പറപ്പൂക്കര : നെടുമ്പാളില്‍ വെള്ളം കയറി 75 ഹെക്ടര്‍ നെല്‍കൃഷി നശിച്ചു.കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ ചിറയില്‍ ഷട്ടര്‍ താഴ്ത്തിയതാണ് പാടശേഖരത്തിലേക്ക് വെള്ളം കയറാന്‍ കാരണം.ധനുകുളം പടിഞ്ഞാറെ കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ അറുപതോളം കര്‍ഷകര്‍ ചേര്‍ന്ന് കൃഷി ചെയ്ത ഞാറുകളാണ് വെള്ളത്തിനടിയിലായത്.
20 ദിവസം പ്രായമായ ഞാറുകള്‍ വെള്ളത്തില്‍ മുങ്ങി കിടന്ന് ചീഞ്ഞു പോകുന്ന അവസ്ഥയിലാണ്. വിത്തിറക്കിയതും പറിച്ചുനട്ടതുമായ കൃഷിയാണ് പൂര്‍ണ്ണമായും വെള്ളം കയറി മുങ്ങി പോയത്. ഇല്ലിക്കല്‍ ചിറയില്‍ ഷട്ടര്‍ താഴ്ത്തിയതോടെ കണക്കന് കടവ് തോട്ടിലൂടെയാണ് വെള്ളം പാടശേഖരത്തിലേക്ക് കയറിയത്. ക്രമാധീതമായി തോട്ടില്‍ വെള്ളം ഉയര്‍ന്നതോടെ ധനുകുളം പാടശേഖരത്തിന് സമീപത്തുള്ള നെടുംമ്പാള്‍ കോള്‍ പടവിലേക്കും വെളളം കയറി തുടങ്ങി.കോള്‍ പടവിലെ കൃഷി നശിച്ചുപോകാതിരിക്കാന്‍ കര്‍ഷകര്‍ വെള്ളം പമ്പ് ചെയ്ത് വറ്റിക്കാനുള്ള ശ്രമത്തിലാണ്. പാവറട്ടി, ഏനമ്മാവ് ഭാഗങ്ങളിലുള്ള കോള്‍പടവുകളിലെ തോടുകള്‍ വൃത്തിയാക്കുന്നതിന്റെ ഭാഗമായാണ് ഇല്ലിക്കല്‍ ഷട്ടര്‍ താഴ്ത്തി അധികൃതര്‍ വെള്ളം തടഞ്ഞു നിര്‍ത്തിയത്. ആറ് ദിവസത്തിലേറെയായി ഷട്ടര്‍ താഴ്ത്തിയിട്ടത് മൂലമാണ് പാടശേഖരത്തില്‍ വെള്ളം കയറാന്‍ കാരണമായത്.
ഷട്ടര്‍ തുറന്ന് വിടാന്‍ വേണ്ടി കര്‍ഷകര്‍ ഇറിഗേഷന്‍ അധികൃതരെ സമീപിച്ചെങ്കിലും യാതൊരു നടപടിയും ഉണ്ടായില്ലെന്ന് പാടശേഖര സമിതി അംഗങ്ങള്‍ ആരോപിച്ചു.കര്‍ഷകരുടെ പരാതിയെ തുടര്‍ന്ന് ജില്ലാ പഞ്ചായത്തംഗം ടി.ജി.ശങ്കരനാരായണന് പാടശേഖരത്തില്‍ എത്തി.ഷട്ടര്‍ ഉയര്‍ത്തി വെള്ളം തുറന്നു വിടാനുള്ള നടപടികള്‍ എടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: