കൊട്ടാരക്കര: പിക്കപ്പ് വാന്‍ ഇടിച്ച് പ്രഭാതസവാരിയ്‌ക്ക് ഇറങ്ങിയ ഒരു സ്ത്രീ മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ ഡ്രൈവറേയും സഹായിയേയും പോലീസ് അറസ്റ്റ് ചെയ്തു. പോരുവഴി ഇടയ്‌ക്കാട് ജിഷാസദനത്തില്‍ കിഷോര്‍, സഹായി പതാരം ബിജുഭവനില്‍ ബിജു എന്നിവരാണ് അറസ്റ്റിലായത്. നരഹത്യക്കാണ് കേസ്. കൊട്ടാരക്കര-അവണൂര്‍ ഭാഗത്തേക്കു പതിവു പ്രഭാതനടത്തത്തിന് ഇറങ്ങിയ സ്ത്രീകള്‍ക്കിടയിലേയ്‌ക്ക് അമിതവേഗത്തില്‍ എതിരെ വന്ന സ്വകാര്യ പാല്‍വണ്ടി ഇടിച്ചുകയറുകയായിരുന്നു. വാഹനത്തിന്റെ അമിതവേഗം കണ്ട് മറ്റുള്ളവരോടു മാറാന്‍ പറയും മുന്‍പേ ലതികയേയും മിലിയേയും വണ്ടി ഇടിച്ചു തെറിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുപോയ ലതികയെ സമീപത്തെ കൈത്തോട്ടില്‍ നിന്നാണു കണ്ടെടുത്തത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. ഗുരുതരമായി പരുക്കേറ്റ മിലികൃഷ്ണന്‍ തിരുവനന്തപുരത്തെ സ്വകാര്യആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റു രണ്ടുപേരും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും ചികിത്സയിലാണ്. പ്രതികളെ കൊട്ടാരക്കര ജുഡീഷ്യല്‍ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്റ്‌ചെയ്തു.
















