ശബരിമല : ശബരിമലയിലും പമ്പയിലും കനത്ത മഴ. വ്യാഴാഴ്ച രാത്രി ഏഴോടെയാണ് അപ്രതീക്ഷിതമായി കനത്ത മഴ പെയ്തത്. വ്യാഴാഴ്ച രാത്രി ഏഴുമണിയോടെ തുടങ്ങിയ മഴ രണ്ടു മണിക്കൂറിലേറെ നീണ്ടുനിന്നു. മഴ തിമിര്‍ത്തു പെയ്തതോടെ തീര്‍ഥാടകര്‍ വിരി വയ്ക്കാനും മറ്റും കഴിയാതെ വിഷമിച്ചു. ഇത് രണ്ടാംതവണയാണ്ഇത്തവണ ശബരിമലയില്‍ മഴ പെയ്തത്.
മരക്കൂട്ടം മുതലാണ് അതിശക്തമായി മഴ പെയ്തത്. ഈസമയം മല കയറുകയായിരുന്ന തീര്‍ഥാടകര്‍ ചളിയിലും മറ്റും പെട്ട് കയറാന്‍ കഴിയാതെ വിഷമിച്ചു. പ്രതീക്ഷിക്കാതെ മഴ പെയ്തതോടെ പലരും തോര്‍ത്തും മറ്റും തലയിലിട്ടാണ് സന്നിധാനത്തേക്കെത്തിയത്. മാളികപ്പുറം നടപ്പന്തല്‍, വലിയ നടപ്പന്തല്‍, പോസ്റ്റ്ഓഫീസ് പരിസരം, മഹാഭണ്ഡാരം പരിസരം എന്നിവിടങ്ങളില്‍ തീര്‍ഥാടകര്‍ കയറിനിന്നതോടെ തിക്കും തിരക്കുമായി. വിരിപ്പുരകളിലും മറ്റും എത്താന്‍ കഴിയാതെ കുട്ടികള്‍ അടക്കമുള്ളവര്‍ വിഷമിച്ചു. മഴയെതുടര്‍ന്ന് സന്നിധാനത്തെയും പരിസരങ്ങളിലെയും കടുത്ത പൊടിശല്യത്തിന് ശമനമായി.
പമ്പയില്‍ മഴ കനത്തതോടെ തീര്‍ഥാടകര്‍ നടപ്പന്തലില്‍ തടിച്ചുകൂടി. ഇവിടെ നിന്നും മലയിലേക്ക് ആളുകളെ കടത്തിവിടുന്നതില്‍ ചെറിയ തോതില്‍ നയന്ത്രണം ഏര്‍പ്പെടുത്തി. പമ്പാ നദിയുടെ ഇരുകരകളിലും സുരക്ഷാ സൈനികരും ദുരന്ത നിവാരണസേനയും ജാഗ്രത പുലര്‍ത്തുന്നുണ്ട്. കഴിഞ്ഞവര്‍ഷമുണ്ടായ കനത്ത മഴയെതുടര്‍ന്ന് പമ്പയില്‍ നിരവധി വാഹനങ്ങള്‍ ഒഴുക്കില്‍പ്പെട്ട് നശിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: