ചിറ്റാരിക്കാല്‍: മാവോയിസ്റ്റ് അക്രമ ഭീഷണി കാരണം ദക്ഷിണ കര്‍ണാടകയോട് ചേര്‍ന്ന കേരളത്തിലെ മലയോര ഗ്രാമങ്ങളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. നിലമ്പൂരില്‍ രണ്ട് മാവോയിസ്റ്റുകളെ പോലീസ് വെടിവെച്ചു കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സുരക്ഷ ശക്തമാക്കിയത്. കേരള കര്‍ണാടക വനാതിര്‍ത്തിയിലെ സ്റ്റേഷനുകളായ ചിറ്റാരിക്കാല്‍, വെള്ളരിക്കുണ്ട്, രാജപുരം, ആദൂര്‍, ബേഡകം, മഞ്ചേശ്വരം, അമ്പലത്തറ സ്റ്റേഷനുകളിലെ അതിര്‍ത്തി മേഖലയിലാണ് പോലീസ് കാവല്‍ ശക്തമാക്കിയത്.
പാണത്തൂര്‍ വനമേഖലയില്‍ നേരത്തെ കര്‍ണാടകയില്‍ നിന്നും ചേക്കേറിയ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നുവെന്ന് സ്ഥിരീകരിച്ചിരുന്നു. ഇതിനെതുടര്‍ന്ന് അതിര്‍ത്തി വനമേഖലയില്‍ തണ്ടര്‍ബോള്‍ട്ട് ഉള്‍പ്പെടെയുള്ള സായുധസേന ദിവസങ്ങളോളം തിരച്ചില്‍ നടത്തിയിരുന്നു. ഇപ്പോള്‍ നിലമ്പൂരിലുണ്ടായ പ്രശ്നത്തിന്റെ പേരില്‍ ഈ മേഖലയില്‍ എന്തെങ്കിലും തരത്തിലുള്ള തിരിച്ചടികളുണ്ടാവുമെന്ന സൂചനയാണ് പോലീസ് നടപടി കര്‍ശനമാക്കിയതിന് പിന്നില്‍.
ദക്ഷിണ കര്‍ണാടകയിലെ വനപ്രദേശങ്ങള്‍ മാവോയിസ്റ്റുകളുടെ താവളങ്ങളാണ്. പോലീസ് നടപടിയുണ്ടാകുമ്പോള്‍ ഇവിടങ്ങളില്‍ നിന്ന് മാവോയിസ്റ്റുകള്‍ രക്ഷപ്പെടാറുള്ളത് കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമങ്ങളിലുള്ള വനപ്രദേശങ്ങളിലേക്കാണ്. മാസങ്ങള്‍ക്കു മുമ്പ് ജില്ലയിലെ വനമേഖലകളില്‍ തമ്പടിച്ച മാവോയിസ്റ്റുകള്‍ക്ക് വേണ്ടി പോലീസ് തിരച്ചില്‍ നടത്തിയിരുന്നു. റാണിപുരത്ത് മാവോയിസ്റ്റുകളുണ്ടെന്ന സൂചനയെ തുടര്‍ന്ന് ഈയിടെ വനത്തില്‍ പരക്കെ തിരച്ചില്‍ നടത്തിയതാണ്. മലയോര മേഖലകളില്‍ നിരവധി ആദിവാസി കോളനികളുള്ളതിനാല് ഇവിടങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം ഉണ്ടാകാറുണ്ട്. ആദിവാസികളെ മറയാക്കി പ്രവര്‍ത്തനം സജീവമാക്കാനുള്ള ഇവരുടെ നീക്കങ്ങള്‍ക്കെതിരെ കോളനികള്‍ കേന്ദ്രീകരിച്ച് പോലീസ് ബോധവല്‍ക്കരണ ക്ലാസുകളും മറ്റും നടത്തിയിരുന്നു. തായന്നൂര്‍, കാലിച്ചാനടുക്കം തുടങ്ങിയ പ്രദേശങ്ങളിലെ ആദിവാസി കേന്ദ്രങ്ങളില്‍ നടന്ന രഹസ്യ യോഗങ്ങളില്‍ പ്രമുഖ മാവോയിസ്റ്റ് നേതാക്കള്‍ പങ്കെടുത്തതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. പാലക്കാട്ട് നടന്ന മാവോയിസ്റ്റ് സമ്മേളനത്തിലും ജില്ലയില്‍ നിന്ന് നിരവധി പേര് പങ്കെടുത്തതായി രഹസ്യാന്വേഷണ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: