സ്വന്തം ലേഖകന്‍
ഗുരുവായൂര്‍: വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ഗുരുവായൂര്‍ ഏകാദശി.പതിനായിരക്കണക്കിന് വ്രതനിഷ്ഠരായ ഭക്തജനങ്ങള്‍ ഇന്ന് ഭഗവാനെ തൊഴുത് സായൂജ്യമടയും. ഏകാദശി ആഘോഷങ്ങളുടെ ഭാഗമായി വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിരുക്കുന്നത്. ഇന്നലെ നിര്‍മ്മാല്യത്തിന് തുറന്ന ക്ഷേത്രം ഏകാദശി കഴിഞ്ഞ് ദ്വാദശി ദിവസമായ നാളെ രാവിലെ എട്ട് മണിവരെ തുറന്നിരിക്കും.അതുവരെ ക്ഷേത്രത്തില്‍ ദര്‍ശനത്തിന് സൗകര്യമുണ്ടാകും. ക്ഷേത്രത്തിനകത്ത് പെരുവനം കുട്ടന് മാരാരുടെ നേതൃത്വത്തില്‍ ചെണ്ട മേളവും, ഗുരുവായൂര്‍ ഗോപന്റെ നേതൃത്വത്തില്‍ തായമ്പകയും നടക്കും.
കാലത്ത് പത്ത് മണിക്ക് ക്ഷേത്ര നടയില്‍ നിന്ന് കോലമേറ്റിയ മൂന്ന് ഗജവീരന്മാരും വൈക്കം ചന്ദ്രന്റെ നേതൃത്വത്തിലുളള പഞ്ചവാദ്യവും സഹിതം പാര്‍ത്ഥിസാരഥി ക്ഷേത്രത്തിലേക്കുളള എഴുന്നെളളിപ്പ് പതിവുപോലെ നടക്കും. ഒമ്പതര മുതല്‍ ഗോതമ്പ് ചോറ്, രസകാളന്‍, പുഴുക്ക്, അച്ചാര്‍, ഗോതമ്പ് പായസം എന്നീ വിഭവങ്ങളോടുകൂടി മുപ്പതിനായിരം പേര്‍ക്കുളള സദ്യ വിളമ്പും.
അന്നലക്ഷമി ഹാളിന് പുറമെ ക്ഷേത്രക്കുളത്തിന്റെ പടിഞ്ഞാറ് വശത്തും വടക്കു വശത്തും അന്നദാനത്തിനുളള പ്രത്യേക പന്തലുകള്‍ ഒരുക്കിയിട്ടുണ്ട്. ഉച്ചക്ക് രണ്ട് മണിക്ക് കൂറൂരമ്മ ഹാളില്‍ ശ്രീഗുരുവായൂരപ്പന് സുവര്‍ണ്ണ മുദ്രക്കായുളള അഖില കേരള അക്ഷര ശ്ലോക മത്സരം നടക്കും.
നാളെ രാവിലെ നടക്കുന്ന ദ്വാദശിപ്പണ സമര്‍പ്പണത്തോടും, പാരണ വീടലോടും കൂടി ഈ വര്‍ഷത്തെ ഏകാദശി ആഘോഷങ്ങള്‍ക്ക് തിരശ്ശീല വീഴും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: