തൃശൂര്‍: സംസ്ഥാനത്ത് ഏറ്റവും വലിയ കള്ളപ്പണശേഖരമുള്ളത് സിപിഎമ്മിന്റെ കയ്യിലാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം വി.മുരളീധരന്. കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളെക്കാള്‍ സമ്പന്നമാണ് സിപിഎം. ഈ സാമ്പത്തിക സാമ്രാജ്യം കെട്ടിപ്പടുത്തത് കള്ളപ്പണ മാഫിയയുടെ സഹായത്തോടെയാണ്. പാവപ്പെട്ടവരുടെ പാര്‍ട്ടി എന്ന മുദ്രാവാക്യം ജനങ്ങളെ കബളിപ്പിക്കാന്‍ മാത്രമുള്ളതാണ്. കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന സാമ്പത്തിക പരിഷ്കരണ ശ്രമങ്ങളെ അട്ടിമറിക്കാന്‍ സിപിഎം ശ്രമിക്കുന്നതും ഈ കള്ളപ്പണ മാഫിയയെ സംരക്ഷിക്കാന്‍ വേണ്ടിയാണ്.
സഹകരണബാങ്കുകളില്‍ പരിശോധന നടത്തുന്നതിന് തടസ്സമില്ലെന്ന മുഖ്യമന്ത്രി പിണറായിയുടെ പ്രസ്താവന കാപട്യമാണ്. നേരത്തെ സഹകരണ ബാങ്കുകളില്‍ പരിശോധനക്കെത്തിയ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരെ തടയുകയും ആക്രമിക്കുകയും ചെയ്തത് സിപിഎം നേതാക്കളും പ്രവര്‍ത്തകരുമാണ്. ഇന്നലെവരെ ആദായനികുതിവകുപ്പിന്റെ പരിശോധനകള്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു സിപിഎം. ഇപ്പോള്‍ പിണറായി ജനങ്ങളെ പറ്റിക്കാന്‍ വേണ്ടിയാണ് നിലപാട് മാറ്റിയതായി നടിക്കുന്നത്. മുരളീധരന് കുറ്റപ്പെടുത്തി.
രാജ്യത്തെ സാധാരണ ജനങ്ങളെ കാര്‍ന്നുതിന്നുന്ന കള്ളപ്പണത്തിനെതിരായ പോരാട്ടത്തില്‍ ബിജെപി ഒരു വിട്ടുവീഴ്ചക്കും തയ്യാറല്ലെന്നും മുരളീധരന് പറഞ്ഞു. വിദ്യാര്‍ത്ഥി കോര്‍ണറില്‍ കെ.ടി.ജയകൃഷ്ണന്‍മാസ്റ്റര്‍ അനുസ്മരണ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ മുന്നിലിട്ട് കെ.ടി.ജയകൃഷ്ണന്മാസ്റ്ററെ അരുംകൊല ചെയ്ത സംഭവം ലോകചരിത്രത്തില്‍ത്തന്നെ സമാനതകളില്ലാത്ത ക്രൂരതയാണ്. സിപിഎം നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു ഈ കൊലപാതകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: