കുട്ടനാട്: ഹര്‍ത്താല്‍ ദിനത്തില്‍ ജങ്കാര്‍ സര്‍വ്വീസ് ഇല്ലാതിരുന്നതിനാല്‍ പുഴ നീന്തിക്കടക്കുന്നതിനിടെ മുങ്ങിമരിച്ച യുവാവിന്റെ കുടുംബാംഗങ്ങളെ ബിജെപിസംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വീട്ടിലെത്തി ആശ്വസിപ്പിച്ചു. ചമ്പക്കുളം രണ്ടാം വാര്‍ഡില്‍ പുന്നക്കുന്നത്തുശേരി മണ്ണാരുപറമ്പില്‍ കുട്ടന്റെ മകന്‍ കലേഷ് (32)ആണ് മരിച്ചത്. അമ്മയ്‌ക്ക് മരുന്നുവാങ്ങാനായി പുളിങ്കുന്ന് ആറ് നീന്തിക്കടക്കുന്നതിനിടെ മുങ്ങിമരിക്കുകയായിരുന്നു. ജങ്കാര്‍ ഹര്‍ത്താല്‍ അനുകൂലികള്‍ പിടിച്ചുകെട്ടിയിട്ടതിനാലാണ് സര്‍വ്വീസ് മുടങ്ങിയത്.
ഇന്നലെ ഉച്ചയ്‌ക്കുശേഷമാണ് കുമ്മനം രാജശേഖരന്‍ വീട്ടിലെത്തി മാതാപിതാക്കളായ കുട്ടനെയും അമ്മിണിയെയും ആശ്വസിപ്പിച്ചത്. ജില്ലാ പ്രസിഡന്റ് കെ. സോമന്‍. വൈസ് പ്രസിഡന്റ് ടി.കെ. വാസുദേവന്‍, കുട്ടനാട് മണ്ഡലം പ്രസിഡന്റ് ഡി. പ്രസന്നകുമാര്‍, സംസ്ഥാന സമിതിയംഗം എം.ആര്‍. സജീവ്, സി.എന്‍. ജിനു, എ.വി. ഷിജു, ടി. ശ്രീജിത്ത്, മണിക്കുട്ടന്‍ ചേലേക്കാട്, കെ.ബി. ഷാജി എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
















