ശബരിമല: അയ്യപ്പന്മാര്ക്ക് കുടിവെള്ളം സുലഭമാക്കുന്നതിനായി ജലവകുപ്പ് കൂടുതല്‍ ഇടങ്ങളിലേക്ക് പ്രവര്‍ത്തനം വ്യാപിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി നീലിമലയില്‍ ദിവസം 20000 ലീറ്റര്‍ കുടിവെള്ളം ലഭ്യമാക്കുന്ന ആര്‍ഓ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു.
ഇന്നലെ കിയോസ്കുകള്‍ സ്ഥാപിക്കുന്ന അവസാനവട്ട ഒരുക്കങ്ങള്‍ പൂര്‍ത്തിയായതോടെ കുടിവെള്ള വിതരണം പൂര്‍ണതോതില്‍ ആയെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് ഉണ്ണിത്താന് പറഞ്ഞു. അപ്പാച്ചിമേടു മുതല്‍ നീലിമലവരെ നിലവില്‍ 17 കിയോസ്കുകള്‍ ഉണ്ട്. ഇതിന്റെ എണ്ണം വര്‍ധിപ്പിക്കും. ഇവിടെ ചുക്കുവെള്ളവിതരണം കാര്യക്ഷമമായി നടക്കുന്നുണ്ടെങ്കിലും ജലദൗര്‍ലഭ്യം അയ്യപ്പന്മാരെ ബുദ്ധിമുട്ടിലാക്കുന്ന സാഹചര്യത്തിലാണ്. പത്ത് ടാപ്പുകള്‍ അടങ്ങിയ അഞ്ചുവീതം കിയോസ്കുകള്‍ സ്ഥാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. പമ്പമുതല്‍ സന്നിധാനം വരെ 226 ടാപ്പുകള്‍ അടങ്ങിയ 93 വാട്ടര്‍ കിയോസ്കുകളും നിലയ്ക്കലില്‍ 48 ടാപ്പുകളോടു കൂടിയ 22 കിയോസ്കുകളും പ്രവര്‍ത്തന സജ്ജമാണ്. ഭക്തര്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നതിന് ആവശ്യമായ കിയോസ്കുകള്‍ വേണ്ടിവന്നാല്‍ അധികമായി സ്ഥാപിക്കുന്നതിനുള്ള സജ്ജീകരണങ്ങളും വാട്ടര്‍ അഥോറിറ്റി തയ്യാറാക്കിയിട്ടുണ്ടെന്ന് അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ രാജേഷ് ഉണ്ണിത്താന് പറഞ്ഞു. നിലവില്‍ ചെളിക്കുഴിവരെ ജലവിതരണ സംവിധാനം വാട്ടര്‍ അഥോറിറ്റി ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെനിന്നും ചരല്മേട്ടിലേക്കും അടിയന്തിരമായി വാട്ടര്‍ കിയോസ്ക് സംവിധാനം നടപ്പാക്കും. കൃത്യമായ മേല്‍നോട്ടവും ശുചീകരണവും അറ്റകുറ്റപ്പണികളും നടത്തുന്നതിന് ജലവകുപ്പ് ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. ഇത് കൃത്യമായി നടപ്പാകുന്നുണ്ടോ എന്ന് പരിശോധിക്കുകയും ചെയ്യും. പലയിടങ്ങളിലും കിയോസ്കുകളില്‍ അയ്യപ്പന്മാര്ക്കായി ഗ്ലാസുകള്‍ സജ്ജമാക്കിയിട്ടുണ്ട്. ഭക്തര്‍ ഗ്ലാസുകള്‍ കൊണ്ടുപോയാല്‍ പകരമായി ഇതെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു കഴിഞ്ഞതായും രാജേഷ് ഉണ്ണിത്താന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: