നിലമ്പൂര്‍: നിലമ്പൂരിലെ ജ്യോതിപ്പടിക്ക് സമീപമുള്ള ഹോട്ടലില്‍നിന്ന് മാലിന്യം റോഡരികിലേക്കൊഴുക്കുന്നതായി പരാതി. കക്കൂസ് മാലിന്യമടക്കം റോഡരികിലേക്കൊഴുക്കുന്നതിനാല് ദുര്ഗന്ധമുണ്ടാകുന്നതായാണ് ആക്ഷേപം. ഇതുസംബന്ധിച്ച് മുനിസിപ്പാലിറ്റിക്കും ആരോഗ്യവകുപ്പിനും പരാതിനല്‍കിയിട്ടുണ്ട്. സംഭവത്തെത്തുടര്‍ന്ന് നിലമ്പൂര്‍ ജ്യോതിപ്പടിയിലെ ഓട്ടോ ഗുഡ്സ് തൊഴിലാളികളും നാട്ടുകാരും പ്രതിഷേധിച്ചു. റഹീം ചോലയില്‍, ടിഎംഎസ് ആഷിഫ്, സക്കീര്‍ ചാലാട്ടി, അബ്ബാസ്, അഷ്റഫ്, ബാവ തുടങ്ങിയവര്‍ നേതൃത്വം നല്കി.
ആരോഗ്യവകുപ്പിന്റെ പരിശോധന വെറും പ്രഹസനമാകുന്നതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് ഇവയൊക്കെ. ജില്ലയിലെ ഹോട്ടലുകളില്‍ മിക്കതും മാലിന്യം ഒഴുക്കുന്നത് പൊതു സ്ഥലങ്ങളിലേക്കാണ്. സമീപകാലത്ത് കോളറ പടര്‍ന്ന് പിടിച്ച കുറ്റിപ്പുറം നഗരത്തിലെ ഹോട്ടലുകളില്‍ മിക്കതും മാലിന്യം ഒഴുക്കുന്നത് ഭാരതപ്പുഴയിലേക്കാണെന്ന് കണ്ടെത്തിയിരുന്നു. ഹോട്ടലുകളിലെ പരിശോധന വെറും നാടകമായി മാറുകയാണ്. ഹോട്ടലുടമകളോട് മാസപ്പടി പിരിക്കാനെത്തുന്നതിനെ ഉദ്യോഗസ്ഥര്‍ പരിശോധനയെന്ന് വെറുതെ വ്യാഖ്യാനിക്കുകയാണ്.
ജനങ്ങളുടെ ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങളുണ്ടാക്കുന്ന ഇത്തരം സംഭവങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: