ശബരിമല: പ്രതിദിനം രണ്ടായിരം പേര്‍ക്ക് മൂന്നുനേരം ഭക്ഷണം. അതും വയര്‍ നിറയെ. പരാധീനതകള്‍ക്കിടയിലും പരിഭവങ്ങളില്ലാതെ പോലീസ് അയ്യപ്പന്മാര്ക്ക് അന്നമൂട്ടി താരമാവുകയാണ് പോലീസ് മെസ്. മണ്ഡലകാലത്ത് ഭക്ഷണത്തിന് പ്രതിദിനം രണ്ടായിരം പേരെങ്കിലും ഉണ്ടാവും.
മകരവിളക്കുകാലത്ത് ആളെണ്ണം മൂവായിരം കവിയും. ഇഡ്ലി, ദോശ, പുട്ട്, ഉപ്പുമാവ്, ഊണ്, ആറുകൂട്ടം കറികള്‍, പഴവര്‍ഗ്ഗങ്ങള്‍, പായസം, ഹല്‍വ, ആഴ്ചയില്‍ ഒരിക്കല്‍ വെജ് ബിരിയാണി, ചപ്പാത്തി, ബെഡ് കോഫി, ഈവനിംഗ് ടീ എല്ലാത്തിനുംകൂടി പ്രാതല്‍ മുതല്‍ അത്താഴം വരെ ദിനംപ്രതി ചിലവാകുന്നത് ആളൊന്നിന് 70 രൂപ മാത്രം. ഇതാണ് സന്നിധാനത്തെ പോലീസ് മെസ്. ഓഫീസര്‍മാര്‍ക്കായി ഇതോടനുബന്ധിച്ച് പ്രത്യേക മെസ് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രണ്ടിടത്തും പാത്രങ്ങളിലെത്തുന്നത് ഒരേ ഭക്ഷണം.
മുന്‍കാലത്ത് ദേവസ്വത്തില്‍നിന്നും ചിലവിനുള്ള തുക നല്‍കിയിരുന്നെങ്കിലും ഇപ്പോള്‍ സര്‍ക്കാര്‍ നേരിട്ടാണ് മെസ് നടത്തുന്നത്. പ്രതിദിനം 400 കിലോ അരി 150 കിലോ പുട്ടുപൊടി ഉള്‍പ്പെടെ ചെലവാകുന്ന മെസില്‍ ഭക്ഷണം തയ്യാറാക്കുന്നത് ഇടുങ്ങിയ മുറിയിലാണ്. പാത്രം ശുചിയാക്കുന്നതിന് സ്റ്റീമര്‍ സൗകര്യം ഏര്‍പ്പെടുത്തണം. മെസിലെ ഭക്ഷണത്തിനെത്തുന്നത് 2000 ത്തോളം പേരാണെങ്കില്‍ ഇവിടെ സീറ്റിംഗ് കപ്പാസിറ്റി 150 പേര്‍ക്ക് മാത്രമാണ്. പത്തനംതിട്ട എസ്.പി ഭക്ഷണം വിതരണം ചെയ്യുന്നതിന് സ്റ്റീല്‍ പ്ാത്രങ്ങള് എത്തിച്ചു തന്നത് ആശ്വാസത്തോടെയാണ് മെസ് അധികൃതര്‍ കാണുന്നത്.
സംസ്ഥാന പോലീസിനൊപ്പം എന്‍ഡിആര്‍എഫ്, ആര്‍എഎഫ് ഉള്‍പ്പെടെയുള്ള കേന്ദ്ര സേനകള്‍ക്കും ഭക്ഷണം നല്കുന്ന മെസില്‍ 75-ഓളം പോലീസ് കുക്കുകളാണ് ജോലിനോക്കുന്നത്. കാസര്‍ഗോഡുനിന്നും തിരുവനന്തപുരം വരെയുള്ള യൂണിറ്റുകളില്‍നിന്ന് ജോലിക്കെത്തിയ ഇവര്‍ പകലന്തിയോളം പണിയെടുത്താണ് പാചകം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: