കുറ്റിപ്പുറം: ശബരിമല തീര്‍ത്ഥാടകരുടെ ഇടത്താവളമായ കുറ്റിപ്പുറം മിനി പമ്പയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടെന്ന് ബിജെപി ആരോപിച്ചു.
ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നടന്ന പ്രഖ്യാപനങ്ങളില്‍ ഒന്നുപോലും നടപ്പിലായില്ല. തീര്‍ത്ഥാടകര്‍ക്ക് വിരിവെക്കാന്‍ പുഴയോരത്ത് സൗകര്യമൊരുക്കുമെന്ന് പറഞ്ഞെങ്കിലും അതുമുണ്ടായില്ല. വാഹന പാര്‍ക്കിംഗിന് നിലവിലുണ്ടായിരുന്ന സൗകര്യങ്ങള്‍ പോലും ഇല്ലാതായി.
കഴിഞ്ഞ തീര്‍ത്ഥാടന കാലത്ത് പ്രഖ്യാപിക്കപ്പെട്ട ഹൈമാസ്റ്റ് ലൈറ്റുകള്‍ ഒന്നുപോലും ഇതുവരെയും സ്ഥാപിച്ചിട്ടില്ല. പുഴയിലെ വെളളം ശേഖരിച്ചു നിര്‍ത്താനുള്ള തടയണ നിര്‍മ്മാണവും നടന്നിട്ടില്ല. ശൗചാലയത്തിന് അഞ്ച് രൂപയാണ് ഓരോ ഭക്തരില്‍ നിന്നും ഈടാക്കുന്നത്. ശബരിമലയില്‍ പോലുമില്ലാത്ത കൊള്ളയാണ് ഇവിടെ നടക്കുന്നത്. ഭാരതം മുഴുവന്‍ ശുചിത്വത്തിന് വേണ്ടി സൗജന്യ പദ്ധതികള്‍ നടപ്പിലാക്കുമ്പോഴാണ് ഈ കൊള്ളയെന്നത് ഖേദകരമാണ്. ശബരിമല തീര്‍ത്ഥാടനത്തിന്റെ പരിശുദ്ധി അട്ടിമറിക്കാന്‍ നടക്കുന്ന കലാപരിപാടികളാണ് മിനിപമ്പയില്‍ നടക്കുന്നത്. ബിജെപിയെ ഒഴിവാക്കി മറ്റു രാഷ്ട്രീയ കക്ഷികള്‍ ചേര്‍ന്ന് രൂപീകരിച്ച സംഘാടക സമിതി തീര്‍ത്ഥാടകരെ മിനി പമ്പയില്‍ നിന്ന് അകറ്റി തീര്‍ത്ഥാടനത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നതെന്ന് മിനി പമ്പ സന്ദര്‍ശിച്ച ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി രവിതേലത്ത് പറഞ്ഞു.
നേതാക്കളായ വി.വി. രാജേന്ദ്രന്, ചന്ദ്രന് മദിരശ്ശേരി, എ.വി.സുനീഷ്, കെ.അനീഷ്, ടി.പി.സുബ്രഹ്മണ്യന് എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: