ചെങ്ങന്നൂര്‍: ഫോര്‍മാലിന്‍ അടക്കമുള്ള രാസവസ്തുക്കള്‍ ചേര്‍ത്ത് മത്സ്യവില്‍പ്പന നടത്തുന്നതായി റിപ്പോര്‍ട്ട്. ചെങ്ങന്നൂര്‍ ആര്‍ഡിഒ എ. ഗോപകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ഭക്ഷ്യോപദേശക ജാഗ്രതാ സമിതി യോഗത്തിലാണ് ഭക്ഷ്യവകുപ്പ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇതിനെതിരെ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്നും വകുപ്പ് മുന്നറിയിപ്പ് നല്‍കി.താലൂക്കിന്റെ വിവിധ പ്രദേശങ്ങളില്‍ ഇത്തരത്തിലുള്ള വില്‍പ്പന വ്യാപകമാകുന്നുണ്ട്.
ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു. ചെങ്ങന്നൂര്‍ റെയില്‍വേസ്റ്റേഷന്‍ പരിസരത്ത് അയല്‍ സംസ്ഥാന തീര്‍ത്ഥാടകരെ ലക്ഷ്യംവെച്ച് മായം കലര്‍ന്ന വെളിച്ചെണ്ണയും ഭക്ഷണ പദാര്‍ഥങ്ങളും വില്‍പ്പന നടത്തുന്നതായും, വൃത്തിഹീനമായ അന്തരീക്ഷത്തില്‍ ഭക്ഷണം തയ്യാറാക്കുന്നുണ്ടന്നും തുടങ്ങി നിരവധി പരാതികളും യോഗത്തില്‍ ഉയര്‍ന്നു. ക്രമക്കേട് ശ്രദ്ധയില്‍പ്പെട്ടാല്‍ ലൈസന്‍സ് റദ്ദാക്കുന്നതുള്‍പ്പെടെ ശക്തമായ നടപടികള്‍ സ്വീകരിക്കാന്‍ യോഗം തീരുമാനിച്ചു.
ഹോട്ടലുകളില്‍ വിലവിവരം എഴുതി പ്രദര്‍ശിപ്പിക്കല്‍, പൈപ്പ് വെള്ളത്തിലെയും മറ്റ് ജലസ്രോതസ്സുകളിലെയും കോളിഫാം ബാക്റ്റീരിയയുടെ അളവ് കുറയ്‌ക്കല്‍ എന്നിവയ്‌ക്കും ശബരിമല തീര്‍ത്ഥാടക ചൂഷണം ചെയ്യുന്നത് തടയാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും തീരുമാനമാനിച്ചതായി താലൂക്ക് സപ്ലൈ ഓഫീസര്‍ ബി.എസ്. പ്രകാശ് അറിയിച്ചു.















