പത്തനംതിട്ട: സംസ്ഥാന സര്‍ക്കാര്‍ എട്ടിന് തുടക്കംകുറിക്കുന്ന ഹരിതകേരളം പദ്ധതിയില്‍ പത്തനംതിട്ട നഗരസഭയിലെ 32 വാര്‍ഡുകളിലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കും. നഗരസഭാ പരിധിയില്‍ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജ് എംഎല്‍എയുടെ അധ്യക്ഷതയില്‍ നഗരസഭയില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ഓരോ വാര്‍ഡിലെയും പ്രവര്‍ത്തനങ്ങള്‍ക്ക് അവിടത്തെ കൗണ്‍സില്‍ നേതൃത്വം നല്‍കും.
ഇതൊരു വലിയ ലക്ഷ്യമാണെന്നും ഹരിതകേരളത്തെക്കുറിച്ച് ജനങ്ങളെ ബോധവത്ക്കരിക്കണമെന്നും വീണാ ജോര്‍ജ് എംഎല്‍എ പറഞ്ഞു. മാലിന്യം പൊതുസ്ഥലങ്ങളില്‍ വലിച്ചെറിയരുതെന്ന സന്ദേശം പകര്‍ന്നു നല്‍കണം. വിദ്യാര്‍ഥികളെ ഉപയോഗിച്ച് വിപുലമായ പ്രചരണം നടത്തണമെന്ന് എംഎല്‍എ നിര്‍ദേശിച്ചു.
പത്തനംതിട്ട നഗരപരിധിയിലെ തോട് വൃത്തിയാക്കുന്ന ജില്ലാതല ഉദ്ഘാടന പരിപാടിക്ക് പുറമെ നടപ്പാക്കേണ്ട പദ്ധതികള്‍ സംബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ തീരുമാനമെടുക്കും. വീടുകളിലെ ശുചിത്വത്തിന് പ്രാധാന്യം നല്‍കും. സമൂഹത്തിന്റെ വിവിധ മേഖലകളിലുള്ളവരെ ഹരിതകേരളം പദ്ധതിയില്‍ പങ്കാളികളാക്കും. ആശ്രമങ്ങള്‍, ആരാധനാലയങ്ങള്‍ എന്നിവരെയും ഉള്‍പ്പെടുത്തും.
പത്തനംതിട്ട നഗരത്തിലെ ചന്ത എട്ടിന് ശുചിയാക്കും. വ്യാപാര സ്ഥാപനങ്ങളിലും ശുചീകരണം നടക്കും. സര്‍ക്കാര്‍ ഓഫീസുകള്‍ വൃത്തിയാക്കാനും തീരുമാനിച്ചു.
നഗരസഭാ ചെയര്‍പേഴ്സണ്‍ രജനി പ്രദീപ്, വൈസ് ചെയര്മാന് പി.കെ ജേക്കബ്, കൗണ്‍സിലര്‍മാര്‍, ഡെപ്യുട്ടി കളക്ടര്‍ അതുല്‍ എസ്.നാഥ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ പി.വി കമലാസനന് നായര്‍, നഗരസഭാ സെക്രട്ടറി എ.എം മുംതാസ്, ഡോ.എം.എസ് സുനില്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍, സന്നദ്ധ, സാമൂഹ്യ, വ്യാപാരി സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: