന വൈകല്യങ്ങളോ പ്രകടിപ്പിക്കുന്നവര്‍ക്കും മുന്‍ഗണന നല്‍കേണ്ടതാണ്. കാരണം മിനിട്ടുകള്‍ക്കകം അവര്‍ മരിക്കാന്‍ സാധ്യതയുണ്ട്. അലറി വിളിച്ചുകൊണ്ടിരിക്കുന്നത് ശ്വസന തടസ്സം ഇല്ല എന്നതിന്റെ തെളിവാണ് . അങ്ങനെയുള്ളവര്‍ക്ക് രണ്ടാമതായാണ് പരിഗണന നല്‍കേണ്ടത്.
ചെയ്യേണ്ടതെന്ത്?
- സുരക്ഷിത സ്ഥാനത്തേക്ക് രോഗിയെ മാറ്റുക. സ്വന്തം സുരക്ഷ ഉറപ്പു വരുത്തുക.
- ഉടന്‍ ആംബുലന്‍സ് വിളിക്കുക.
- കഴുത്തില്‍ നാഡിമിടിപ്പുണ്ടോ എന്നു നോക്കുക?
ഇല്ലെങ്കില്‍ 30 തവണ നെഞ്ചില്‍ അമര്‍ത്തിയ ശേഷം (മിനിറ്റില്‍ 100 മുതല്‍ 120 തവണ), പറ്റുമെങ്കില്‍ രണ്ടുതവണ രോഗിയുടെ മൂക്കടച്ചുപിടിച്ചു രക്ഷാശ്വാ സം നല്‍കുക. ഹൃദയമിടിപ്പ് വീണ്ടെടുത്തുകഴിഞ്ഞാല്‍ മര്‍ദ്ദം നല്‍കുന്നത് അവസാനിപ്പിക്കുക. രണ്ട് മിനിട്ടിലൊരിക്കല്‍ കഴുത്തിലെ നാഡിമിടിപ്പ് നഷ്ടപ്പെട്ടിട്ടില്ലെന്നു ഉറപ്പു വരുത്തുക.
- ശ്വസിക്കുന്നുണ്ടോ (നെഞ്ചുയരുന്നുണ്ടോ ) എന്നു നോക്കുക?
ഇല്ലെങ്കില്‍ ശ്വാസതടസ്സങ്ങള്‍ മാറ്റിയ ശേഷം, ആറ് സെക്കന്റിലൊരിക്കല്‍ നെഞ്ചുയരത്തക്കവിധം രക്ഷാശ്വാസം നല്‍കുക.
ഛര്‍ദിച്ചുണ്ടാകുന്ന ശ്വാസതടസ്സം ഒഴിവാക്കാന്‍ ഇടത്തോട്ട് ചരിച്ചുകിടത്താം.
- നട്ടെല്ലിനു ക്ഷതം സംശയിക്കുന്നെങ്കില്‍ കഴുത്ത് അനക്കാതെ സൂക്ഷിക്കണം. തൂക്കിയെടുത്തോ വളച്ചോ രോഗിയെ വണ്ടിയില്‍ കയറ്റരുത്. സുഷുമ്നാകാണ്ഡത്തിനു ക്ഷതം സംഭവിച്ച് കൈകാലുകള്‍ തളര്‍ന്നുപോകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തടിക്കഷണം ഉരുട്ടുന്നത് പോലെ രോഗിയെ ഒരു പരന്ന പ്രതലത്തിലേക്ക് മാറ്റുക. ഇതിനെയാണ് ലോഗ്റോളിംഗ് എന്ന് പറയുന്നത്.
- രക്തയോട്ടത്തിനു തടസ്സമുണ്ടാക്കാതെ രക്തസ്രാവം തടയുക (തുണിക്കഷണം ഉപയോഗിക്കാം). രക്തസ്രാവം തടയാത്ത പക്ഷം ഹൃദയസ്തംഭനം സംഭവിക്കാം. മൂര്‍ച്ചയേറിയ വസ്തു തറച്ചിരിക്കുകയാണെങ്കില്‍ വലിച്ചൂരരുത്. രക്തസ്രാവം വര്‍ധിക്കാം. കഴുത്തിലെ ശ്വാസനാളത്തില്‍ തറച്ചിരിക്കുന്ന വസ്തുക്കള്‍ മാത്രം നീക്കം ചെയ്യണം.
- ഒടിഞ്ഞ അസ്ഥികള്‍ നിവര്‍ത്താന്‍ ശ്രമിക്കരുത്. അസ്ഥിയുടെ വശങ്ങളില് കൂടി പോകുന്ന രക്തധമനികളോ ഞരമ്പുകളോ മുറിഞ്ഞുപോകാന്‍ സാധ്യതയുണ്ട്. ഒടിവുണ്ടെങ്കില്‍ അതേ രീതിയില്‍ ഒരു തടിക്കഷണത്തോട് ചേര്‍ത്തു അനക്കാന്‍ പറ്റാത്തവിധം കെട്ടി വയ്ക്കുക.
- വിദഗ്ധ ചികിത്സക്ക് എത്രയും വേഗം അടുത്തുള്ള എമര്‍ജന്‍സി മെഡിസിന് വിഭാഗത്തിലെത്തിക്കുക.
- അറ്റുപോയ അവയവങ്ങളുണ്ടെങ്കില്‍ അവയും ആശുപത്രിയില്‍ എത്തിക്കുക.
- തുടര്‍ചികിത്സയുടെ വിജയം, ലഭ്യമായിട്ടുള്ള പ്രഥമ ശുശ്രൂഷയെ ആശ്രയിച്ചിരിക്കും.
- കേന്ദ്ര റോഡ് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം റോഡപകടം മൂലം അത്യാസന്നനിലയിലാകുന്ന രോഗികളെ ആശുപത്രിയില്‍ എത്തിക്കുന്ന കര്‍മ്മബോധമുള്ള ഇന്ത്യന്‍ പൗരന് മാര്‍ക്ക് നിയമപരമായി യാതൊരു വിധത്തിലുള്ള ബുദ്ധിമുട്ടുകളും ആശുപത്രി അധികാരികളില്‍ നിന്നോ , പോലീസിന്റെ ഭാഗത്തു നിന്നോ ഉണ്ടാകുകയില്ല. സ്വന്തം പേരോ വിലാസമോ വെളിപ്പെടുത്തേണ്ട ആവശ്യം പോലും ഇല്ല. സാമ്പത്തിക ബാധ്യതയും ഉണ്ടാകുന്നതല്ല . മാത്രവുമല്ല അത്തരം പൗരന്മാര്ക്ക് സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പ്രകാരം പാരിതോഷികത്തിന് അര്‍ഹതയുണ്ടായിരിക്കും. ഏതെങ്കിലും തരത്തില്‍ രോഗിയെ സഹായിക്കാനെത്തുന്ന പൗരനെ ശാരീരികമായോ മാനസികമായോ ഉപദ്രവിക്കുകയാണെങ്കില്‍ പോലീസിനെതിരെയും ആശുപത്രിക്കെതിരേയും ശക്തമായ നിയമ നടപടികളെടുക്കാം.
അപകടങ്ങള്‍ നിങ്ങള്‍ക്കും നിങ്ങളുടെ വേണ്ടപ്പെട്ടവര്‍ക്കും സംഭവിക്കാമെന്നുകൂടി ഓര്‍മ്മിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: