വീല്‍ ചെയറിലിരുന്ന് ഇന്ത്യയ്ക്ക് വേണ്ടിയൊരു സ്വര്‍ണ മെഡല്‍ സ്വപ്നം കാണുകയാണ് പതിനേഴുകാരി ഭവിന പട്ടേല്‍. ടേബിള്‍ ടെന്നീസിലാണ് ഭവിന പോരാടനൊരുങ്ങുന്നത്. 2020ലെ പാരാലിമ്പിക്സ് ലക്ഷ്യമിട്ടാണ് ഇവളുടെ പരിശ്രമം. എല്ലാവരുടെയും അനുഗ്രഹവും പ്രാര്‍ത്ഥനയുമുണ്ടെങ്കില്‍ അത് നിഷ്പ്രയാസം സാധിക്കുമെന്ന് ഇവള് ഉറച്ച് വിശ്വസിക്കുന്നു.
ഗുജറാത്തിലെ ഗ്രാമമായ സുന്ധിയയില് നിന്ന് 2004 ലാണ് ഭവിന അഹമ്മദാബാദിലെത്തിയത്. അന്ന് ആദ്യമായാണ് അവള് പുറം ലോകം കണ്ടത്. ഇന്നവള്‍ ഏകലവ്യ പുരസ്കാര ജേതാവാണ്. 45 ചതുരശ്ര അടി വരുന്ന ടേബിള്‍ ടെന്നീസ് കോര്‍ട്ട് ഇന്ന് ഇവളുടെ സാമ്രാജ്യമാണ്.
ശാരീരിക വെല്ലുവിളികള്‍ മറികടന്ന് ഈ പതിനേഴുകാരി രാജ്യാന്തര വേദികളില്‍ നിന്ന് ഇതിനകം തന്നെ നിരവധി മെഡലുകള്‍ രാജ്യത്തിനായി നേടി. തായ്ലന്ഡ് ഓപ്പണ്‍, ജപ്പാന് ഓപ്പണ്‍ എന്നിവിടയില്‍ മിന്നുന്ന പ്രകടനമാണ് ഭവിന കാഴ്ച വച്ചത്.
ഇപ്പോള്‍ രാജ്യാന്തര ടേബിള്‍ ടെന്നീസ് ഫെഡറേഷന് സംഘടിപ്പിക്കുന്ന 2018 ലെ പാരാ ടേബിള്‍ ടെന്നീസ് ലോക ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനൊരുങ്ങുകയാണ് ഭവിന. എങ്കിലും ടോക്കിയോ പാരാലിമ്പിക്സില്‍ മെഡല്‍ നേടുകയെന്നതാണ് ഭവിനയുടെ ആത്യന്തിക ലക്ഷ്യം. കായികതാരങ്ങളുടെ ശക്തി മനസിലാണെന്ന വിശ്വാസക്കാരിയാണ് ഈ പെണ്‍കുട്ടി. ശാരീരിക വൈകല്യങ്ങളെ മറികടക്കാന്‍ മനഃസ്ഥൈര്യത്തിനാകുമെന്ന് ഇവള് നമ്മെ പഠിപ്പിക്കുന്നു. മനസിനെ വിജയത്തിനായി കാത്തുവയ്ക്കുക. എല്ലാം പിന്നാലെ വന്ന് കൊളളും, ഭവിന പറയുന്നു. ഭിന്നശേഷിയുളളവരോ ഇല്ലാത്തവരോ ആകട്ടെ നിങ്ങള്‍ ഒരിക്കലും സ്വയം കുറച്ച് കാണരുത്. എല്ലാവരിലും അനിതരസാധാരണമായ കഴിവുകളുണ്ട്. അതിനെ പുറത്തെടുക്കുക, ആദരിക്കുക ഇതാണ് ഭവിനയ്ക്ക് ലോകത്തോട് പറയാനുളളത്.
പതിനഞ്ച് രാജ്യാന്തര മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ട്. പത്ത് മെഡലുകളും സ്വന്തമാക്കി. നിലവില്‍ ഇന്ത്യയുടെ നമ്പര്‍ വണ്‍ കളിക്കാരിയാണ്. രാജ്യാന്തരതലത്തില്‍ പതിമൂന്നാംസ്ഥാനവുമുണ്ട്.
പൊരുതി മുന്നേറുന്ന ഈ മിടുക്കിയ്ക്ക് അവളുടെ സ്വപ്നസാക്ഷാത്ക്കാരത്തിന് ഇപ്പോള്‍ നമ്മുടെ പ്രാര്‍ത്ഥനയും സാമ്പത്തിക സഹായവുമാണ് ആവശ്യം. ഇവര്‍ക്കുളള പണം കണ്ടെത്താന്‍ അഹമ്മദാബാദ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബ്ലൈന്‍ഡ് പീപ്പീള്‍സ് അസോസിയേഷന് ശ്രമിക്കുന്നുണ്ട്.
ഭിന്നശേഷിയുളളവര്‍ക്കും അവസരങ്ങള്‍ ഒരുക്കുകയാണ് ലക്ഷ്യം. ഭവിനയടക്കം നാല് കളിക്കാര്‍ക്ക് പാരാലിമ്പിക്സില്‍ മത്സരിക്കാന്‍ പണം സ്വരൂപിക്കാനുളള ശ്രമത്തിലാണിവര്‍. ഭവിനയെക്കൂടാതെ സൊണാല്‍ പട്ടേല്‍, ഉഷ റാത്തോഡ്, രമേഷ് ചൗധരി എന്നിവരാണ് മത്സരിക്കാന്‍ തയാറെടുക്കുന്നത്. ഈ നാല്‍വര്‍ സംഘം ബിപിഎ കായിക കേന്ദ്രത്തില്‍ ഇപ്പോള്‍ പരിശീലനം നടത്തി വരുന്നു. ഉഷയും രമേഷും ഇതുവരെ ദേശീയ മത്സരങ്ങളില്‍ മാത്രമാണ് മാറ്റുരച്ചിട്ടുളളത്. ഭവിനയും സൊണാലും അന്തര്‍ദേശീയ വേദികളിലും തങ്ങളുടെ സാന്നിധ്യം ഇതിനകം തന്നെ അറിയിച്ചവരാണ്.
ഭവിനയെപ്പോലുളള താരങ്ങള്‍ രാജ്യത്തിന്റെ അഭിമാനവും വരും തലമുറകളുടെ പ്രചോദനവുമാണ്. കൂടുതല്‍ കൂടുതല്‍ വേദികളില്‍ ഇവള്‍ക്ക് തിളങ്ങാനാകും. കൂടുതല്‍ കരുത്തോടെ സ്വന്തം സ്വപ്നസാക്ഷാത്ക്കാരത്തിനായുള്ള തയ്യാറെടുപ്പിലാണ് ഭവിനയിപ്പോള്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: