തൃശൂര്‍: പുതിയ 110 കെ.വി സബ്സ്റ്റേഷന് സ്ഥാപിക്കാനുള്ള നിര്‍ദ്ദേശത്തിന് സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മിഷന്റെ അനുമതിയായില്ല; അതിന് മുമ്പേ സബ് സ്റ്റേഷനിലേക്ക് 28 തസ്തികകള്‍ സൃഷ്ടിക്കാന്‍ ട്രേഡ് യൂണിയനുകളുടെ നിര്‍ദ്ദേശമനുസരിച്ചുള്ള കോര്പ്പറേഷന് കൗണ്‍സില്‍ തീരുമാനം വിവാദമാകുന്നു.
സബ് സ്റ്റേഷന് സ്ഥാപിക്കുന്നതിനും നിയമന തിരുമാനത്തിനുമെതിരെ മുന്‍ കൗണ്‍സിലര്‍ അഡ്വ.സ്മിനി ഷിജോ നല്കിയ പരാതിക്കുള്ള മറുപടിയിലാണ് സബ്സ്റ്റേഷന് അനുമതി നല്‍കിയിട്ടില്ലെന്ന കാര്യം കമ്മീഷന് വ്യക്തമാക്കിയത്. നഗരസഭയുടെ ആവശ്യം കമ്മീഷന്റെ പരിഗണനയിലാണെന്നും കത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഒരു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍, രണ്ട് അസി.എക്സി.എഞ്ചിനീയര്‍, ഏഴ് അസി.എഞ്ചിനീയര്‍, ആറ് സബ് എഞ്ചിനീയര്‍, എട്ട് ഓവര്‍സീയര്‍, 4 വര്‍ക്കര്‍മാര്‍ എന്നിവരെ നിയമിക്കാനാണ് കഴിഞ്ഞ മാര്‍ച്ചില്‍ കൗണ്‍സില്‍ യോഗം തീരുമാനമെടുത്തത്. വിവിധ യൂണിയന് നേതാക്കളുമായി മേയര്‍ നടത്തിയ ചര്‍ച്ചയില്‍ യൂണിയനുകളുടെ നിര്‍ദ്ദേശമനുസരിച്ചാണ് 28 തസ്തികകള്‍ സൃഷ്ടിക്കുന്നതെന്ന് അജണ്ടയില്‍ തന്നെ വ്യക്തമാക്കിയിരുന്നു. വര്‍ഷം 1,20,42,313 രൂപയുടെ അധിക ശമ്പള ചെലവ് വരുത്തുന്നതാണ് തീരുമാനം. തസ്തികകള്‍ അംഗീകരിച്ചുകിട്ടാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദത്തിലാണ് കോര്പ്പറേഷന്.
നിലവില്‍ 110,66,33 കെവിയുടെ മൂന്ന് സബ്സ്റ്റേഷനുകള്‍ കോര്പ്പറേഷന് വൈദ്യുതിവിഭാഗത്തിനുണ്ട്. ഇതിന്റെ മൊത്തം സ്ഥാപിതശേഷി 66 എം.വി.എയാണ്. 38,000 ല്‍ താഴെ മാത്രം കണക്ഷനുകള്‍ ഉള്ള പഴയ മുനിസിപ്പല്‍ പ്രദേശത്ത് പ്രയോജനപ്പെടുത്തുന്നത് 26 എം.വി.എ മാത്രമാണെന്നും 40 എം.വി.എം ബാക്കിയുള്ളപ്പോള്‍ കോട്ടപ്പുറത്ത് പുതിയൊരു സബ് സ്റ്റേഷന് സാങ്കേതികമായി അനാവശ്യമാണെന്നാണ് സ്മിനി ഷിജോയുടെ വാദം. ആവശ്യകത സംബന്ധിച്ച് സാങ്കേതിക പഠന റിപ്പോര്‍ട്ടില്ലാതെയാണ് സബ് സ്റ്റേഷന് സ്ഥാപിക്കുന്നത്. ഭൂമിവില ഉള്‍പ്പടെ 65 കോടി രൂപ ചിലവ് വരും.
ഒന്നേകാല്‍ കോടി ശമ്പള ചിലവും വരുന്ന സബ് സ്റ്റേഷന് നഗരസഭക്ക് അനാവശ്യമായ ബാധ്യതയാണെന്ന് പരാതിയില്‍ പറഞ്ഞിരുന്നു.
28 തസ്തികകളില്‍ 24 ഉം നിലവിലുള്ള ജീവനക്കാരുടെ പ്രൊമോഷന് തസ്തികകളാണെന്നും പരാതിയില്‍ ചൂണ്ടികാട്ടിയിരുന്നു.
ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ ഒല്ലൂര്‍ 110 കെ വി സബ്സ്റ്റേഷന്റെ കീഴില്‍ മാത്രം 10 സെക്ഷന്‍ ആഫീസുകളും രണ്ട് ലക്ഷത്തില്‍പരം കണക്ഷനുകളുമുണ്ട്.
ഇലക്ട്രിസിറ്റി ബോര്‍ഡിലെ മാനദണ്ഡമനുസരിച്ച് 99 ജീവനക്കാര്‍മാത്രം ആവശ്യമുള്ളപ്പോള്‍ 209 ജീവനക്കാരാണ് കോര്പ്പറേഷന് വൈദ്യുതി വിഭാഗത്തിലുള്ളത്. പുറമെ 68 ജീവനക്കാരെ അനധികൃതമായി നിയമിച്ചതും വിവാദങ്ങളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: