വടകര: വടകര താഴെഅങ്ങാടിയിലെ കെഎസ്ആര്‍ടി.സി ഡിപ്പോ നിര്‍മ്മാണത്തില്‍ അഴിമതി നടത്തിയെന്ന സ്വകാര്യ വ്യക്തിയുടെ പരാതിയെ തുടര്‍ന്ന് വിജലന്‍സ് ആന്വേഷണം ആരംഭിച്ചു. ഇന്നലെയാണ് കോഴിക്കോട് വിജിലന്‍സ് സി.ഐ കെ.സി സുഭാഷ് ബാബുവും സംഘവും സെന്ററിലെത്തി പരിശോധന നടത്തിയത്. പ്രാഥമിക തെളിവെടുപ്പില്‍ നിര്‍മ്മാണം സംബന്ധിച്ചുള്ള ഫയലുകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തിരുന്നു. ഇത് പരിശോധിച്ചതിന് ശേഷമാണ് അന്വേഷണം നടത്താന്‍ തീരുമാനിച്ചത്.
വടകര എംഎല്‍എ സി.കെ നാണുവിന്റെ എംഎല്‍എ ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ വകയിരുത്തി 2013ലായിരുന്നു ഡിപ്പോ നിര്‍മ്മാണത്തിനായി തറക്കല്ലിട്ടത്. തുടര്‍ന്ന് 2015ല്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ഉദ്ഘാടനവും നടത്തി. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞ അന്ന് മുതല്‍ നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നിരുന്നു.
അമ്പത് ലക്ഷം രൂപ ചെലവില്‍ സ്ഥലത്ത് ആകെ നിര്‍മ്മിച്ചത് ബസ് ഓപ്പറേറ്റ് ചെയ്യാവുന്ന ഷീറ്റിട്ട മൂന്ന് ഭാഗം കെട്ടിയ ഷെഡും, പിന്നെ രണ്ടിടത്തായി ചുറ്റുമതിലുമാണ്. സംഭവത്തില്‍ എം.എല്‍.എ സി.കെ നാണുവിന്റെ പരാതി പ്രകാരം ആഴ്ചകള്‍ക്ക് മുമ്പ് ധനകാര്യ വകുപ്പിലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഡിപ്പോയിലെത്തി ഫയലുകള്‍ പരിശോധിച്ചിരുന്നു. പരിശോധനയില്‍ 30 ലക്ഷം രൂപയുടെ നിര്‍മ്മാണ ബില്ല് കണ്ടെടുക്കുകയും ബാക്കി തുകയെ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നുമാണ് അറിയിച്ചത്.
ഡിപ്പോ വരുന്നതിനായി യുഡിഎഫ് ഭരണകാലത്ത് പ്രദേശത്തെ ചില കോണ്‍ഗ്രസ് നേതാക്കളായിരുന്നു മുന്നില്‍ നിന്ന് പ്രവര്‍ത്തിച്ചത്. ഇന്നലെ നടത്തിയ പരിശോധനയില്‍ സിവില്‍ വര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ ഇലക്ട്രിക്കല്‍ വര്‍ക്ക് തുടങ്ങിയവയെ കുറിച്ച് അതാത് വകുപ്പ് മേധാവികളെ കൊണ്ട് പരിശോധന നടത്തിക്കുമെന്ന് വിജിലന്‍സ് സി.ഐ പറഞ്ഞു. ഇന്നലെ നടത്തിയ പരിശോധനയില്‍ സി.ഐയോടൊപ്പം പി.ഡബ്ല്യൂ.ഡി അസിസ്റ്റന്റ് എഞ്ചിനീയര്‍ ടി.പ്രശാന്ത്, സി.പി.ഒമാരായ പ്രവീണ്‍കുമാര്‍, പി.വിനോദ്കുമാര്‍ എന്നിവരുമുണ്ടായിരുന്നു.
















