പത്തനംതിട്ട : തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പില്‍ വിജയിച്ച അംഗങ്ങള്‍ക്ക് ചുമതല ഏല്ക്കാന് സുപ്രീം കോടതി ഉത്തരവായതിനെ ബാങ്ക് സംരക്ഷണ സമിതി സ്വാഗതം ചെയ്തു. ഭരണസമിതിയംഗങ്ങള്‍ സംരക്ഷണസമിതി നേതാക്കളോടൊപ്പം ഹെഡ്ഓഫീസിലെത്തി ചുമതലയേറ്റു.
തുടര്‍ന്ന് നടന്ന അനുമോദന സമ്മേളനം അഡ്വ.ജയവര്‍മ്മ ഉദ്ഘാടനം ചെയ്തു. കെ.ആര്.പ്രസാദ് അദ്ധ്യക്ഷതവഹിച്ചു.
നവംബര്‍ അഞ്ചിനു നടന്ന ഭരണ സമിതി തെരഞ്ഞെടുപ്പ് സുപ്രീം കോടതി ഇടക്കാല ഉത്തരവിലൂടെ നവംബര്‍ 11 നു സ്റ്റേ ചെയ്തിരുന്നു. സംസ്ഥാന സര്‍ക്കാര്‍ തെരഞ്ഞെടുപ്പ് നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ട് കേരളാ ഹൈക്കോ ടതിയുടെ ഡിവിഷന് ബഞ്ച് ഉത്തരവിനതിരെ സുപ്രീം കോടതിയില്‍ കൊടുത്ത പ്രത്യേക അനുവാദ ഹര്ജിയിന്മേലാണ് ഇടക്കാല ഉത്തരവ് ഇറക്കിയത്. തുടര്‍ന്ന് മുന്‍ പ്രസിഡന്റ് അഡ്വ.കെ ജയവര്‍മ, ബാങ്ക് ജനറല്‍ മാനേജര്‍, തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.പി. ഹിരണ്‍ എന്നിവരടങ്ങിയ മൂന്നംഗ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയ്ക്കു കോടതി ഉത്തരവിലൂടെ ചുമതല നല്‍കിയിരുന്നു. ഇതിനെ ചോദ്യം ചെയ്തു കൊണ്ട് ബാങ്ക് മുന്‍ പ്രസിഡന്റും ഭരണസമിതിയംഗങ്ങളും സുപ്രീം കോടതിയെ സമീപിച്ചു.
തുടര്‍ന്ന് ജസ്റ്റീസ് കുര്യന് ജോസഫ്, ജസ്റ്റീസ് ആര്.എഫ്. നരിമാന് എന്നിവരടങ്ങിയ ഡിവിഷന് ബെഞ്ചാണ് തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ചുമതലയേല്‍ക്കാന്‍ ഉത്തരവായത്.
ഭരണസമിതി അംഗങ്ങള്‍ക്കു വേണ്ടി അഡ്വ. കപില്‍ സിബല്‍, അഡ്വ.എ.എം. സിംഗ്വി, അഡ്വ.ബീനാ മാധവന്, അഡ്വ.എം.പി. വിനോദ് എന്നിവര്‍ ഹാജരായി. ഹൈക്കോടതിയുടെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസിന്റെ അന്തിമവിധിക്കു വിധേയമായാണ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ചുമതല ഏല്ക്കേണ്ടത്. 2014 ലെ പുതിയ സഹകരണ നിയമത്തിലെ വ്യവസ്ഥകളനുസരിച്ച് ബാങ്ക് നടത്തിയ ഭരണസമിതി തെരഞ്ഞെടുപ്പ് അസാധുവാക്കുവാന്‍ ഇടതു സര്‍ക്കാര്‍ ഇറക്കിയ പുതിയ ഗവണ്മെന്റ് ഉത്തരവാണ് കോടതിവിധിയിലേക്ക് നയിച്ചത്. തിരുവല്ല ഈസ്റ്റ് കോഓപ്പറേറ്റീവ് ബാങ്ക് ഭരണസമിതി അംഗീകരിച്ച വോട്ടര്‍ പട്ടിക വെട്ടിച്ചുരുക്കി തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരും ഇടതുപക്ഷവും നടത്തിയ ഹീനമായ പ്രവര്‍ത്തനങ്ങള്‍ക്ക് ലഭിച്ച കനത്ത തിരിച്ചടിയാണ് കോടതിയുടെ ഇപ്പോഴത്തെ ഉത്തരവിലൂടെ പുറത്തു വന്നിരിക്കുന്നതെന്ന് ബാങ്ക് മുന്‍ പ്രസിഡന്റ് അഡ്വ.കെ ജയവര്‍മ പറഞ്ഞു. തെരഞ്ഞെടുപ്പില്‍ അട്ടിമറി നടത്താന്‍ ശ്രമിച്ച പത്തനംതിട്ട സഹകരണ ജോയിന്റ് രജിസ്ട്രാര്‍ എ.എസ്. ഗീതാമണിയെയും തിരുവല്ല അസിസ്റ്റന്റ് രജിസ്ട്രാര്‍ എം.പി. ഹിരണിനെയും സസ്പെന്‍ഡ് ചെയ്ത് അന്വേഷണം നടത്തണമെന്നും ജയവര്‍മ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: