സ്ത്രീയെ സംബന്ധിച്ചിടത്തോളം മാതൃത്വത്തിന് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ ഗര്‍ഭകാലത്ത് കൂടുതല്‍ കരുതല്‍ ആവശ്യമാണ്. അമ്മയുടേയും കുഞ്ഞിന്റേയും പരിരക്ഷയ്ക്കുവേണ്ടി കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം അടുത്തിടെ പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് എന്ന പദ്ധതി പ്രഖ്യാപിക്കുകയുണ്ടായി. മാതൃമരണ നിരക്കും ശിശുമരണ നിരക്കും സുരക്ഷിത പ്രസവത്തിലൂടെ കുറയ്ക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യസംരക്ഷണത്തിലൂടെ സുസ്ഥിര വികസന ലക്ഷ്യം കൈവരിക്കുകയെന്നതാണ് ഉദ്ദേശ്യം.
ഒരു രാജ്യത്തിന്റെ വളര്‍ച്ചയുടെ മാനദണ്ഡം കണക്കാക്കുന്നതില്‍ പ്രധാനമാണ്, ആ രാജ്യത്തെ മാതൃശിശു മരണ നിരക്ക്. ഗര്‍ഭകാലത്ത് ആവശ്യത്തിന് പരിചരണം ലഭിക്കാതെ വരുന്നതാണ് പ്രസവത്തോടനുബന്ധിച്ചുള്ള മരണം സംഭവിക്കാന്‍ കാരണം. ഗര്‍ഭിണികള്‍ക്ക് പ്രത്യേക പരിചരണം കിട്ടേണ്ടത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ഗര്‍ഭാവസ്ഥയിലെ ആരോഗ്യപരിശോധനയിലൂടെ പല സങ്കീര്‍ണതകളും ഒഴിവാക്കാം. പക്ഷെ, ഇതിനുള്ള സാഹചര്യം രാജ്യത്തെ എല്ലാ ഗര്‍ഭിണികള്‍ക്കും ഒരുക്കിക്കൊടുക്കുകയാണ് പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന്.
റാപ്പിഡ് സര്‍വെ ഓണ്‍ ചില്‍ഡ്രന്റെ കണക്കുകള്‍ പ്രകാരം, ഭരതത്തില്‍ ആശുപത്രിയിലെത്തി പ്രസവിക്കുന്നവര്‍ 78.7 ശതമാനമാണ്.എല്ലാ ഗര്‍ഭിണികള്‍ക്കും ഗര്‍ഭകാല ശുശ്രൂഷ ഉറപ്പുവരുത്തുകയാണ് സര്‍ക്കാര്‍ ലക്ഷ്യം. ഇവര്‍ക്കുവേണ്ടി ഓരോ മാസവും ഒരു നിശ്ചിത ദിവസം കണക്കാക്കിയാണ് രാജ്യത്തെമ്പാടുമായി ഈ പദ്ധതി നടപ്പാക്കുന്നത്. എല്ലാമാസവും ഒമ്പതാം തീയതിയാണ് ഗര്‍ഭകാല പരിചരണവും ശുശ്രൂഷയും നല്‍കുന്നതിനായി തിരഞ്ഞെടുത്തിരിക്കുന്നത്. ഈ ദിവസം ഞായറോ അല്ലെങ്കില്‍ അവധി ദിനമോ ആണെങ്കില്‍ തൊട്ടടുത്ത പ്രവര്‍ത്തി ദിവസം പരിശോധനയ്ക്കുള്ള സൗകര്യം ഉണ്ടായിരിക്കും. പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് ക്ലിനിക്കുകളിലൂടെ ഈ സേവനം ലഭ്യമാകും.
ലക്ഷ്യങ്ങള്‍
രാജ്യത്തെ മൂന്ന് ലക്ഷത്തോളം വരുന്ന ഗര്‍ഭിണികള്‍ക്ക് സൗജന്യ ഗര്‍ഭകാല പരിചരണം നല്‍കുക.
സര്‍ക്കാര്‍ ആശുപത്രികളും ഹെല്‍ത്ത് കെയര്‍ സെന്ററുകളിലും മൂന്ന് മാസം കൂടുമ്പോള്‍ ഗര്‍ഭിണികള്‍ക്ക് പ്രത്യേക ഗര്‍ഭകാല ചെക്കപ്പ് ലഭ്യമാക്കുക.
പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാന് ക്ലിനിക്കുകളില്‍ ചികിത്സ തേടിയെത്തുന്ന ഗര്‍ഭിണികള്‍ക്കെല്ലാം അയണ്‍ ഫോളിക് ആസിഡ്, കാല്‍സ്യം ഗുളികകള്‍ സൗജന്യമായി നല്‍കുക.
അള്‍ട്രാ സൗണ്ട് സ്കാനിങ്, രക്ത, മൂത്ര പരിശോധനകള്‍ എന്നിവയും സൗജന്യമായി ലഭ്യമാക്കുക. ആവശ്യമെങ്കില്‍ കൗണ്‍സലിംഗ് സൗകര്യമൊരുക്കുക.
2016 ജൂലൈ 31 ലെ മന്‍കി ബാത്തിലൂടെയാണ് ഈ പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപനം നടത്തിയത്. 1990 നും 2015 നും ഉടയില്‍ മാതൃമരണ നിരക്കില്‍ 70 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മാതൃ-ശിശുമരണ നിരക്കില്‍ കാര്യമായ കുറവ് ഉണ്ടായിട്ടുണ്ടെങ്കിലും പ്രതിവര്‍ഷം ചുരുങ്ങിയത് 44,000 പേര് പ്രസവ സംബന്ധമായ കാരണങ്ങളാല്‍ മരണമടയുന്നുണ്ട്. ഏകദേശം 6.6 ലക്ഷം നവജാത ശിശുക്കള്‍ ജനിച്ച് 28 ദിവസത്തിനുള്ളില്‍ മരണപ്പെടുന്നുവെന്നാണ് കണക്ക്. മികച്ച പരിപാലനം ലഭ്യമായിരുന്നുവെങ്കില്‍ പല മരണങ്ങളും ഒഴിവാക്കാന്‍ സാധിക്കുമായിരുന്നു എന്നതാണ് വസ്തുത. ഗുരുതരമായ അനീമിയ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങള്‍ തുടക്കത്തിലെ കണ്ടെത്തുകയാണെങ്കില്‍ വേഗത്തില്‍ നിയന്ത്രണവിധേയമാക്കാം.
പ്രത്യേകതകള്‍
ഗര്‍ഭിണികള്‍ക്കെല്ലാം മദര്‍ ആന്‍ഡ് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ കാര്‍ഡും മാതൃത്വത്തെ സംബന്ധിച്ച ബുക്ലെറ്റും നല്‍കും. ആരോഗ്യനില തൃപ്തികരമോ അല്ലയോ എന്ന് ഓരോ സന്ദര്‍ശന വേളയിലും കാര്‍ഡില്‍ രേഖപ്പെടുത്തും. പച്ച, ചുവപ്പ് സ്റ്റിക്കറുകളാണ് ഇതിനായി ഉപയോഗിക്കുക. പച്ച സ്റ്റിക്കറാണെങ്കില്‍ സങ്കീര്‍ണതകള്‍ ഇല്ല എന്നും ചുവപ്പാണെങ്കില്‍ സങ്കീര്‍ണതയുണ്ടെന്നുമാണ് കണക്കാക്കുക.
ഗ്രാമീണ മേഖലകളില്‍ പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍, സാമൂഹികാരോഗ്യ കേന്ദ്രം, റൂറല്‍ ആശുപത്രികള്‍, ഉപ-ജില്ല, ജില്ലാ ആശുപത്രികള്‍, മെഡിക്കല്‍ കോളേജ് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ പിഎംഎസ്എംഎയുടെ കീഴിലുള്ള സേവനങ്ങള്‍ ലഭ്യമാകും. നഗരപ്രദേശങ്ങളില്‍ ഡിസ്പെന്‍സറികള്‍, മെറ്റേണിറ്റി ഹോംസ്, അര്‍ബന്‍ ഹെല്‍ത്ത് പോസ്റ്റ്സ് എന്നിവിടങ്ങളിലും ഇതിനാവശ്യമായ സജ്ജീകരണങ്ങളുണ്ട്. എല്ലാ ഗുണഭോക്താക്കളും പ്രധാനമന്ത്രി സുരക്ഷിത് മാതൃത്വ അഭിയാനുവേണ്ടി പ്രത്യേതം തയ്യാറാക്കിയിട്ടുള്ള രജിസ്റ്ററിലാണ് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടത്. രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞാല്‍ ആവശ്യമായ ലബോറട്ടറി പരിശോധനകള്‍ക്കുശേഷം ഒരു മണിക്കൂറിനുള്ളില്‍ തുടര്‍ പരിശോധനകള്‍ക്കായി ഡോക്ടറുമായുള്ള കൂടിക്കാഴ്ച. ക്യാമ്പുകളില്‍ സ്വകാര്യ ആശുപത്രികളിലെ ഡോക്ടര്‍മാരുടെ സേവനവും ലഭ്യമാകും.
ഭക്ഷണക്രമം, ഉറക്കം, പതിവായുള്ള ഗര്‍ഭകാല പരിശോധനകള്‍, ആശുപത്രികളിലെ പ്രസവം, മുലയൂട്ടല്‍, ഗര്‍ഭനിരോധനം തുടങ്ങിയവയെക്കുറിച്ച് ഗ്രൂപ്പ് കൗണ്‍സിലിങും നടത്തും. ദുര്‍ഘടവും എത്തിപ്പെടാന്‍ കഴിയാത്തതും പൊതുവാഹന സൗകര്യം കുറവുമായ മേഖലകളില്‍ കഴിയുന്ന ഗര്‍ഭിണികള്‍ക്കായി വാഹന സൗകര്യവും ഏര്‍പ്പെടുത്തും. പ്രമേഹം, രക്തസമ്മര്‍ദ്ദം, രക്തക്കുറവ് തുടങ്ങിയവ പരിശോധിച്ച് ആവശ്യമായ ചികിത്സ നല്‍കും. ഗര്‍ഭസ്ഥശിശുവിന്റെ ആരോഗ്യനില അറിയുന്നതിനായി ഗര്‍ഭകാലയളവില്‍ ഒരു അള്‍ട്രാ സൗണ്ട് സ്കാനിങ് നടത്തും. യൂനിസെഫ് പങ്കാളിത്തത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.
ഗര്‍ഭകാലത്ത് എന്തൊക്കെ ചെയ്യാം എന്നത് സംബന്ധിച്ച് വിശദമായ കൗണ്‍സലിങും നല്‍കും. പോഷകാഹാരം, വിശ്രമം, സുരക്ഷിതമായ ലൈംഗികത, കുഞ്ഞിനെ സ്വീകരിക്കുന്നതിനുള്ള തയ്യാറെടുപ്പ് തുടങ്ങിയ കാര്യങ്ങളെല്ലാം കൗണ്‍സിലിങ്ങിന്റെ ഭാഗമാണ്.
സ്വകാര്യ ഡോക്ടര്‍മാര്‍ക്കും ഈ പദ്ധതിയുടെ ഭാഗമാകുന്നതിന് അവസരമുണ്ട്. ഈ സേവനം നല്കാന് ഡോക്ടര്‍മാര്‍ സന്നദ്ധരായി മുന്നോട്ടുവരണമെന്ന് പ്രധാനമന്ത്രിയും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. താല്പര്യമുള്ള ഗൈനക്കോളജിസ്റ്റുകള്‍, ഫിസിഷ്യന്മാര്, റേഡിയോളജിസ്റ്റുകള്‍ എന്നിര്‍ക്ക് vtthp://pmsma.nhp.gov.in/ എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. മികച്ച സേവനം നല്കുന്ന ഡോക്ടര്‍മാരെ കേന്ദ്രസര്‍ക്കാര്‍ ഏര്‍പ്പെടുത്തുന്ന പ്രത്യേക അവാര്‍ഡിന് പരിഗണിക്കും. കേരളത്തില്‍ ആരോഗ്യ വകുപ്പ് ജില്ലാഭരണകൂടവുമായി ചേര്‍ന്ന് പഞ്ചായത്ത്, പട്ടികജാതി, പട്ടികവര്‍ഗ വികസനം, സാമൂഹിക നീതി എന്നീ വകുപ്പുകളുടെ സഹായത്തോടെയാണ് പദ്ധതി നടപ്പിലാക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: