പത്തനംതിട്ട: കായിക മേഖലയില്‍ വിദ്യാഭ്യാസ, കായിക വകുപ്പുകള്‍ ജില്ലയോട് അവഗണന തുടരുകയാണെന്ന് ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്കൂളിലെ കായിക അദ്ധ്യാപകന് അനീഷ്. സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ കുട്ടികളെയും കായിക അദ്ധ്യാപകരെയും അനുമോദിക്കുന്നതിനായി പത്തനംതിട്ട പ്രസ് ക്ലബ്ബ് നടത്തിയ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കായിക മേഖലയോട് അഭിരുചിയുള്ള കുട്ടികള്‍ ജില്ലയില്‍ ധാരാളം പേരുണ്ട്. എന്നാല്‍ അവരെ വളര്‍ത്തിയെടുക്കാനുള്ള സാഹചര്യങ്ങള്‍ ജില്ലയ്ക്ക് വിദൂര സ്വപ്നമാണ്. അവര്‍ക്കാവശ്യമായ പരിശീലന സൗകര്യങ്ങളോ സാമ്പത്തിക സഹായങ്ങളോ നല്കാന് ഭരണകൂടം പോലും തയാറാകാതെ വരുന്നു. സാമ്പത്തിക പരാധീനതയില്‍പ്പെട്ട പലകുട്ടികളും അങ്ങനെ ഈ മേഖല ഉപേക്ഷിച്ച് പോകുകയാണ് പതിവ്. ജില്ലയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത മുതലെടുത്ത് ജില്ലയിലെ മികച്ച കായിക താരങ്ങളെ പലപ്പോഴും മറ്റു ജില്ലക്കാര്‍ മികച്ച സൗകര്യങ്ങളും പരിശീലനവും വാഗ്ദാനം ചെയ്ത് അവരിലേക്ക് ആകര്‍ഷിക്കുന്നു. അതിനാല്‍ ഈ ജില്ലക്കാരായ മികച്ച കായിക താരങ്ങളില്‍ പലരും മറ്റു ജില്ലയ്ക്ക് വേണ്ടിയാണ് മത്സരിക്കുന്നത്. പത്തനംതിട്ടയ്ക്ക് ലഭിക്കേണ്ട മെഡലുകളാണ് അധികൃതരുടെ ഇത്തരം സമീപനങ്ങള്‍ക്കൊണ്ട് നഷ്ടമായിക്കൊണ്ടിരിക്കുന്നത്. സംസ്ഥാന സ്കൂള്‍ കായിക മേളയില്‍ ജില്ലയില്‍ നിന്നും 200 കുട്ടികളാണ് പങ്കെടുത്തത്. അവരില്‍ ഭൂരിഭാഗം പേര്‍ക്കും ജില്ലയുടെ പേര് പതിപ്പിച്ച ജേഴ്സിയില്ലായിരുന്നു. അതിനാല്‍ കുട്ടികളെ തിരിച്ചറിയാനായി മാര്‍ഗങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. മറ്റു ജില്ലയിലെ കുട്ടികള്‍ അവരവരുടെ ജില്ലയുടെ പേര് പതിപ്പിച്ച ജേഴ്സിയണിഞ്ഞ് വന്നിറങ്ങുന്നത് കണ്ട് നമ്മുടെ ജില്ലക്കാരായ കുട്ടികള്‍ മാനസികമായി പിരിമുറുക്കത്തിലായിരുന്നു.
പുല്ലാട് എസ്വിഎച്ച്എസ് സ്കൂളിലെ വിദ്യാര്‍ത്ഥിയും സബ്ബ് ജൂനിയര്‍ വിഭാഗം ഹൈജംപില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ ഭരത് രാജും, ഇരവിപേരൂര്‍ സെന്റ് ജോണ്‍സ് സ്കൂള്‍ വിദ്യാര്‍ത്ഥിയും ജൂനിയര്‍ വിഭാഗം 400 മീറ്ററില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയ അനന്തു വിജയനും ദേശീയ ഗെയിംസിലും ഒളിംപിക്സിലും വരെ മത്സരിക്കാന്‍ കഴിവുള്ള കുട്ടികളാണെന്ന് കായിക അധ്യാപകരായ അനീഷും, ജി.സുരേഷ്കുമാറും ഒരേ സ്വരത്തില്‍ പറയുന്നു. സംസ്ഥാനത്ത് 16-ാം സ്ഥാനത്തായിരുന്ന പത്തനംതിട്ട ജില്ലയെ 9-ാം സ്ഥാനത്തേക്ക് എത്തിക്കാന്‍ ഈ നേട്ടം കൊണ്ട് സാധിച്ചു. എന്നാല്‍ എഇഒ അടക്കമുള്ള ജില്ലയിലെ വിദ്യാഭ്യാസ മേഖലയിലെ ഉന്നതരാരും ഈ കുട്ടികളെ ഇതുവരെയും അനുമോദിക്കാത്തത് സങ്കടമായി തന്നെ തുടരുന്നു. ഇരു കായികാധ്യാപകരും സ്വന്തം ചെലവിലാണ് കുട്ടികള്‍ക്ക് പരിശീലനം നല്‍കുന്നത്. അതിനാല്‍ മികച്ച സൗകര്യങ്ങള്‍ വാഗ്ദാനം ചെയ്ത് ആരു വന്നാലും പത്തനംതിട്ട ജില്ലയ്ക്കു വേണ്ടി മാത്രമെ മത്സരിക്കുകയുള്ളെന്നും ഈ കായികാധ്യാപകരുടെ ശിക്ഷണത്തില്‍ തന്നെ തുടരാനാണ് താല്പര്യമെന്നും കുട്ടികളും പറയുന്നു. പ്രസ് ക്ലബ്ബ് പ്രസിഡന്റ് സാം ചെമ്പകത്തിലും, സെക്രട്ടറി എബ്രഹാം തടിയൂരും കുട്ടികളെയും അധ്യാപരെയും പൊന്നാട അണിയിച്ച് ആദരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: