തിരുവല്ല: സംസ്ഥാന പാതയായി വികസിപ്പിക്കുന്ന തിരുവല്ല-അമ്പലപ്പുഴ റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാകുന്നു. അമ്പലപ്പുഴ മുതല്‍ പൊടിയാടിവരെയുള്ള ഭാഗമാണ് ആധുനിക രീതിയില്‍ പുനര്‍നിര്‍മ്മിക്കുന്നത്. 22.56 കിലോമീറ്റര്‍ ദൂരം 62 കോടി രൂപ ചിലവിട്ടാണ് പുനര്‍ നിര്‍മ്മിക്കുന്നത്. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ആറുമാസംകൊണ്ട് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കരുതുന്നത്. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഊരാളുങ്കല്‍ ലേബര്‍ സഹകരണ സംഘത്തിന്റെ നേതൃത്വത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
അമ്പപ്പുഴ-മുതല്‍ പൊടിയാടി വരെയുള്ള ഭാഗത്തെ കുഴിയില്‍ അടച്ച് റോഡ് നിരപ്പാക്കുന്ന പണികള്‍ ആണ് ഇപ്പോള്‍ നടന്നു വരുന്നത്. ബുറ്റുമിനസ്മെക്കായം, ബിറ്റുമിനിസ കോണ്‍ക്രീറ്റ് എന്നിവ ഉപയോഗിച്ചാണ് നിര്‍മ്മാണം. ഈ റോഡിന്റെ പരിധിയില്‍ വരുന്ന ആറ് പ്രധാന ജംഗ്ഷനുകള്‍ ആധുനിക രീതിയില്‍ നവീകരിക്കുന്നതും നിര്‍മ്മാണം പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പടുന്നുണ്ട്. പൊടിയാടി ചക്കുളത്തുകാവ്, തലവടി, എടത്വ, തകഴി, അമ്പലപ്പുഴ ക്ഷേത്രത്തിന്റെ പടിഞ്ഞാറേനട എന്നിവയാണ് നവീകരിക്കപ്പെടുന്ന ഇടങ്ങള്‍ കോടികള്‍ മുടക്കി നിരവധി തവണ നവീകരിച്ച അമ്പലപ്പുഴ-തിരുവല്ല പാത തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് നാളുകളായി. അടുത്തകാലത്ത് ജപ്പാന് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ചക്കുളം മുതല്‍ അമ്പലപ്പുഴ വരെയുള്ള ഭാഗങ്ങള്‍ പൈപ്പ് സ്ഥാപിക്കാന്‍ കുഴി എടുത്തതിനെ തുടര്‍ന്ന് പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. ഇടക്കാലത്ത് എടത്വ മുതല്‍ പൊടിയാടി വരെ കെഎസ്ആര്‍ടി സി സര്‍വ്വീസുകള്‍ക്ക് ഇല്ലാത്ത അവസ്ഥയും ഉണ്ടായി.
റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് മാധ്യമങ്ങളും ബിജെപി അടക്കമുള്ള രാഷ്ട്രീയ പ്രസ്ഥാനങ്ങളും നടത്തിയ ഇടപെടലിനെ തുടര്‍ന്നാണ് ഇപ്പോള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലായത്. ഡിസംബര്‍ 12 ന് നടക്കുന്ന ചക്കുളത്തുകാവ് പൊങ്കാലയ്ക്ക് മുമ്പേ തന്നെ റോഡിലെ കുഴികള്‍ പൂര്‍ണ്ണമായി അടച്ച് നിരപ്പാക്കുന്ന പണികള്‍ പൂര്‍ത്തിയാക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. നിലവില്‍ ഏഴുമീറ്റര്‍ മാത്രം വീതിയുള്ള റോഡ് നവീകരണം പൂര്‍ത്തിയാകുമ്പോള്‍ ഒമ്പത് മീറ്റര്‍ ആയിമാറും വിധത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്. പൊടിയാടി മുതല്‍ അമ്പലപ്പുഴ വരെയുള്ള ഭാഗത്ത് ആറിടങ്ങളിലായിട്ടാണ് പണി ആരംഭിച്ചിട്ടുള്ളത്. അമ്പലപ്പുഴ ശ്രീകൃഷ്ണക്ഷേത്രം, എടത്വാ പള്ളി, ചക്കുളത്തുകാവ് ദേവീക്ഷേത്രം എന്നീ പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കുള്ള പാതകൂടിയായതിനാല്‍ എത്രയും വേഗത്തില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികാരികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: