തൃശൂര്‍: ടി.എന്‍.പ്രതാപനെ ഡിസിസി പ്രസിഡണ്ടായി നിയമിച്ചതോടെ ജില്ലയിലെ കോണ്‍ഗ്രസ്സില്‍ കലഹം രൂക്ഷമായി. ഗ്രൂപ്പുകള്‍ക്കുള്ളില്‍ ഗ്രൂപ്പുകളായി ചേരിതിരിഞ്ഞുനില്‍ക്കുന്ന മുതിര്‍ന്ന നേതാക്കളെല്ലാം നിസ്സഹകരണം പ്രഖ്യാപിച്ച മട്ടാണ്. സി.എന്‍.ബാലകൃഷ്ണന്റേയും പത്മജ വേണുഗോപാലിന്റേയും നേതൃത്വത്തിലുള്ള ഐ ഗ്രൂപ്പുകളും പി.എ.മാധവന്, ഒ.അബ്ദുറഹ്മാന്‍കുട്ടി എന്നിവരുടെ നേതൃത്വത്തിലുള്ള എ.ഗ്രൂപ്പും പരസ്യപ്രതിഷേധത്തിലാണ്. കെ.പി.വിശ്വനാഥന്റെ നേതൃത്വത്തിലുള്ള എഗ്രൂപ്പ് മാത്രമാണ് പരസ്യമായി എതിര്‍പ്പ് പ്രകടിപ്പിക്കാത്തത്. വി.എം.സുധീരന്റെ നോമിനിയാണ് ടി.എന്‍.പ്രതാപന്. സീനിയര്‍ നേതാക്കളെ തഴഞ്ഞ് കെപിസിസി പ്രസിഡണ്ടിന്റെ നോമിനിയെ പ്രസിഡണ്ടാക്കിയത് ജില്ലയിലെ കോണ്‍ഗ്രസ്സിന്റെ അന്ത്യം കുറിക്കുമെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു. ഗ്രൂപ്പില്ല എന്നുപറയുന്ന സുധീരന് ജില്ലയില്‍ സ്വന്തം ഗ്രൂപ്പ് സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. പാരമ്പര്യമുള്ള നേതാക്കളെ മുഴുവന്‍ തഴയുന്നത് പാര്‍ട്ടിയുടെ സ്വാധീനവും ജനപിന്തുണയും നഷ്ടപ്പെടാന്‍ ഇടയാക്കുമെന്നാണ് ഇവരുടെ അഭിപ്രായം. സി.എന്‍.ബാലകൃഷ്ണന്, പത്മജ വേണുഗോപാല്‍, ടി.വി.ചന്ദ്രമോഹന്, പി.എ.മാധവന്, ജോസഫ് ടാജറ്റ്, ജോസ് വള്ളൂര്‍ തുടങ്ങി അരഡസന്‍ പേരുകള്‍ ഡിസിസി പ്രസിഡണ്ട് സ്ഥാനത്തേക്ക് ഗ്രൂപ്പുകള്‍ നിര്‍ദ്ദേശിച്ചിരുന്നു. ഇതെല്ലാം ഒഴിവാക്കിയാണ് സുധീരന്റെ സമ്മര്‍ദ്ദത്തില്‍ പ്രതാപന് നറുക്കുവീണത്. ജില്ലയിലെ കോണ്‍ഗ്രസ്സില്‍ കാര്യമായ അണികളോ, സ്വാധീനമോ ഇല്ലാത്ത പ്രതാപന് ഈ നേതാക്കളുടെ എതിര്പ്പുകൂടിയാകുമ്പോള് വെള്ളംകുടിക്കുമെന്നുറപ്പാണ്. അനില്‍ അക്കര എംഎല്‍എ മാത്രമാണ് പ്രതാപനൊപ്പമുള്ളത്. നേതാക്കളില്‍ ബഹുഭൂരിപക്ഷവും പ്രതാപനെ എതിര്‍ക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: