ശബരിമല: 2015 ഒക്ടോബര്‍ 16ന് ഹൈക്കോടതിയുടെ ദേവസ്വം ബഞ്ച് പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്ന് പമ്പയില്‍ ഭക്തര്‍ വസ്ത്രം ഉപേക്ഷിക്കുന്ന പ്രവണത കുറഞ്ഞുവരുന്നതായി ദേവസ്വം അധികൃതര്‍.
1974-ലെ ജലനിയമം വകുപ്പ് 24 അനുസരിച്ച് കുറഞ്ഞത് ഒന്നരവര്‍ഷവും പരമാവധി ആറു വര്‍ഷവും കൂടാതെ പിഴ ശിക്ഷയുമാണ് പമ്പയില്‍ മാലിന്യങ്ങളിടുന്നവര്ക്ക് ദേവസ്വം ബഞ്ച് വിധിച്ചത്. ഇതേ തുടര്‍ന്ന് ജില്ലാ ഭരണകൂടം, ശബരിമല സാനിറ്റേഷന്‍ സൊസൈറ്റി, പമ്പയിലെ പോലീസ് സ്പെഷ്യല്‍ ഓഫീസര്‍ എന്നിവരുടെ നേതൃത്വത്തില്‍ ശക്തമായ നിരീക്ഷണവും ബോധവല്‍ക്കരണവും കഴിഞ്ഞ ഒരു വര്‍ഷമായി നല്കി വരുകയായിരുന്നു. പമ്പയിലെ മാലിന്യത്തിന്റെ തോത് ഏകദേശം 75 ശതമാനം കുറഞ്ഞതായാണ് പരിസ്ഥിതി എഞ്ചിനീയര്‍മാര്‍ കണക്കാക്കുന്നത്. ബോധവല്‍ക്കരണത്തിനുള്ള ബോര്‍ഡുകള്‍ക്ക് പുറമേ ഗുരുസാമിമാരോട് അഭ്യര്‍ത്ഥനയായി ഈ നിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് പോലീസ് അറിയിക്കുകയും ചെയ്തിരുന്നു. പ്ലാസ്റ്റിക് ബോട്ടിലുകള്‍, കാരിബാഗുകള്‍ എന്നിവ പമ്പയിലും ശബരിമലയിലും ഉപേക്ഷിക്കുന്ന പ്രവണതയും തീരെ കുറഞ്ഞുവരുന്നുണ്ട്. ഗ്രീന്‍ പ്രോട്ടോക്കോള്‍ പ്രകാരം പൂര്‍ണമായും സ്റ്റീല്‍ പാത്രങ്ങളാണ് ഇവിടുത്തെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതും ഭക്തര്‍ കൊണ്ടുവരുന്നതും. പ്ലാസ്റ്റിക് നിരോധിച്ചുകൊണ്ട് കഴിഞ്ഞ ഫെബ്രുവരി ഒന്നിന് ഹൈക്കോടതി ദേവസ്വം ബഞ്ച് ഉത്തരവ് ഇറക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: