അതിജീവനം അത്ര വേഗത്തില്‍ സാധ്യമായ ഒന്നല്ല. കഠിനാധ്വാനം കൊണ്ടേ അത് സാധ്യമാവൂ. ഒപ്പം പൊരുതാനുറച്ച മനസ്സും. അവര്‍ക്കുമുന്നില്‍ ഒന്നും പ്രതിബന്ധമാവില്ല. തൊഴിലെടുക്കുന്ന മേഖല എന്തുതന്നെയായാലും അവിടെ കഴിവ് തെളിയിക്കുക എന്നതാണ് പ്രധാനം. കാര്‍ഷിക മേഖലയില്‍ തൊഴിലെടുക്കുന്നവരാണ് ഇന്ന് ഏറെ പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നത്.
ലോകബാങ്കിന്റെ കണക്കനുസരിച്ച് 43 ശതമാനം ഗ്രാമീണ സ്ത്രീകളാണ് കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നത്. ലോക ജനതയ്ക്ക് ആവശ്യമായ ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിക്കുന്നതില്‍ ഇവര്‍ വഹിക്കുന്ന പങ്ക് ചെറുതല്ല. ദാരിദ്രവും വിശപ്പും അകറ്റുന്നതിനും, പരിസ്ഥിതി സംരക്ഷിക്കുന്നതിനും എല്ലാം സ്ത്രീ ശാക്തീകരണം ആവശ്യമാണ്. സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായി ഒരു കാലത്ത് നിലനിന്നിരുന്ന കാര്‍ഷിക മേഖലയില്‍ ജോലി ചെയ്ത് ജീവിതത്തിന്റെ ഗതി മാറ്റിയ വനിതകളാണ് റിത കാമിലയും പത്മ ബായിയും മേഡക്കിലെ കര്‍ഷക സ്ത്രീകളും.
കാലാവസ്ഥ വ്യതിയാനത്തിന് പേരുകേട്ട സുന്ദര്‍ബനിലാണ് റിത കാമിലയുടെ വാസം. മികച്ച കര്‍ഷകയെന്ന പേര് നേടിയ റിത, തനിക്കും കുടുംബത്തിനും ആവശ്യമായ പച്ചക്കറിയെല്ലാം സ്വന്തമായി ഉത്പാദിപ്പിക്കുകയാണ് പതിവ്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഓര്‍ഗാനിക് കൃഷിയിലാണ് താല്പര്യം. വ്യത്യസ്തയിനം ധാന്യവിളകളാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. കൃഷി മാത്രമല്ല വളര്‍ത്തുമൃഗ പരിപാലനവും മത്സ്യകൃഷിയുമുണ്ട്. കൂടാതെ ജൈവ അവശിഷ്ടങ്ങള്‍ കൂടുതല്‍ ഉപയോഗപ്രദമാക്കുന്നതിനായി ബയോ ഗ്യാസ് പ്ലാന്റും സ്ഥാപിച്ചിട്ടുണ്ട്.
തെലങ്കാനയിലെ പട്ടേല്‍ഗുഡ ഗ്രാമത്തിലെ, ഗ്രാമമുഖ്യയാണ് പത്മ ബായ് (37). ഇവിടുത്തെ എട്ടോളം ഗ്രാമങ്ങളിലായി 2,000 ത്തിലേറെ കര്‍ഷകരാണുള്ളത്. ഗിരിജന്‍ കുടുംബാംഗമായ പത്മ, തന്റെ മുന്നേക്കര്‍ ഭൂമിയില്‍ പരുത്തി, എണ്ണക്കുരു, ധാന്യങ്ങള്‍ എന്നിവയാണ് ഉത്പാദിപ്പിക്കുന്നത്. 2013 ലാണ് 30,000 രൂപ ഫെയര്‍ ട്രേഡ് പ്രീമിയം കമ്മറ്റിയില്‍ നിന്ന് വായ്പയെടുക്കുന്നത്. ഇതുപയോഗിച്ച് കാര്‍ഷിക ഉപകരണങ്ങള്‍ വാടകയ്ക്ക് നല്കുന്ന ഹൈറിങ് സെന്റര്‍ സ്ഥാപിച്ചു. കാര്‍ഷിക ഉപകരണങ്ങള്‍ സ്വന്തമായിട്ടില്ലാത്ത പാവപ്പെട്ട കര്‍ഷകര്‍ക്ക് മിതമായ നിരക്കില്‍ ഈ ഉപകരണങ്ങള്‍ വാടകയ്ക്ക് നല്‍കും.
ഈ തുക ഉപയോഗിച്ച് രണ്ട് റോഡുകളാണ് കോണ്‍ക്രീറ്റ് ചെയ്തത്. സര്‍ക്കാര്‍ ഫണ്ടുകള്‍ ഉപയോഗിച്ച് മഴവെള്ള സംഭരണികള്‍ നിര്‍മിക്കുന്നതിനുള്ള അനുമതിയും അവര്‍ നേടിയെടുത്തു. പത്മ ബായിക്ക് പൂര്‍ണ പിന്തുണയുമായി ഭര്‍ത്താവ് അത്രം രാജേശ്വറും ഒപ്പമുണ്ട്. തെലങ്കാനയിലെ മെഡാക് ജില്ലയിലെ കര്‍ഷക സ്ത്രീകള്‍ക്ക് പറയാനുള്ളത് കൂട്ടായ പരിശ്രമം നേടിക്കൊടുത്ത അഭിവൃദ്ധിയെക്കുറിച്ചാണ്. മഹാരാഷ്ട്രയിലെ വിദര്‍ഭയിലുള്ള കര്‍ഷകര്‍ക്ക് മികച്ച കൃഷി രീതികള്‍ പഠിപ്പിച്ചുകൊടുക്കുകയാണ് മെഡാക്കിലെ വനിതാ കര്‍ഷകര്‍. ദരിദ്രരില്‍ ദരിദ്രരായ ഈ ഗ്രാമീണ സ്ത്രീകളുടെ ജീവിതം മാറ്റിമറിച്ചത് ഡെക്കാണ് ഡെവലപ്മെന്റ് സൊസൈറ്റിയുടെ ഗ്രാമീണതല വനിതാ സംഘങ്ങളായിരുന്നു. കൃഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പരിഹരിക്കുക മാത്രമല്ല, നൂതനവും പരിസ്ഥിത സൗഹൃദമായ മാര്‍ഗ്ഗങ്ങളില്‍ കൂടി അധിക വരുമാനം നേടുകയും ചെയ്തു.
പരമ്പരാഗത രീതിയില്‍ വിത്തുകള്‍ സംരക്ഷിക്കുകയും ഗ്രാമീണര്‍ക്കിടയില്‍ പരസ്പരം കൈമാറുകയും ചെയ്തു. ഇതിനായി അവര്‍ വിത്തുകളുടെ ഒരു ബാങ്ക് തന്നെ രൂപീകരിച്ചു. ഗ്രാമങ്ങള്‍ തോറും ചെന്ന് ജൈവകൃഷി രീതിയെക്കുറിച്ച് പഠിപ്പിച്ചു. വനിതാ കൂട്ടായ്്മയില്‍ ജൈവ കൃഷി രീതി, ഉത്കൃഷ്ടമായ വിത്തുകള്‍, മികച്ച കൃഷി രീതി എന്നിവയെക്കുറിച്ചുള്ള ഡോക്യുമെന്ററികള്‍ തയ്യാറാക്കി. ലോകമെമ്പാടും അവ പ്രദര്‍ശിപ്പിച്ചു. സംഘം കമ്യൂണിറ്റി റേഡിയോ പുറത്തിറക്കി.
ഗ്രാമീണ മേഖലകളില്‍ സുസ്ഥിര വികസനം കൊണ്ടുവരുന്നതില്‍ സ്ത്രീകള്‍ക്കുള്ള പങ്ക് ചെറുതല്ല എന്നാണ് ഈ വനിതകള്‍ തെളിയിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: